Monday, April 11, 2022

                                                    നിലാവെളിച്ചം ..

ഇന്ന് ചാച്ചി 78 ന്റെ നിറവിലേക് കടക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും പഠിപ്പിച്ച വിദ്യാർത്ഥികളും എല്ലാം ആശംസകൾ നേരാൻ രാവിലെ മുതൽ whatsapppil ക്യൂവിലാണ്. ചാച്ചി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇതൊക്കെ കാണുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

പക്ഷെ ഞാൻ ഇന്ന് എഴുതുവാൻ ആഗ്രഹിക്കുന്നത്, എന്റെ പ്രിയപ്പെട്ട ചാച്ചനെ കുറിച്ചാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു ചാച്ചന്റെ പിറന്നാൾ. ചാച്ചൻ 83 കഴിഞ്ഞു. ആയിരം പൂർണ ചന്ദ്രനെ കണ്ട പുണ്യം , എല്ലാർകുമോന്ന്നും അത്രെയെളുപ്പം നേടാവുന്നതല്ല ഇത്. അല്ലേലും ചാച്ചിയെക്കുറിച്ചു പറഞ്ഞാൽ ചാച്ചനെക്കുറിച്ചു പറയണം , തിരുമേനിയെക്കുറിച്ചും പറയണം. ഈ മൂന്നുപേരും , സഹോദരങ്ങളേക്കാളുപരി ഇഴപിരിയാത്ത സയാമീസ് ഇരട്ടകളെ പോലെയാണ്. മൂന്നു പേരുടെയും ജീവിത പന്ഥാവും ഉദ്ദേശ്യലക്ഷ്യങ്ങളും വ്യത്യാസം ഉണ്ടെങ്കിലും , അടിസ്ഥാനപരമായി, ഒരേ സാമൂഹിക അടിത്തറയാണ് മൂവർക്കും . കരുണ, കരുതൽ, സ്നേഹം ഇതൊക്കെയാണ് മൂവരേം മുന്നോട്ടു നയിച്ചിരുന്ന, നയിക്കുന്ന ജീവിത ഘടകം. അത് കൊണ്ട് തന്നെ , മൂവരും തമ്മിൽ കാതലായ സംഘര്ഷങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ കണ്ടിട്ടില്ല. ഒന്ന് ഒന്നിനോട് സമരസപ്പെട്ട് , മൂന്നു അരുവികൾ അലിഞ്ഞു ഒരു വലിയ പുഴയായി , അവരങ്ങനെ ഒഴുകുകയാണ്. മൂവരിൽ തിരുമേനി കാലയവനികയിൽ മറഞ്ഞെങ്കിലും , ആ ആശയങ്ങളും സ്നേഹവും കരുതലും, ഇന്നും പ്രസക്തമായി , നമ്മുടെ ഇടയിലൂടെ അനർഗ്ഗളമായി ഒഴുകുകയാണ്.

വീണ്ടും ചാച്ചനിലേക്കു വരാം. ചാച്ചനെക്കുറിച്ചുള്ള, എന്റെ ഓർമകൾ തെളിയുമ്പോൾ, ചാച്ചന് ഇന്നത്തെ എന്റെ പ്രായം ആണ്, ഏകദേശം, 40 വർഷങ്ങൾ പിറകോട്ടു പോയാൽ. അത് ഒരു കൗതുകകരമായ താരതമ്യ, ആണ്, അന്നത്തെ 43 കാരൻ ആയ ചാച്ചനും ഇന്നത്തെ 43 കാരൻ ആയ ഞാനും തമ്മിൽ ഒരു സാമ്യവും ഉണ്ടാവാൻ ഇടയില്ല. ജീവിത സാഹചര്യങ്ങളും,അനുഭവങ്ങളും , ഒരു സാമ്യവുമില്ല. എങ്കിലും ഒരു കാര്യത്തിൽ ഞാങ്ങ്ൾ ഒരേ ചിന്താഗതിക്കാരായിരിക്കും. ഒരു മധ്യവയസ്കന്റെ  ആകുലതകളും, ആശങ്കകളും , തന്റെ കുഞ്ഞുങ്ങളെ കുറിച്ചുള്ള വിചാരധാരയും ഏകദേശം ഒരേപോലെയായിരിക്കും 

