Monday, November 5, 2018

ഈപ്പൻ അച്ചനെ അനുസ്മരിക്കുമ്പോൾ....


ഞങ്ങളുടെ പ്രിയപ്പെട്ട ഈപ്പൻ അച്ചൻ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു . അച്ചനെക്കുറിച്ചു പലർക്കും പലതും ഓർക്കാനും ,ഒരുപാട് നല്ല കാര്യങ്ങൾ പറയാനും ഉണ്ടാകും. രാവിലെ വാർത്ത കേട്ടത് മുതൽ മനസ്സിൽ ഒരു വല്ലാത്ത നഷ്ട ബോധം ഉറഞ്ഞു കൂടിയിരുന്നു. പണ്ട് പലരും പറഞ്ഞു കേട്ടിട്ടുണ്ട് , മനസിനെ സ്വാധീനിച്ചവർ മരിച്ചു പോയെങ്കിലും അവർ നമ്മുടെ ഓർമയിൽ വരുന്നെങ്കിൽ അവിടെ ധൂപം മണക്കും എന്ന്. ഒരു ബാലിശമായ വിശ്വാസം ആയിരിക്കും എങ്കിലും , എനിക്ക് ഇതെഴുതുമ്പോഴും കുന്തിരിക്കം മണക്കുന്നുണ്ട്. അച്ചന്റെ ആത്മാവ് തൊട്ടടുത്തെവിടെയോ ഉള്ള പോലെ. ക്ഷീണിതമെങ്കിലും തേജസ്സുള്ള കണ്ണുകൾ തീഷ്ണമായി എന്നെ നോക്കുന്ന പോലെ. ഇന്ന് അച്ചനെക്കുറിച്ചു എഴുതാതെ എനിക്കുറങ്ങാൻ പറ്റില്ല എന്ന് തോന്നി.
എന്താണ് ഈപ്പൻ അച്ചനെക്കുറിച്ചു ഇത്രയും ആഴത്തിൽ ചിന്തിക്കാൻ കാരണം ? ഞാൻ മാത്രമല്ല എന്റെ പ്രായത്തിലോ അതിനു മുകളിലോ താഴെയോ ഉള്ള സമകാലീനർ എല്ലാം തന്നെ ഇന്ന് അച്ചനെക്കുറിച്ചോർത്തു കാണണം . അതായത് 87-92 കാലഘട്ടങ്ങളിൽ ഞങ്ങളുടെ ചെങ്കുളം വലിയ പള്ളിയിൽ ഉണ്ടായിരുന്ന, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒട്ടു മുക്കാൽ പേരും ഇന്ന് അച്ചന്റെ വിയോഗത്തിൽ ചെറുതായെങ്കിലും സങ്കടപ്പെടുന്നുണ്ടാവും. അച്ചൻ പള്ളിയിൽ നിന്ന് പോയിട്ട് ഇപ്പോൾ 3 പതിറ്റാണ്ടോളം ആയി. മാത്രമല്ല അതിനു മുൻപേ ഒന്നര നൂറ്റാണ്ടിലധികമായി ചെങ്കുളം വലിയ പള്ളി അവിടെയുണ്ട് , മഹാരഥന്മാരായ പല അച്ചന്മാരും അവിടെ ശുശ്രൂഷിച്ചിട്ടുമുണ്ട് . എന്താണ് ഈപ്പൻ അച്ചന്റെ പ്രത്യേകത ?
പ്രത്യേകത ഉണ്ട്.. എന്റെ മനസ്സിൽ തിര തല്ലുന്ന അനേകം ഓർമകളിൽ നിന്ന് ഇവിടെ കൊറച്ചു അടുക്കും ചിട്ടയിലും എഴുതുക എന്നത് ശ്രമകരമാണ് എങ്കിലും അച്ചനെ കുറിച്ചുള്ള കുറെ നല്ല കാര്യങ്ങൾ എഴുതുക തന്നെ വേണം എന്ന് മനസ് പറയുന്നു.
80 -കളുടെ അവസാന പകുതിയിലാണ് അച്ചൻ ചെങ്കുളം വലിയ പള്ളിയിലെ വികാരിയായി വരുന്നത്. വലിയ പള്ളി എന്നായിരുന്നു പേരെങ്കിലും അത്രയൊന്നും വലിപ്പമില്ലാത്ത എന്നാൽ ഒന്നര നൂറ്റാണ്ടിലധികം പാരമ്പര്യം ഉള്ള, പരുമല തിരുമേനിയെ തെരഞ്ഞെടുത്ത മുളന്തുരുത്തി സുന്നഹോദോസിൽ പേര് പറഞ്ഞിട്ടുള്ള , അല്പം പ്രമാണിമാരും , ദേശത്തു പട്ടക്കാരും, മേല്പട്ടക്കാരനും  അതിനൊത്ത വീര്യമുള്ള അല്മായരും ഉള്ള പള്ളിയായിരുന്നു ഞങ്ങളുടെ ചെങ്കുളം വലിയ പള്ളി. എന്നിരുന്നാലും പറഞ്ഞ പാരമ്പര്യ വാദത്തിനപ്പുറത്തേക്കു കാര്യമായ ആത്മീക വളർച്ചയോ  , ലോകത്തിലെ മാറുന്ന സാഹചര്യങ്ങളെ ഉൾക്കൊള്ളാനുള്ള താല്പര്യമോ കാര്യാ പ്രാപ്തിയോ ഇല്ലാത്ത ഒരു സമൂഹം. അവിടേക്കു , ജീവിതത്തിന്റെ നല്ല പ്രായം മുഴുവനും കഴിഞ്ഞു , വാനപ്രസ്ഥത്തിന്റെ നിസ്സംഗതയിലേക്കു കാലെടുത്തു വച്ച, ഈപ്പൻ അച്ചൻ കടന്നു വന്നു. ചെങ്കുളം ഇടവകയിൽ കോശി അച്ചൻ എല്ലാം എല്ലാം ആയിരുന്ന ഒരു കാലഘട്ടത്തിന്റെ അടുത്ത ഘട്ടം ആയിരുന്നു  അത്. വലിയ അവകാശവാദങ്ങളോ ആവേശപ്രകടനങ്ങളോ ഇല്ലാതെ ഒരു മന്ദമാരുതനെ പോലെ ആയിരുന്നു അച്ചന്റെ വരവ്.

