Monday, December 30, 2019

ഓർമയുടെ മാധുര്യം .....


ഓർമയുടെ മാധുര്യം .....

വീണ്ടുമൊരു പുതു വർഷത്തിലേക്കു നമ്മൾ പതിയെ ചുവടു വെച്ചുകൊണ്ടിരിക്കുമ്പോൾ, ഒന്നു തിരിഞ്ഞു നോക്കണം എന്ന് തോന്നി . നമ്മൾ പിന്നിട്ട വഴികൾ , കണ്ടു മുട്ടിയ ആൾക്കാർ , സംഭവങ്ങൾ  എങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് നമുക്കു പുതുവർഷത്തലേന്ന് തിരിഞ്ഞു നോക്കാൻ ? കഴിഞ്ഞ വര്ഷം ഞാൻ ഭൂമിയേലേ മാലാഖമാരെ കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇത്തവണ ഒരു സുന്ദരമായ സുഹൃദ് ബന്ധത്തെകുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ കഥയോട് സാദൃശ്യം ഉണ്ടെങ്കിൽ ക്ഷമിക്കുക  :)  കാരണം ഇതെന്റെ സ്വന്തം കഥയാണ് !!
നമുക്കെല്ലാർകും സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കാനും അത് പോറ്റി വളർത്താനും ഇഷ്ടമാണ്. നല്ല സൗഹൃദങ്ങൾ നമ്മളെ ഉന്മേഷവന്മാരക്കും. ചിലപ്പോഴെങ്കിലും ചില സുഹൃദ് ബന്ധങ്ങൾ നമ്മൾ അവസരവാദപരമായി ഉപയോഗിക്കുമെങ്കിലും , എനിക്കറിയാവുന്ന മിക്കവാറും സുഹൃദ് ബന്ധങ്ങൾ തിരിച്ചു വല്ലതും കിട്ടും എന്ന് പ്രതീക്ഷിച്ചുള്ളവയല്ല. അങ്ങനെയുള്ള ബന്ധങ്ങൾ അധികം നിൽക്കാറുമില്ല്ല . പക്ഷെ സ്വന്തം കൂട്ടുകാരനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായ ഒരു പ്രൈമറി സ്കൂൾ കൂട്ടുകാരനെ ആണ് ഞാൻ  ഇവിടെ പരിചയപ്പെടുത്തുന്നത്.

ഞങ്ങൾ നാട്ടുകാർ ആണ് , കുടുംബങ്ങൾ തമ്മിൽ പോലും 100 വർഷത്തിലധികമായി പരിചയം . അപ്പോൾ പ്രത്യേകിച്ച് പരിചയപെടുത്തലുകളൊന്നും ഇല്ലാതെ തന്നെ അവൻ എന്റെ കൂട്ടുകാരൻ ആയി. എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു, LKG മുതൽ 4th വരെ. മറ്റു കൂട്ടുകാർ ഞങ്ങളുടെ ഇടയിലേക്ക് വരാൻ ഇടിച്ചു നിൽക്കുമായിരുന്നു . കാരണം ഒന്നാമത് ഞങ്ങൾ ലോക്കൽ boys ആണല്ലോ, പിന്നെ പ്രൈമറി സ്കൂൾ ഇത് പഠിക്കുന്ന കാലത്തൊള്ള ചെറിയ കുസൃതികൾ എപ്പോഴും ഞങ്ങൾ ഒരുമിച്ച നടത്താറുണ്ടായിരുന്നു. കൃഷ്ണമ്മ ടീച്ചർ എപ്പോഴൊക്കെ മലയാളം ക്ലാസ്സിൽ പുറത്തു നിർത്തുന്നെങ്കിൽ അത് ഞാനും അവനും ആയിരിക്കും . അപ്പോഴൊക്കെ അവൻ എന്നെ നോക്കി വെറുതെ ചിരിക്കും . എന്നിട്ടു പറയും , എടാ നീ എന്നെ പോലെ ഇങ്ങനെ നടക്കണ്ടവനല്ല , നീ പഠിക്കണം, നല്ല റാങ്ക് മേടിക്കണം , എന്നിട്ടു നമ്മളെ നോക്കി പുച്ഛത്തോടെ  ചിരിച്ച പഠിപ്പിസ്റ് പെണ്പിള്ളേരെടെ മുഖത്തു നോക്കി ഞെളിഞ്ഞു ചിരിക്കണം. എന്റെ അപ്പനു പോലും ഇല്ലാത്ത പ്രതീക്ഷകളുടെ ഭാരം അവൻ എന്റെ തലയിൽ എടുത്തു വെക്കുമ്പോൾ , ഞാൻ അറിയാതെ മനസ്സിൽ വിളിച്ചു പോയി ... പ്രഭാകരാ ......

അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി .., മലയാളം മീഡിയം ആയി പഠിച്ചിരുന്ന ഞങ്ങൾ ക്ലാസുകൾ ആസ്വദിച്ചു തുടങ്ങി .. അവനും ഞാനും ക്ലാസിനു പുറത്തു നില്കുന്നതൊക്കെ കൊറഞ്ഞു . (ചൂരൽ കഷായം  വർക്ക് ഔട്ട് ആയി തൊടങ്ങി എന്ന് പറയാം) ഏതായാലും രണ്ടു പേരും തട്ടി മുട്ടി ഒക്കെ 4th std ഇൽ എത്തി . അപ്പോഴേക്കും അവൻ എന്റെ ഒരു മുഴുവൻ സമയ വാൽ ആയി മാറി എന്ന് വേണേൽ പറയാം. പല പ്രശ്നങ്ങളിലും അവൻ എനിക്ക് വേണ്ടി വാദിക്കാൻ തൊടങ്ങി. ഞാൻ ഇംഗ്ലീഷ് മീഡിയം പഠിപ്പിസ്റ്റുകളോട് താണു പോയാൽ ഇവന് വല്യ വെഷമം ആയിരുന്നു. പറ്റുമ്പോഴെല്ലാം എന്നെ തള്ളി തള്ളി മുന്നോട്ടു കൊണ്ട് പോകാൻ അവൻ ശ്രമിച്ചു കൊണ്ടേയിരുന്നു . അപ്പോഴൊക്കെ ഒട്ടൊക്കെ പരിഭ്രാന്തിയോടെ ഞാൻ അവനെ വിലക്കാൻ ശ്രമിക്കുമായിരുന്നു , തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കല്ലേ മോനെ എന്ന് ഞാൻ പറയുവാൻ ശ്രമിക്കുമായിരുന്നു .. ആര് കേൾക്കാൻ.

അങ്ങനെ ഞങ്ങളുടെ കൊല്ല പരീക്ഷ വരാറായി. പ്രൈവറ്റ് schools നു വേണ്ടിയുള്ള ഒരു ഓൾ കേരള competitive എക്സാം ഞങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു . എല്ലാ വർഷവും ഞങ്ങളുടെ സ്കൂൾ ആക്റ്റീവ് ആയി അതിൽ പങ്കെടുക്കുകയും മെറിറ്റ് സെര്ടിഫിക്കറ്റ്സ് വാങ്ങുകേം ചെയ്തിരുന്നു . അക്കൊല്ലവും സ്കൂൾ പ്രെപറേഷൻസ് തൊടങ്ങി . ടീച്ചേഴ്സ് ക്ലാസ്സിൽ പരീക്ഷയുടെ വിവരങ്ങൾ ഒക്കെ പറഞ്ഞു .  'നിങ്ങളെല്ലാവരും മെറിറ്റ് certificates വാങ്ങാൻ ട്രൈ ചെയ്യണം .. നമ്മുടെ സ്കൂളിന് അത് നല്ല അഭിമാനമാണ്  ' എന്നൊക്കെ പറഞ്ഞു. അതിനു ശേഷം ,സാധാരണ നടക്കാറുള്ള വെറുപ്പിക്കൽസ് ചടങ്ങു .... എത്ര പേര് മെറിറ്റ് വാങ്ങും , കോൺഫിഡൻസ് ഉള്ളവർ കൈ ഉയർത്തിക്കെ... ഇംഗ്ലീഷ് മീഡിയം പഠിപ്പിസ്റ്റുകൾ chorus  ആയി , we are ready  teacher എന്ന് പറഞ്ഞു .. ഞങ്ങൾ മലയാളം മീഡിയം പിള്ളേർ അല്പം തല കുനിഞ്ഞു ഇരുന്നു ..ടീച്ചർ ഞങ്ങളെ നോക്കല്ലേ എന്ന് ഓർത്തു. കാരണം ഞങ്ങൾക്ക് കോൺഫിഡൻസ് ഇല്ലാലോ .... (:))

അപ്പോഴാണ് എല്ലാരം ഞെട്ടിച്ചു കൊണ്ട് നമ്മുടെ കഥ നായകൻ (എന്റെ പ്രിയ ബഡ്ഡി) എന്റെ കൈ പിടിച്ചു വലിച്ചു ഉയർത്തിയത് , പോരാഞ്ഞിട്ട് ഒരു പ്രഖ്യാപനവും .. 'ബിജി റാങ്ക് വാങ്ങും ടീച്ചർ' ....................