ആ കാലത്തിലെ , അതായതു 80 കളിലെ ചാച്ചനെക്കുറിച്ചുള്ള ചില ഓർമകിൽ ഏറ്റവും തെളിമയുള്ളതു , ഇവർ മൂവരും (ചാച്ചൻ, ചാച്ചി, തിരുമേനി ) കൂടെയുള്ള സംഭാഷണങ്ങൾ ആണ്. അതിലെ കാര്യങ്ങൾ ഓർമയില്ല എങ്കിലും, മൂവരും കൂടെ എന്റെ തറവാട് വീടിന്റെ നീളൻ വരാന്തയിൽ ഇരുന്നു വൈകുന്നേരങ്ങളിൽ, പ്രാർത്ഥന കഴിഞ്ഞു അത്താഴം കഴിക്കുന്നതിനു മുൻപോ ശേഷമോ ഉള്ള സമയങ്ങളിൽ, അന്നത്തെ സകല സംഭവങ്ങളും, കണ്ട ആളുകളെയും, പറഞ്ഞ കാര്യങ്ങളും, അടുത്ത നാളത്തെ കാര്യങ്ങളും ഒക്കെ ചർച്ച ചെയ്യുന്ന ഒരു രസകരമായ പ്രക്രിയ ഇപ്പോഴും മനസ്സിൽ വരുന്നു. വരാന്തയുടെ ഒരറ്റത്ത് തുടങ്ങുന്ന ചർച്ച, അവസാനിക്കുമ്പോഴേക്കും അങ്ങേയറ്റത്തെ എത്തിയിട്ടുണ്ടാവും . അത് കേട്ടിരിക്കുന്നത് എനിക്ക് വലിയ രസമുള്ള ഒരു കാര്യമായിരുന്നു. അവർ ചർച്ച ചെയ്യുന്ന കാര്യങ്ങളുടെ ആഴവും പരപ്പും ഒന്നും പിടികിട്ടിയിട്ടില്ല എങ്കിലും.മിക്കവാറും ദിവസങ്ങളിൽ തിരുമേനി (അന്ന് വൈദികനായിരുന്നു), എവിടെയെങ്കിലും ഒക്കെ യാത്ര ചെയ്തു ക്ഷീണിച്ചു വരുന്ന വരവാണെങ്കിലും, സഹോദരങ്ങളുമായി ഉള്ള ഈ ചർച്ച, അവർക്കു മൂവർക്കും ഒരു ജീവ വായു പോലെ ആയിരുന്നു. അന്ന് അപ്പച്ചനും ഉണ്ടായിരുന്നെങ്കിലും ഒരു തന്ത്ര പരമായ അകലം അപ്പച്ചൻ മക്കളിൽ നിന്നും പാലിച്ചിരുന്നു.  സ്വന്തമായി അഭിപ്രായങ്ങളും സ്വത്വ ബോധവും അഹം ചിന്തകളും ഉള്ള മിക്കവാറും വീടുകളിൽ നടക്കുന്ന പോലെ ഒരു സംഘർഷമോ പിണക്കമോ അവർ മൂവരും തമ്മിൽ ഇല്ലായിരുന്നു. തിരുമേനിയുടെ പരിണിത പ്രജ്ഞതയും ചാച്ചന്റെ സ്വാധീന വലയവും ചാച്ചിയുടെ നിസ്സംഗതയും പലപ്പോഴും പരസ്പര പൂരകങ്ങളായിരുന്നു.അവിടെ സംഘര്ഷങ്ങള്ക്കു സാധ്യത കുറവായിരുന്നു. എങ്കിലും അപ്പച്ചന്റെ അവസാന സമയങ്ങളിൽ മൂവരും മൂന്നു തലങ്ങളിൽ ആയിരുന്നു. അമ്മച്ചിയും ഉണ്ടായിരുന്നു. അമ്മച്ചി എല്ലാത്തിനും മൂക സാക്ഷിയായി ഇവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുമായിരുന്നു . അമ്മച്ചിയുടെ അവസാന സമയത്തിൽ,പൊട്ടിക്കരയുന്ന ചാച്ചനെയും, നിർവികാരനായി നിൽക്കുന്ന ചാച്ചിയെയും , തന്റെ മാതാവിനെ സമാധാനമായി ദൈവ സന്നിധിയിലേക്ക് അയക്കുക എന്നത് തന്റെ കടമാണെന്നു കരുതിയ തിരുമേനിയും ചേർന്നുള്ള ഒരു ഫോട്ടോ ഫ്രെയിം എന്റെ കുരുന്നു മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു കാഴ്ച ആയിരുന്നു. ചാച്ചൻ എന്നും അങ്ങനെ ആണ്, മനസ്സിൽ ഒന്നും ഒളിപ്പിക്കാൻ ഇല്ലാത്ത , നിഷ്കളങ്കമായി പ്രതിഫലിപ്പിക്കുന്ന ഒരു വ്യക്തിത്വം. 

