Wednesday, June 30, 2021

ഹരിതാഭം

                                                                        

ഇക്കഴിഞ്ഞ നാളിൽ ചാച്ചി എനിക്ക് കൊറച്ചു ഫോട്ടോസ് അയച്ചു തന്നു. അല്ലേലും ചാച്ചിക്കു പണ്ടേ ഫോട്ടോ എടുക്കുന്നത് വളരെ താല്പര്യം ഉള്ള കാര്യം ആയിരുന്നല്ലോ . പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോസ് ഒക്കെ കാണാൻ ഇപ്പോഴും നല്ല മിഴിവാണു. ജീവനുള്ള വർത്തമാന കാലത്തോട്,  ഓർമകളുടെ കഴിഞ്ഞ കാലം കൊച്ചു വർത്തമാനം പറയുന്ന ചിത്രങ്ങൾ . ചാച്ചനും ചാച്ചിയും പണയിൽ നിൽക്കുന്ന, ചാച്ചന്റെ ചില പ്രത്യേക പോസിലുള്ള പടങ്ങൾ. വീണ്ടും  നോക്കുമ്പോൾ , അവ എന്നോട് ചില കഥകൾ  പറയുന്ന പോലെ തോന്നി. ഞാൻ എന്നെ ഒരു മുപ്പതു മുപ്പത്തഞ്ചു വര്ഷം പുറകിലേക്കു കൊണ്ട് പോയി. അന്നൊക്കെ തിങ്കൾ തൊട്ടു വെള്ളി വരെ 'സ്കൂൾ' ജീവിതവും ശനി മുഴുവനും 'പണ' ജീവിതവും, പിന്നെ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ, അതായതു ഞായറാഴ്ച മുഴുവനും 'പള്ളി' ജീവിതവും ആണ്. ഒരുവിധം ആളുകളുടെ എല്ലാം ജീവിത ചക്രങ്ങൾ ഇങ്ങനെ ആണ്. 'പണ' എന്ന് വെച്ചാൽ ചെറിയ തോട്ടങ്ങൾ , പ്രത്യേകിച്ച് തെങ്ങിൻ തോപ്പുകൾ. നാട്ടുഭാഷയാണ് . ഹോ അന്നൊന്നും ഈ പണ്ടാരം മഹാമാരി കോവിടൊന്നും വരാഞ്ഞത് നന്നായി.. മൊബൈൽ ഇല്ല, ഇന്റർനെറ്റ് ഇല്ല , പിന്നെ ആകെ ഒള്ളത് ടെലിവിഷനിൽ നമ്മുടെ സ്വന്തം ദൂരദർശൻ ആണ്. ഇപ്പൊ ഓർക്കുമ്പോൾ നല്ല ഗൃഹാതുരത്വം തോന്നും എങ്കിലും, സത്യത്തിൽ ദൂരദർശൻ വളരെ ബോറായിരുന്നു . കണ്ടു മടുത്ത പരസ്യങ്ങൾ, പേടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ള വാർത്ത വായന , പിന്നെ  ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങൾ. എന്റമ്മോ... ഇതിൽ നിന്നൊക്കെ ഒള്ള ഒരു മോചനം ആയിരുന്നു സത്യത്തിൽ ഞങ്ങളുടെ പണ ജീവിതം. അതെന്താണെന്ന് വെച്ചാൽ, ഞങ്ങളുടെ തെങ്ങും തോപ്പുകൾ ഇത്തിക്കര ആറിന്റെ ഇരു വശങ്ങളിലും ആണ്. അവിടെയാണ് ഒട്ടു മിക്കവാറും നാട്ടുകാരുടേം കുടുംബക്കാരുടേം ഒക്കെ തെങ്ങുംതോപ്പുകൾ. ആറിന്റെ ഇരു വശത്തും ഉള്ള ഫലഫൂയിഷ്ടമായ വിശാലമായ തോപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന തെങ്ങുകൾ. അങ്ങിങ്ങു ചെറിയ കപ്പ കൃഷിയും വാഴ കൃഷിയും ഒഴിച്ചാൽ മുഴുവനും തെങ്ങു തന്നെ. ഇന്ന് കൊറേ റബ്ബർ ഉണ്ട് . ഏതായാലും ഈ തോപ്പുകളിലേക്കുള്ള ഞങ്ങളുടെ യാത്രകൾ വളരെ രസകരം ആയിരുന്നു. ആറ്റിനക്കരെ ഉള്ള തോട്ടത്തിന്  അക്കര പണ എന്നും, ഇക്കരെ ഉള്ള തോപ്പിനെ പുളിമൂട്ടിൽ പണ എന്നും വിളിച്ചിരുന്നു.

അതെന്താണ് 'പുളിമൂട്ടിൽ' പണ? ആ ആർക്കറിയാം എന്തിനാണ് .എന്ന്, അതൊന്നും ചോദിക്കരുത് മാഷേ , എനിക്കറിയൂല്ല ...