സൂചി വീണാൽ കേൾക്കാം ...അത്രയ്ക്ക് നിശബ്ദമായി ക്ലാസ് റൂം മുഴുവൻ. അന്ന് വരെ ഞങ്ങടെ സ്കൂൾ പൊതുവെ റാങ്ക് aspirations ഒന്നും ഉണ്ടായിരുന്നില്ല. മെറിറ്റ് സർട്ടിഫിക്കറ്റ് വരെ ഒരു വല്യ നേട്ടമായായിരുന്നു കരുതിയിരുന്നത്. ഒരു 5 -10 പേർക്ക് മാത്രമേ അത് കിട്ടുമായിരുന്നുള്ളൂ.. ഒരു 15000 -20000 കുട്ടികൾ എഴുതുന്ന ഒരു കോംപ്റ്റിറ്റിവ് examil ടോപ് 10 റാങ്ക് വാങ്ങുക എന്ന് പറഞ്ഞാൽ അന്നത്തെ ഞങ്ങളുടെ സ്കൂളിന്റെ സാഹചര്യത്തിൽ അത്ര എളുപ്പമായിരുന്നില്ല താനും. ഇങ്ങനെയൊക്കെ ആണ് സിറ്റുവേഷൻ എന്നിരിക്കെ , മ്മ്‌ടെ മച്ചാൻ എനിക്കിട്ടു പണിഞ്ഞ  നല്ല ഒന്നാന്തരം കോടാലിയായി എന്ന് വേണേൽ പറയാം . എനിക്ക് അന്ന് ആദ്യമായി കൊല്ലാനുള്ള കലിപ്പായി .. ഓരോന്ന് വെച്ച് തള്ളാൻ കണ്ട നേരം. ഇന്നായിരുന്നേൽ ഒരു തള്ളു മ്യമാനായി അവനെ ഒതുക്കായിരുന്നു .. പക്ഷെ അന്നത്തെ കാലത്തു ഇന്നത്തെ പോലെ ആൾകാർ തള്ളി മറിക്കില്ലായിരുന്നു, ഒള്ളത് ഒള്ളത് പോലെ പറയും . കാലത്തിനു മുന്നേ നടന്ന ഒരു കൂട്ടുകാരൻ ....

ഏതായാലും സ്കൂൾ മുഴുവൻ അന്ന് അതൊരു ചർച്ച ആയി.. പഠിപ്പിസ്റ്റുകൾ ഒക്കെ പുച്ഛ ഭാവത്തിൽ എന്നെ ഒന്നു പാളി നോക്കി ... ഇനി ശെരിക്കും ഇവൻ വാങ്ങുവോ ... ഞാനാണേൽ എന്താണ് സംഭവിച്ചത് എന്നറിയാതെ മരവിച്ചു നിൽപ്പാണ് .. അപ്പ്പോഴിതാ നമ്മുടെ ഗഡി വീണ്ടും വായ തുറന്നു .. ഇത്തവണ  ഒന്നൊന്നേര വാഗ്ദാനം ആയിരുന്നു .. എന്റെ കൂട്ടുകാരാ ഞാൻ വെറുതെ പറഞ്ഞതല്ല ,,, നീ മിടുക്കനായി റാങ്ക് മേടിക്കണം എന്ന് എന്റെ ആഗ്രഹം ആണ് .. നീ പഠിക്കണം (അവനു വയ്യ പോലും... ) എന്നിട്ടു റാങ്ക് മേടിച്ചു വരുമ്പോൾ ഞാൻ നിനക്കു സമ്മാനമായി ഒരു പാക്കറ്റ് പഫ്‌സ് തരുന്നതായിരുക്കും ... പിന്നല്ല.. ഞാൻ കഷ്ടപ്പെട്ട് ഒറക്കം ഒഴിഞ്ഞു പഠിച്ചു റാങ്ക് മേടിച്ചാൽ എനിക്ക് ഒരു പാക്കറ്റ് പഫ്‌സ് തരും പോലും. ഏതായാലും ഞാൻ ഒന്നെളകി, ഇനി ശെരിക്കും ഇവന് എനിക്ക് പഫ്‌സ് മേടിച്ചു തരുമോ... ഇവന്റെ അതിനൊള്ള ക്യാഷ് ഒണ്ടോ ? അപ്പൻ ഗൾഫിൽ നിന്ന് വരുമ്പോൾ അവൻ കൊറച്ചു പോക്കറ്റ് മണിയായി കൊറച്ചു പൈസ ഉണ്ടാക്കും . അതായിരിക്കും ബലം. പെണ്പിള്ളേരുടെ മുന്നിൽ നിന്നൊക്കെ പറഞ്ഞതല്ലേ തരുമായിരിക്കും.. ഏതായാലും എല്ലാരും പതിയെ ഇതൊക്കെ മറന്നു പഠനത്തിൽ മുഴുകാൻ തൊടങ്ങി ,, അവൻ പതിവുപോലെ അവന്റെ മറ്റു ഉഡായിപ്പുകളിലേക്കും ..... (കാരണം അവനു വേണ്ടി കൂടിയാണല്ലോ ഞാൻ പഠിക്കുന്നത്....)