പിന്നെ ഉള്ള എന്റെ ഓർമ , എന്റെ മാതൃ ഭവനത്തിലേക്കുളള എന്റെ യാത്രക്ക് മുൻപും തിരിച്ചു വന്നതിനു ശേഷമുള്ള ഞങ്ങളുടെ സംഭാഷണങ്ങൾ ആയിരുന്നു.'അമ്പാനെ' എന്ന് വിളിച്ചു എന്റെ അടുത്ത് വന്നു , പോയിട്ട് തിരിച്ചു വരുന്ന വരെയുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയും. പിന്നെ അതെല്ലാം കാണുന്നവരോടെല്ലാം പറയുകേം ചെയ്യും. അന്ന് ഞാൻ വിചാരിച്ചിരുന്നു, ചാച്ചൻ ഇതെന്തു ഭാവിച്ചാണ്?

പക്ഷെ എനിക്കറിയാം, വാത്സല്യത്തിന്റെ നിറവിൽ, ഒരു കുഞ്ഞിന്റെ ക്രീയേറ്റീവ് ചിന്താഗതിയെ ഉല്ബോധിപ്പിക്കുവാൻ ഉള്ള ബോധപൂർവമായ ഒരു ശ്രമം ആയിരുന്നു അത്.നമ്മളെല്ലാം കുഞ്ഞുങ്ങളോട് സംസാരിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗം , ചാച്ചൻ വളരെ ആയാസരഹിതമായി ഉപയോഗിച്ച് എന്ന് മാത്രം. 

90കളിലെ എനിക്കറിയാവുന്ന ചാച്ചൻ  സംഘർഷ ഭരിതനായിരുന്നു.  മക്കളുടെ വിദ്യാഭ്യാസം,കുടുംബ ജീവിതം, അപ്പച്ചന്റെ അവസാന കാലം , തിരുമേനിയുടെ പ്രയാസങ്ങൾ , ഭാവിയിലേക്കുള്ള കാഴ്ചകൾ, ഇതൊക്കെയും ചാച്ചന്റെ ആരോഗ്യത്തിൽ സാരമായ ആഘാതങ്ങൾ ഉണ്ടാക്കി. തന്റെ കാലം കഴിഞ്ഞു എന്ന് കരുതിയ ചില ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും അദ്ദേഹം ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ ഉയർന്നു വന്നു. സാമൂഹികവും സഭാപരവും ആയ കാര്യങ്ങളിൽ കൂടുതലായി ഇടപഴകുന്ന സമയവും ആയിരുന്നു. സ്വന്തം ഇടവക പള്ളിയിലുണ്ടായ ചില സംഭവങ്ങളും ചാച്ചന്റെ ആത്മ സംഘർഷങ്ങളെ വല്ലാതെ സ്വാധീനിച്ചു.എന്റെ കൗമാര കാലം മുഴുവനും ഇതൊക്കെ കണ്ടാണ് ഞാൻ വളര്ന്നത്. പക്ഷെ ഇതൊക്കെയാണെങ്കിലും , ഇവർ മൂവരും ചേർന്നുള്ള ചർച്ചകളും ചാച്ചന്റെ പ്രോസാഹന ങ്ങളും അഭംഗുരം തുടർന്ന് കൊണ്ടേയിരുന്നു.  മറ്റുള്ളവരെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുവാൻ ചാച്ചന് അന്നും ഇന്നും വളരെ ഇഷ്ടമാണ്.