ഒരു ഇടവകയും അതിന്റെ ഭരണവും എന്നാൽ, പെരുന്നാൾ കൂടലും ഞായറാഴ്ച കുർബാനയും പിന്നെ പേരിനു ഒരു സൺഡേ സ്കൂൾ മാത്രമല്ല , അതിനപ്പുറത്തേക്ക് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് അച്ചൻ ഞങ്ങൾക്ക് കാണിച്ചു തന്നു. മാറ്റങ്ങൾ ഇഷ്ടമില്ലാത്തവരെയും അച്ചൻ മാറുവാൻ പ്രേരിപ്പിച്ചു.ഉത്സാഹകമ്മിറ്റക്കാരോട് ആത്മീയ ആവേശം കാണിക്കുവാൻ ഉപദേശിച്ചു . ചെങ്കുളം പള്ളി അന്നുവരെ ശീലിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തുടങ്ങി.

കുഞ്ഞുങ്ങൾ ആണ് ഏതൊരു സമൂഹത്തിന്റെയും ഭാവി എന്ന് അച്ചന് നല്ലപോലെ അറിയാമായിരുന്നു. ഒരു പറ്റം സൺഡേ സ്കൂൾ അധ്യാപകരെ വാർത്തെടുത്തതോടൊപ്പം വെക്കേഷന് ബൈബിൾ സ്കൂൾ തുടങ്ങിയത് ഞങ്ങളുടെ കാലഘട്ടത്തിന്റെ ഒരു അനിവാര്യതയും അനുഗ്രഹവും ആയിരുന്നു.ചെങ്കുളം പള്ളി സൺഡേ സ്കൂൾ കലാമേളകളിൽ മിഴിവാർന്ന വിജയങ്ങൾ കൈയടക്കാൻ തുടങ്ങിയത് അച്ഛന്റെ കാലഘട്ടം മുതലാണ്.

ഇടവകക്കാരെ മുഴുവനും ഒരു ചരടിൽ കോർത്തിണക്കിയായിരുന്നു അച്ചൻ അവിടെ പാരിഷ് മിഷൻ കൊണ്ട് വന്നത്. അന്ന് അതിനു നേതൃത്വം കൊടുത്ത ശെമ്മാശന് ഇന്ന് സഭയിലെ ഒരു മികച്ച വാഗ്മിയും സംഘാടകനും സർവോപരി ഒരു മെത്രാപ്പോലീത്തായും ആണ്. അച്ചൻ പ്രത്യേകം താല്പര്യം എടുത്തു കൊണ്ട് വന്ന ഒരു ഗ്രൂപ്പ് ആയിരുന്നു അത് . പുതിയ കാര്യങ്ങൾ പഠിക്കുന്നതും പുറം ലോകവുമായി ബന്ധമുള്ള പലരും പല കാര്യങ്ങളും വിശകലനം ചെയ്തു സംസാരിക്കുന്നതുo  ഞങ്ങൾക്ക് ഒരു നവ്യാനുഭവമായിരുന്നു. അതോടൊപ്പം ഇടവകയുടെ വാർഷിക കൺവെൻഷൻ, പ്രാർത്ഥന കൂട്ടങ്ങൾ എന്നിവയും അച്ചൻ ഭംഗിയായി നടത്തി.