 അങ്ങനെ ആഴ്ചകൾക്കുശേഷം മത്സര പരീക്ഷ വന്നു . ഞങ്ങളെല്ലാം പോയി പരീക്ഷ എഴുതി . കഴിഞ്ഞപ്പോഴേക്കും എന്റെ ചുണ്ടിൽ ഒരു ചിരി ഊറി വന്നു ... ലവന്റെ പഫ്‌സ് ഒന്നും വാങ്ങേണ്ടി വരില്ലലോ എന്നോർത്ത് .. പഠിപ്പിസ്റ്റുകൾ ഒക്കെ എന്നോട് ചോരണ്ടി നോക്കി ..ഇനി ഞാൻ ശെരിക്കും തകർത്തോ എന്നറിയാൻ. ഞാൻ അപ്പോഴേ ഉറപ്പിച്ചു , എന്റെ കൂട്ടുകാരൻ ഇനി കൂടുതൽ തള്ളേണ്ടി വരില്ലലോ. ഇനി സമാധാനമായി കൊറേ കെടന്നുറങ്ങണം .. ഹാവൂ ..

ഒരു മാസം കഴിഞ്ഞു , ഒരു മൂന്നു മണിയായിക്കാനും . ക്ലാസ് ടീച്ചർ പറഞ്ഞു എന്നെ ഹെഡ്മാസ്റ്റർ വിളിക്കുന്നു അത്യാവശ്യമായി ഒന്നു കാണണം. എന്റെ ചങ്കൊന്നു പിടച്ചു ... ഞാനോ എന്റെ കൂട്ടുകാരനോ പുതിയ ഉഡായിപ്പുകൾ ഒന്നും അടുത്തകാലത്തൊന്നും നടത്തിയില്ലലോ ..... തുറിച്ചു നോക്കുന്ന 40  ജോഡി കണ്ണുകളിലേക്കു ഒരു വിഷാദം കലർന്ന നോട്ടം നോക്കിയിട്ടു ഞാൻ എന്റെ കൂട്ടുകാരനെ ഒന്നു പാളി നോക്കി , നീ കൂടെ ഒന്നു വന്നർന്നേൽ ... ഒരു കരുണയും കാണിക്കാതെ അവൻ എന്നെ തള്ളി വിട്ടു .. ഹെഡ്മാസ്റ്റർ അച്ചന്റെ റൂമിലേക്ക് . അതിലും വല്യ പ്രശനം അച്ചന് വീട്ടുകാരെ എല്ലാം നല്ല പരിചയം ആണ് . നീട്ടി ഒരു വിളി വിളിച്ചാൽ അങ്ങ് കുടുംബത്തെ കേൾകുകേം ചെയ്യും , സ്കൂൾ അത്രയ്ക്ക് അടുത്തായാണ് . വിറച്ചു വിറച്ചു ഞാൻ റൂമിൽ ചെന്ന് , Yes സർ പറഞ്ഞു ...