2000 ആണ്ടിന് ശേഷമുള്ള കഴിഞ്ഞ 22 വർഷങ്ങൾ ചാച്ചനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ, അവധിക്കാലത്തെ ചുരുങ്ങിയ സമയങ്ങളിലെ സംഭാഷണങളായി കുറഞ്ഞെങ്കിലും അനുഭവങ്ങളിൽ അത് യാതൊരു കുറവും ഉണ്ടാക്കിയില്ല. ചാച്ചിയുമായി എന്റെ സംഭാഷണങ്ങളിൽ മിക്കവാറും നല്ല പങ്കു ചാച്ചനും തിരുമേനിക്കുമായി ഞങ്ങൾ നീക്കിവെക്കാറുണ്ട്.അത്രയും ആഴത്തിലാണ് മൂവർക്കും ഞങ്ങൾ മക്കളിൽ ഉള്ള സ്വാധീനം .മറ്റു മക്കൾക്കും അങ്ങനെ ആണെന്നാണ് എനിക്ക് തോന്നുന്നത്. 

കഴിഞ്ഞ ഇരുപതു വർഷങ്ങൾ ചാച്ചനെ സംബന്ധിച്ചു വാനപ്രസ്ഥത്തിന്റെ ശാന്തതയിലേക്കുള്ള പ്രയാണമായിരുന്നു . തിരുമേനിയുടെ വേർപാടോടെ അതിനുള്ള ആക്കം അല്പം കൂടി എന്ന് വേണം പറയാൻ . ആത്മീകയുടെ ഒരു തലത്തിൽ തിന്നും ,തന്റെ നാടിനെകുറിച്ചും ,വീടിനെകുറിച്ചും, പിന്നെ തന്റെ എല്ലാം എല്ലാം ആയ മൂത്ത സഹോദരനെ കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ എഴുതി. എഴുത്തിന്റെ സൗരഭ്യത്തിൽ തന്റെ ശാരീരിക അവശതകളും മറ്റും മറന്നു. ഈയടുത്ത നാളിൽ, നാട്ടിൽ അവധിക്കു പോയപ്പോൾകുറച്ചു  സമയം ചെലവഴിക്കുവാൻ ഭാഗ്യം ലഭിച്ചു . ജീവിത സായാഹ്നത്തിന്റെ പാകതയും ശാന്തതയും വാക്കുകളിൽ നിറയുന്നുണ്ടായിരുന്നെങ്കിലും യാത്ര പറഞ്ഞു പോയ സമയത്തെ നിറഞ്ഞൊഴുകിയ കണ്ണുകൾ, എന്നെ 35  വര്ഷം പിറകോട്ടു കൊണ്ടുപോയി. സ്വന്തം മാതാവിനെ യാത്രയാക്കിയപ്പോൾ പൊട്ടിക്കരഞ്ഞുപോയ അതെ മധ്യവയസ്‌കൻ, സഹോദര പുത്രനായ,അല്ല, മകനായ എന്നെയും കെട്ടിപിടിച്ചു നിന്ന് കരഞ്ഞു. ചാച്ചൻ അങ്ങനെയാണ്, അന്നും ഇന്നും , എന്നും . 

ചാച്ചനെക്കുറിച്ചു ഓർക്കുമ്പോൾ, എന്റെ മനസ്സിൽ വരുന്നത്, രാമായണത്തിലെ ലക്ഷ്മണനെ ആണ്. 