അക്കര പണയിൽ എത്തണമെങ്കിൽ  വള്ളത്തിൽ പോകണം. ഇന്നിപ്പോൾ അവിടെ ഒരു ചെറിയ നടപ്പാലം വന്നിട്ടുണ്ട്  (സ്ഥലം എമ്മെല്ലേ വെട്ടിച്ചതാണെന്നു ശത്രുപക്ഷം പറയുന്നുണ്ടെങ്കിലും..). 2018 -ഇൽ എന്റെ രണ്ടാമത്തെ മകൾ Felita നന്നായി ആസ്വദിച്ചതാണ് ആ വള്ള യാത്ര . ഏതായാലും ഒരു തലമുറയുടെ സ്വപ്നങ്ങളും ജീവിതവും ഇഴപിരിഞ്ഞ യാത്രകളായിരുന്നു എന്റെ  കുട്ടികാലത്തെ  നന്നായി പരിപോഷിപ്പിച്ചിരുന്ന ആ വള്ളവും തെങ്ങിൻ തോപ്പിലേക്കുള്ള യാത്രകളും. എല്ലാ 60 ദിവസം കൂടുമ്പോഴും തേങ്ങാ വെട്ടാൻ പാകമാകുമ്പോൾ ഉമ്മന്നൂർക്കാരൻ  ജോൺ, (അപ്പച്ചന്റെ വലം  കയ്യായിരുന്നു) ഗോപാലനെയും നോഹയെയും പിന്നെ പേര് അറിയാത്ത ചില കാരിരുമ്പു പോലുള്ള തെങ്ങു കയറ്റം സ്പെഷ്യലിസ്റ്സ് ആൾകാരേം കൊണ്ട് വരും. ഇവരെ ഒക്കെ പേര് വിളിക്കുന്നത് കൊണ്ട് എനിക്ക് അവരെ ബഹുമാനം ഇല്ല എന്ന് കരുതരുത്. അപ്പന്റെ ഒക്കെ പ്രായം ഉള്ള ഇവരെ ഞാനും എന്റെ സഹോദരങ്ങളും ഒക്കെ മുതിർന്നവരായി തന്നെ ആണ് കണ്ടിരുന്നത്. പക്ഷെ പേര് വിളിച്ചു പഠിച്ചു  പോയി എന്ന് മാത്രം. അവരും ഞങ്ങളെ കുഞ്ഞുങ്ങളെപോലെ സ്നേഹിച്ചിരുന്നു . അപ്പച്ചനോടും ചാച്ചനോടും ഉള്ള സ്നേഹ ബഹുമാനങ്ങൾ ഞങ്ങൾക്ക് എല്ലാര്ക്കും അവർ തന്നിരുന്നു. അത് പോട്ടെ. തേങ്ങാ വെട്ടാൻ പോകുന്ന ദിവസം ഒരു ഉത്സവ പ്രതീതി ആയിരുന്നു വീട്ടിൽ. രാവിലെ പണിക്കാർ വരും. ഞങ്ങൾ എല്ലാം നേരെ പണയിൽ  പോകും , അവിടെ പണിക്കാർ തേങ്ങാ വെട്ടുമ്പോൾ ഞങ്ങൾ വലിയ കളികളിൽ മുഴുകുകയിരിക്കും; പാലം പണി , റോഡ് പണി, പിന്നെ വീട്ണ് പണി അങ്ങനെ അങ്ങനെ. എല്ലാം കഴിഞ്ഞു വൈകിട്ട് ആകുമ്പോഴേക്കും തേങ്ങാ എല്ലാം എന്നി തിട്ടപ്പെടുത്തി ലോറിയിൽ കയറ്റി കൊണ്ട് പോകും. ചെലപ്പോൾ തേങ്ങാ അവിടെ ഇട്ടു തന്നെ പൊതിക്കും. അന്ന് ഒരു പ്രാവശ്യം ഞങ്ങളുടെ തോട്ടത്തിൽ നിന്നും 1000 തേങ്ങാ കിട്ടിയ സംഭവം ഓർക്കുന്നു. കുടുംബത്തിൽ എല്ലാര്ക്കും, പ്രത്യേകിച്ച് അപ്പച്ചനും ചാച്ചനും വലിയ സന്തോഷം ആയിരുന്നു. എല്ലാരോടും അത് പറയാൻ അവർക്കു പ്രത്യേക അഭിമാനം ആയിരുന്നു. ചാച്ചിക്കു പിന്നെ നിസ്സംഗത സ്ഥായിയായ ഭാവം ആയതു കൊണ്ട് അതൊന്നും വല്യ കാര്യമാണ് എന്ന് എനിക്കു തോന്നിയില്ല. ഒന്നോര്ക്കുമ്പോൾ ശെരിയാണ്, സന്തോഷിക്കേണ്ട കാര്യങ്ങൾ സന്തോഷിക്കണം അല്ലേൽഇങ്ങനെ ജീവിക്കുന്നതിൽ എന്ത് അർഥം.?ഓർത്തു നോക്കിക്കേ, വര്ഷങ്ങളുടെ പ്രയത്നഫലം ആണ് തെങ്ങു നട്ടു വളർത്തി, വലുതാക്കി, നല്ല കായ ഫലം കിട്ടി അതിൽ  വളരെ നല്ല വിളവ് കിട്ടുന്നതൊക്കെ ... ഒരു കുഞ്ഞിനെ വളർത്തുന്ന പോലെ ഒരു അനുഭൂതി ആണ് ഒരു യഥാർത്ഥ കര്ഷകനുണ്ടാവുക. അതാണ് അപ്പച്ചനും ചാച്ചനും ഒക്കെ പ്രകടിപ്പിച്ചത്. വെറും പത്തു വയസുകാരനായ എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കാര്യങ്ങൾ ആയിരുന്നു അതൊക്കെ . റിട്ടയർ ചെയ്തു മുഴുവൻ സമയം കൃഷിയായപ്പോൾ ചാച്ചിയിലും ഞാൻ ഈ സന്തോഷ ഭാവം കണ്ടിട്ടുണ്ട്. അങ്ങനെ തോട്ടത്തിൽ നിന്ന് കിട്ടുന്ന തേങ്ങാ കൊണ്ട് വര്ഷം മുഴുവനും ചമ്മന്തി ഉണ്ടാക്കുക എന്നുള്ളത് ഞങ്ങളുടെ വീട്ടിലെ അമ്മമാരുടെ ഒരു സ്ഥിരം ഏർപ്പാടായിരുന്നു. അല്ലേലും കറങ്ങുന്ന ചക്രകസേരയിൽ ഇരുന്നു , ഇംഗ്ലണ്ടിലെ സുഖ ശീതളമായ കാലാവസ്ഥയിൽ ഇങ്ങനെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമയിൽ മുഴുകി ഇരിക്കാൻ എന്നെപ്പോലുള്ള മടിയന്മാർക് വളരെ എളുപ്പം ആണല്ലോ., പക്ഷെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച്, അത്യധ്വാനം  ചെയ്തു കൃഷിയും മറ്റു ചെറിയ ജോലികളും അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഒരു വലിയ കുടുംബം പോറ്റിയിരുന്ന ഒട്ടു മിക്കവാറും ആളുകൾക്കു ഇതൊക്ക്കെ അത്ര സുഖകരമായ ഓർമ്മകൾ ആയിരിക്കില്ല . അന്നത്തെ തേങ്ങാ ചമ്മന്തി ഇപ്പോൾ നല്ല നാടൻ രുചിയായി നാവിൽ ഊറി വരുന്നുണ്ട് . 