Congratulations dear Biji , you've  got 9th Rank this year and we all are really proud of you ... Another student from 1st std got 6th Rank as well . So we have done well this time . 
HeadMaster  അച്ചന്റെ വാക്കുകൾ എനിക്ക് കൊറേ നേരത്തേക്ക് വിശ്വസിക്കാൻ തോന്നിയില്ല ... ഞാൻ വെറും നന്ദി പറഞ്ഞു കൊണ്ട് തിരിച്ചു ക്ലാസ്സിലേക്ക് വന്നു ... അപ്പോഴേക്കും ടീച്ചേഴ്സ് അവിടെ ആഘോഷം തുടങ്ങിയിരുന്നു .. ആരവങ്ങൾക്കിടയിലുഉടെ ഞാൻ വേച്ചു വേച്ചു നടക്കുമ്പോൾ എന്നെക്കാളും മരവിച്ച മനസ്സോടെ , തുറിച്ച കണ്ണുമായി എന്നെ തന്നെ നോക്കി നില്കുന്ന എന്റെ നന്പനെ കണ്ടപ്പോൾ ഞങ്ങൾ ഒരേ അവസ്ഥയിലാണെന്ന് മനസിലായി .. വിക്കി വിക്കി അവൻ ചോദിച്ചു , നീ അത് ശെരിക്കും സീരിയസ് ആയിട്ടെടുത്തോട..... സകല നിയന്ത്രണവും വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു അവനെ കെട്ടി പിടിച്ചു , പറ്റിപോയെടാ പറ്റിപ്പോയി ... ചുറ്റുമുള്ളവർക്കു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ... കരച്ചിലിന്റെയും സന്തോഷത്തിന്റെയും ഉന്മാദ അവസ്ഥകൾ താണ്ടിയപ്പോൾ ഞാൻ പതിയെ ചോദിച്ചു ...

അപ്പൊ എങ്ങനാ ... പഫ്സിന്റെ കാര്യം ...  ചൊറിയാൻ വേണ്ടി ചോദിച്ചതാണ് .. പക്ഷെ അവൻ ഒന്നും മിണ്ടിയില്ല ...2 ദിവസത്തേക്ക്  മിണ്ടിയില്ല .. മൂന്നാം നാൾ കയ്യിൽ ഒരു ചെറിയ പൊതിയുമായി അവൻ വന്നു .. എന്റെ കയ്യിൽ പൊതി തന്നിട്ട് പറഞ്ഞു , ഞാനും കാര്യമായി തന്നെയാ പറഞ്ഞതു.. ഇത് പിടി .. തുറന്നു നോക്കിയപ്പോൾ , നല്ല ചൂടുള്ള ഒരു പഫ്‌സ് . ഞങ്ങൾ രണ്ടു പേരും കൂടെ അത് കഴിച്ചു , ചിരിച്ചു . മനസ് നിറഞ്ഞു ചിരിച്ചു ... മനോഹരമായ ഒരു തള്ളിന്റെ അതി മനോഹരമായ പരിസമാപ്തി ...


വാൽകഷ്ണം : എന്റെ റാങ്ക് നേട്ടം പറഞ്ഞു അല്പത്തരം കാണിക്കാനല്ല ഇത് ഇവിടെ കുറിച്ചത് . എന്റെ ജീവിതത്തിലുടനീളം ഇതുണ്ടാക്കിയ ചലനങ്ങൾ വലുതായിരുന്നു  .. പിന്നീടൊരിക്കലും എനിക്ക് അത് പോലെ പഠിക്കുവാൻ കഴിഞ്ഞിട്ടില്ല, അതുപോലെ നേട്ടങ്ങളും കിട്ടിയിട്ടില്ല ...  നല്ല പ്രോത്സാഹന ശേഷി ഉള്ള ഒരു കൂട്ടുകാരന്റെ അഭാവം ആയിരിക്കും കാരണം .അതിനുമുമ്പേയും ശേഷവും ഞാൻ എന്നും ഒരു ശരാശരിക്കാൻ മാത്രമായി തുടർന്നു, പക്ഷെ തോല്കാതിരിക്കാനും ചങ്കൂറ്റത്തോടെ പൊരുതി നിൽക്കാനും ഒള്ള ഒരു മനസ്സ് ഞാൻ പാകപ്പെടുത്തി എടുത്തു..... എന്റെ പ്രിയപ്പെട്ട അലക്സ് , നിങ്ങളില്ലായിരുന്നില്ലെങ്കിൽ , ആ പഫ്സിന് യാതൊരു രുചിയും വിലയും ഉണ്ടാകില്ലായിരുന്നു ....ഞാൻ ഇന്ന് ഇത് ഇവിടെ കുറിക്കില്ലായിരുന്നു... നന്ദി മച്ചാന്സ് ... പഫ്സിനും , തള്ളിനും :), You are a sambhavam !!!

പുതിയ വർഷത്തിലെ പുതിയ പ്രതീക്ഷകളിലേക്കു പിച്ച വെക്കുന്ന എല്ലാവര്ക്കും എന്റെ എല്ലാ പുതുവത്സര ആശംസകൾ ... നല്ല നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാകട്ടെ ... പക്ഷെ സൂക്ഷിച്ചു തള്ളണം എന്ന് മാത്രം :)
------------------------