ശ്രീ രാമന്റെ നിഴലായി  ജീവിതം മുഴുവനും, പിന്നീട് ഇളയ സഹോദരന് രാജ്യ ഭരണം കൊടുത്ത ശേഷം ശ്രീ രാമൻ വീണ്ടും നാട് വിട്ടപ്പോൾ, കൂടെ ലക്ഷ്മണനും .. അപ്പോൾ വിമര്ശനാത്മകരമായി ചിന്തിച്ചാൽ, ലക്ഷ്മണൻ ശ്രീരാമനൊപ്പമോ അതിനേക്കാളുമോ ബഹുമാനവും അംഗീകാരവും അർഹിച്ചിരുന്നു , തന്റെ കഴിവിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നിട്ടും പലപ്പോഴും ലക്ഷ്മണനെ അംഗീകരിക്കുവാൻ പലർക്കും കഴിഞ്ഞിരുന്നില്ല. പലർക്കും മനസ്സിലായിരുന്നില്ല, അദ്ദേഹം എന്ത് മാത്രം ആഴത്തിൽ പ്രവർത്തിച്ചിരുന്നു എന്ന്. ചിലപ്പോഴെങ്കിലും ,ചാച്ചനെ ഞാൻ ഒരു ലക്ഷ്മണൻ ആയി കണ്ടിരുന്നു.ആത്മാർത്ഥമായി വളരെ കഠിനമായി പ്രവർത്തിച്ച പല കാര്യങ്ങളിലും ചാച്ചന് അതിന്റെ യഥാർത്ഥ പ്രതിഫലമോ അംഗീകാരമോ ലഭിച്ചിരുന്നുല്ല . എങ്കിലും പ്രതിഫലേച്ഛ കൂടാതെ തന്റെ കർമ്മ മണ്ഡലത്തിൽ വിരാജിക്കുന്നതിൽ ആയിരുന്നു ചാച്ചൻ ഉത്സാഹം കണ്ടിരുന്നത്. അത് തന്നെയാണ് ഇപ്പോഴും ചാച്ചനെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകം.

83 വസന്തങ്ങളുടെ നിറവിൽ ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടതിന്റെ പുണ്യത്തിൽ , എന്റെ പ്രിയപ്പെട്ട ചാച്ചന് കൂടുതൽ കൂടുതൽ സന്തോഷകരമായ, ആത്മിക നിറവുള്ള ശാന്തമായ സായാഹ്നങ്ങൾ ആസ്വദിക്കുവാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഇനിയും കൂടുതൽ ആഴത്തിൽ എഴുതുവാനും , അതുവഴി മനുഷ്യ മനസുകളെ സ്വാധീനിക്കുവാനും, വരും തലമുറയ്ക്ക് പ്രചോദനം ആയി തീരുവാൻ കഴിവുള്ള  തെളിമയാർന്നതുമായ ചിന്തകൾ നൽകുവാനും കഴിയട്ടെ എന്നും ആശംസിക്കുന്നു .

അതോടൊപ്പം 77 നിറയൗവനത്തിൽ ഇപ്പോഴും തുളുമ്പി നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ചാച്ചിക്കും ജന്മദിനാശംസകളും ... ഇരുവരും ഞങ്ങളുടെ കുടുംബത്തിലെ നിലാവെളിച്ചമായി പ്രകാശിക്കട്ടെ 