                                    ****************************************************

'മനുഷ്യാ , നിങ്ങൾ ഇങ്ങനെ നിങ്ങടെ വല്യപ്പൻ 1000 തേങ്ങാ വെട്ടിയതും ഓർത്തു ഇരുന്നോ, ഇവിടെ കുറച്ചു ചെടികൾ നിങ്ങൾ വെള്ളം ഒഴിക്കാത്തതു കൊണ്ട് ദേ കരിഞ്ഞുണങ്ങി നില്പുണ്ട് , ആദ്യം അതിനെ ഒന്ന് പച്ചപിടിപ്പിച്ചേച്ചു പഴയകാലം ഓർക്കാം ' , വാമഭാഗം വടക്കുഭാഗത്തെ കതകു വലിച്ചു തുറന്നു ഇറങ്ങിപ്പോയി.  ഞെട്ടി ഉണർന്ന ഞാൻ ഒന്ന് എത്തിനോക്കി , ശെരിയാണ് രണ്ടു ദിവസം ആയി വെള്ളം കിട്ടാതെ റോസയും മറ്റു പേരറിയാത്ത ഏതൊക്കെയോ ചെടികളും വാടിത്തോടങ്ങിയിരിക്കുന്നു. കൊറേ പച്ചക്കറികളും ഉണ്ട് കൂട്ടത്തിൽ. ഇന്നലെകളുടെ ഓർമ്മച്ചെപ്പുകൾ മെല്ലെ അടച്ചു വെച്ചിട്ടു, ഞാൻ പതിയെ എന്റെ ചെറിയ പൂന്തോട്ടത്തിലേക്കിറങ്ങി. ..

******

ഇന്നലെകൾ, ഇന്നിന്റെ മനോഹരമായ ഓർമ്മകൾ ആണ് . പക്ഷെ എന്റെ നാളെകൾ ഇതുപോലെ മനോഹരമായി ഇരിക്കണമെങ്കിൽ  ഇന്നുകള് ഞാൻ അധ്വാനിക്കണം . ഇല്ലേൽ  ഞാൻ എന്നെന്നും ഗതകാല സ്മരണകളുടെ വെറും തടവുകാരനായി മാറും. അതുകൊണ്ടു പോയകാലത്തിലെ സുവർണ നിമിഷങ്ങളെ അയവിറക്കി നാളെയിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്ന ജീവിതം സാക്ഷിയാക്കി, ചാച്ചന്റെ ചിത്രത്തിൽ നിന്നും എന്റെ ഇന്നുകളിലേക്കു ഞാൻ പതിയെ നടന്നു വന്നു. ഇനിയും കാലം കത്ത് വെച്ച മനോഹര നിമിഷങ്ങൾ അനുഭവവേദ്യം ആക്കുന്നതിനു വേണ്ടി.


സസ്നേഹം..

ബിജി