പ്രാർത്ഥനകളോടെ 

ബിജി 

Wednesday, March 9, 2022

                                                   വേർപാടിന്റെ വേദന

ദിലീപിന്റെ വേർപാട് എന്നിലുണ്ടാക്കിയ ഞടുക്കം വളരെ വലുതായിരുന്നു. ഒന്നോർത്തു നോക്കൂ, രക്ത ബന്ധമോ മറ്റു പ്രത്യേകിച്ച് കടപ്പാടുകളോ ഇല്ലാതിരുന്ന ഒരു വ്യക്തി, അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃ പടവും മനുഷ്യ സ്നേഹവും കൊണ്ട് എന്നെപ്പോലുള്ള വെറും ഒരു സാധാരണക്കാരനിൽ വളരെ സ്വാധീനം ചെലുത്തുക , എനിക്ക്  പ്രത്യേക പരിഗണനകൾ, എന്റെ തുടക്ക കാലത്തിലെ career വളർച്ചക്ക് വേണ്ടുന്ന സംഭാവനകൾ നൽകുകഎന്നിട്ടു പെട്ടെന്നൊരു ദിവസം ലോകത്തിൽ നിന്ന് അപ്രത്യക്ഷനാവുക. ഇതായിരുന്നു ദിലീപ് .

 

ഏകദേശം 20 -21  വര്ഷങ്ങള്ക്കു മുൻപാണ്  ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ചെന്നൈയിൽ പഠിക്കുമ്പോൾ, അവൻ അന്ന് ABN AMRO എന്ന ബാങ്കിൽ സോഫ്റ്റ്വെയർ consultant ആയി വന്നു. ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയുടെ ABN Technical represenative ആയിരുന്നു . ഞങ്ങളുടെ കൂടെയുള്ള രാജീവിന്റെ നാട്ടുകാരൻ ആയതിനാൽ സ്വാഭാവികമായും രാജീവ്, Kunhahammad , എബ്രഹാം , ജസ്വന്ത് എന്നിവരോടോപ്പോം ആയിരുന്നു ദിലീപിന്റെ താമസം. വളരെ പെട്ടെന്ന് തന്നെ അവൻ ഞങ്ങളുടെ എല്ലാ കൂട്ടുകാരുടെയും കൂട്ടുകാരൻ ആയി. അതിൽ അവസാനത്തെ ആളായിരുന്നു ഞാൻ എന്ന് വേണേൽ പറയാം. വളരെ നല്ല ഇടപെടലുകൾ, നല്ല ജോലി , നല്ല ശമ്പളം, ഇതൊക്കെ ഞങ്ങളെ എല്ല്ലാരേം ആകർഷിച്ചു എന്ന് വേണേൽ പറയാം. പിന്നീട് മറ്റുള്ളവരെല്ലാം ഓരോ വഴിക്കായപ്പോൾ ഞാനും ദിലീപിനോടൊപ്പം താമസം തുടങ്ങി. ഇതിനിടെയിൽ ABN  AMRO ബാങ്ക് എനിക്ക് ജോലി തന്നപ്പോൾ, ദിലീപിന്റെ recomendation വളരെ സഹായകമായി. അന്നത്തെ ഞങ്ങളുടെ ബാങ്ക് ഹെഡ് Sainath രാധാകൃഷ്ണന്റെ ക്യാബിനിൽ എപ്പോൾ വേണമെങ്കിലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ദിലീപിനുണ്ടായിരുന്നു.

 

പിന്നീട് വിവാഹം കഴിഞ്ഞു അവൻ ബാംഗ്ലൂരിലേക്ക് മടങ്ങി പോയി. അവിടെ Iflex (ഇപ്പൊ Oracle ) കമ്പനിയിൽ നല്ല ജോലി വാങ്ങിയപ്പോൾ, ഞാൻ വീണ്ടും പിറകെ കൂടി. എനിക്കൊരു ജോലി അവിടെയും തരപ്പെടുത്താമോ എന്ന് ചോദിച്ചു. വളരെ സന്തോഷത്തോടെ അവിടെയും അവൻ എന്നെ recommend ചെയ്തുഞാൻ final ഇന്റർവ്യൂ പാസ്സായില്ല. പക്ഷെ അന്ന് കോയമ്പത്തൂർ ICICIyil ജോലി ചെയ്യുകയായിരുന്ന എന്നെ ബാംഗ്ലൂരിൽ എത്തിച്ചു അവന്റെ വീട്ടിൽ താമസിപ്പിച്ചു , ഭക്ഷണവും തന്നു ഇന്റർവ്യൂവിനു വേണ്ടി prepare ചെയ്യിക്കാൻ അവൻ കഷ്ടപെട്ടതോർത്താൽ , സ്വന്തക്കാര് പോലും എന്നോട് ഇത്രയും കരുണ കാണിച്ചട്ടില്ല. അവനു പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ഒരു കാര്യമായിരുന്നു താനും. തന്റെ ജീവിത യാത്രയിൽ എങ്ങോ പരിചയപ്പെട്ട ഒരു സാധാരണക്കാരന് പയ്യനോട് കാണിച്ച മനുഷ്യത്വവും സൗഹൃദവും ആണ് ദിലീപ് എന്ന വ്യക്തിയെ ഒരു അസാധാരണക്കാരൻ ആക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെ ഒരു ഉന്നത നിലവാരം പുലർത്തുവാൻ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിനേക്കാളും എടുത്തു പറയേണ്ടുന്ന കാര്യം, ദിലീപ് വഴി മാത്രം എന്നെ പരിചയമുണ്ടായിരുന്ന അവന്റെ ഭാര്യ  സുജിത എനിക്ക്  ദിലീപ് തന്ന അതെ സൗഹൃദവും പരിഗണകളും തന്നിരുന്നു എന്നുള്ളതാണ്. ഒരു വിഷമവും കൂടാതെ എനിക്ക് ഭക്ഷണം തരുന്നതിലും, താമസം ഒരുക്കുന്നതിലും സുജിതയും പങ്കാളി ആയി. രണ്ടു വര്ഷങ്ങള്ക്കു ശേഷം എനിക്ക് വീണ്ടും ഒരു ജോലി വാങ്ങി തരുന്നതിൽ നിർണായക പങ്കു വഹിച്ചു. അപ്പോഴും കോയമ്പത്തൂരിൽ നിന്ന് ബാംഗ്ലൂരിൽ വരുന്നതിനുള്ള എല്ലാ സഹായവും ചെയ്തു തരികയും ചെയ്തു.

എന്റെ career മെച്ചപ്പെടുത്താനും  ഇപ്പോഴുള്ള ഒരു തലത്തിലേക്ക് കൊണ്ട് വരുവാനും വളരെ അധികം സഹായിച്ച ഒരു ജോലി ആയിരുന്നു അത്. ശെരിയാണ് , ജോലി ചെയ്തതൊക്കെ ഞാനാണ്, പക്ഷെ അതിനുള്ള സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ദിലീപിന്റെ പങ്കു ഒരു കാലത്തിലും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ വീണ്ടും വീണ്ടും ആലോചിക്കുന്ന വിഷയം, ദിലീപിന് എന്നെകൊണ്ട് പ്രയ്തേകിച് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല, എങ്കിലും എന്നെ കരുതുന്നതിൽ (എന്നെ മാത്രമല്ല). എന്നെ പോലുള്ള ധാരാളം ആളുകൾക്ക് ഇതുപോലെ ഒരുപാട് പറയാൻ ഉണ്ടാകും.

 

പിന്നീട് സോഫ്റ്റ്വെയർ ജോലി ഉപേക്ഷിച്ചു റിയൽ എസ്റ്റേറ്റ്  ബിസിനെസ്സിലേക്കു ഇറങ്ങിയപ്പോഴും അവൻ എനിക്ക് വേണ്ടി ഒരു കൈ ഇട്ടിരുന്നു. എന്നെ സംബന്ധിച്ചു അത് വിജയമായില്ല എങ്കിലും, മേഖലയിൽ ദിലീപ് നേടിയെടുത്ത പുരോഗതി അസൂയാവഹം ആയിരുന്നു. ചില തിരിച്ചടികൾ അവിടെ ഉണ്ടായിരുന്നെങ്കിലും , തന്റെ കോർപ്പറേറ്റ് management expertise മുഴുവനും നന്നായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഞാൻ അത്ഭുദത്തോടെയും അല്പം ആദരവോടെയും ഒക്കെ ആണ് ദിലീപിന്റെ ജീവിത വഴികളൊക്കെയും കണ്ടു നിന്നതു. ഏതു മേഖലയിൽ പ്രവർത്തിച്ചാലും, താൻ ഒരു best  പ്രോഡക്റ്റ് ആണ് എന്ന് കൂടെയുള്ളവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നു. മാത്രമല്ല , തട്ടിപ്പുകൾ ഏറെ നടക്കുന്ന ഒരു മേഖലയായിട്ടു  കൂടി, അവിടെ നല്ല സുതാര്യതയും വിശ്വാസ്യതയും വേണമെന്ന് ദിലീപിന് നിർബന്ധമായിരുന്നു.

 

ഒരുപ്പാട്നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്നു. ചിലരൊക്കെ മാറിപോയിക്കാണും , പക്ഷെ കൂടെയുള്ളവർക്ക് എന്നും അവനൊരു ആത്മവിശ്വാസമായിരുന്നു . 2016 ഇന് ശേഷം എനിക്ക് അവനോടു കൂടുതൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വിളിക്കാനും കഴിഞ്ഞില്ല.

 

കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചകൾ ആയി ഞാൻ ഒന്ന് വിളിയ്ക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവന്റെ ഒരു ബന്ധു അരുണിനോട് ഞാൻ linkedIn മെസ്സേജ് വഴി ചോദിച്ചു , ഫോൺ നമ്പർ കൺഫേം ചെയ്തു. വിളിക്കാം എന്ന് പറഞ്ഞു. പിന്നെയും രണ്ടു-മൂന്ന് ദിനം കഴിഞ്ഞു. അപ്പോഴാണ് അരുൺ വീണ്ടും മെസ്സേജ് അയച്ചത്. ദിലീപ് ഐസിയുവിൽ ആയിരിക്കുന്നു. ഒന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പക്ഷെ എല്ലാം വിഫലമാക്കികൊണ്ടു ഇന്ന് രാവിലെ അവൻ പോയി. ഒരു വലിയ ക്യാൻവാസിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു മനോഹര ചിത്രം പോലെ.

 

മനുഷ്യ ജീവിതത്തിന്റെ ക്ഷണികതകളെ കുറിച്ചോർത്തു നമ്മളൊക്കെ വാചാലരാകും . പക്ഷെ നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവർക്കോ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ, അത് ഉൾക്കൊള്ളുവാൻ വളരെ പ്രയാസമായിരിക്കും.

 

പ്രിയപ്പെട്ട ദിലീപ്, നിങ്ങളൊരു സംഭവമായിരുന്നു. ജീവിച്ചിരുന്ന കാലത്തിൽ , വളരെ അർത്ഥവത്തായ കൊറച്ചു കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്കു കഴിഞ്ഞു. ഞാനുൾപ്പെടെ കൊറച്ചു പേരെയെങ്കിലും നിങ്ങൾക്കു സ്വാധീനിക്കുവാൻ കഴിഞ്ഞു . മനോഹരമായ സൗഹൃദ അനുഭവങ്ങൾ തന്നു.കാലം കാത്തുവെച്ച പേമാരികൾ പെയ്തൊഴിയുമ്പോൾ, നിങ്ങളുടെ ശാന്തമായ മുഖം നിത്യമായി ഉറങ്ങുവാൻ പോകുമ്പോൾ, പ്രിയപ്പെട്ട സ്നേഹിതാ, താങ്കളുടെ ആത്മാവിനു ശാന്തി നേരുവാൻ മാത്രമേ ബലഹീനനായ എനിക്കു കഴിയൂ. പ്രിയപ്പെട്ട കുടുംബo, പ്രത്യേകിച്ച് എന്റെ സഹോദരി സുജിത, സാഹചര്യം നേരിടാൻ ഉള്ള കരുത്തു ദൈവം തരട്ടെ എന്ന്  പ്രാർത്ഥിക്കുന്നു.

 

 

സസ്നേഹം

ബിജി