വായിക്കുമ്പോൾ തോന്നും , എന്താ ഇതിലൊരു വല്യ കാര്യം ? ഇതൊക്കെ എല്ലാടത്തും ഇപ്പോൾ നടക്കുന്നുണ്ടല്ലോ. ഇതിലും കൂടുതൽ കാര്യങ്ങൾ ഇന്നുള്ള അച്ചന്മാരും മറ്റും നടത്തുന്നുണ്ടല്ലോ എന്നൊക്കെ. പക്ഷെ അന്നുവരെ ഞങ്ങളുടെ ഇടവകയിൽ ഇങ്ങനുള്ള കാര്യങ്ങൾ അത്ര പരിചിതവും സുസംഘടിതവും ആയിരുന്നില്ല. അച്ചൻ അതൊക്കെ ഒരു പ്രത്യേക രീതിയിൽ ക്രമീകരിച്ചു എന്നുള്ളതാണ് ശെരി . അതിനേക്കാളേറെ അച്ചന്റെ  നേതൃത്വം  ആത്മീയതയിൽ ഊന്നിയായിരുന്നു. വെറുതെ ആളിനെ കൂട്ടി ആവേശം പ്രകടിപ്പിക്കുന്ന പ്രോഗ്രാം മാനേജ്മന്റ് ആയിരുന്നില്ല അച്ചന്റെ ശൈലി . ബാലൻ ആയിരുന്ന എന്നെപോലുള്ളവരെയും 80 വയസുണ്ടായിരുന്ന എന്റെ അപ്പച്ചനെയും ഒരുപോലെ മനസിലാക്കാനും സംസാരിക്കാനും ഉള്ള അച്ചന്റെ കഴിവ് ഒന്ന് വേറെ തന്നെ. എല്ലാറ്റിന്റെയും ഉപരിയായി ഒരു മാനവികതയുടെ  മുഖം അച്ഛന് ഇപ്പോഴും ഉണ്ടായിരുന്നു.

ചില സന്ദർഭങ്ങൾ ഇവിടെ കുറയ്ക്കാതെ അച്ചനെക്കുറിച്ചുള്ള അനുസ്മരണം പൂർത്തിയാവില്ല.
കർത്താവിന്റെ പീഡാനുഭവ വാരം അച്ചന് ശെരിക്കും ഒരു പീഡാനുഭവം തന്നെ ആയിരുന്നു. ഇടവകയെ , പ്രത്യേകിച്ച് മദ്ബഹയിൽ ശുശ്രൂഷിക്കുന്നവരെയും യുവജനങ്ങളെയും അതിന്റെ തീവ്രത അനുഭവിച്ചു അറിയാൻ അച്ചൻ ഉദ്ബോധിപ്പിക്കുമായിരുന്നു. ഓശാന ഞായർ കഴിഞ്ഞാൽ അച്ചൻ മൂകമാവും.മൗനത്തിന്റെ  വാല്മീകത്തിൽ  പ്രാർത്ഥനകൾ ഉരുവിടുന്നത്ഞങ്ങൾ വേദനയോടും അല്പം കൗതുകത്തോടും കണ്ടു നിന്നിരുന്നു. ചിലപ്പോഴൊക്കെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു . ദുഃഖ  വെള്ളിയിൽ അച്ചൻ തീവ്രമായ ആത്മ വേദന അനുഭവിക്കുന്ന ഒരു വ്യക്തിയായി മാറുമായിരുന്നു. ഭാവ മാറ്റം  ഉൾക്കൊണ്ട് കർത്താവിന്റെ പീഡാനുഭവം ശെരിക്കും അനുഭവിക്കുന്ന ഒരു സമയമായി സമൂഹം മാറ്റപെടുകയായിരുന്നു.അങ്ങനെ ആവണം എന്ന് പ്രസംഗിച്ചല്ല അച്ചൻ ഞങ്ങളെ മാറ്റിയെടുത്തത് , മറിച്ചു അങ്ങനെ ആയിരിക്കണം എന്ന് അച്ചന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നായിരുന്നു.

വളരെ ലളിതമായ ഭക്ഷണവും മൃദുവായ സംഭാഷണവും അച്ചന്റെ പ്രത്യേകതയായിരുന്നു. മദ്ബഹായിൽ ശുശ്രൂഷിക്കുന്നവരെ അച്ചൻ വളരെ വാത്സല്യത്തോടെ കരുതും . ഒരു പൈതൽ പോലും കൈ വിട്ടു പോകരുത് എന്ന് നിർബന്ധമായിരുന്നു. അങ്ങനെയൊക്കെ കരുതിയതിന്റെ ബാക്കി പത്രമാണ് ഇടവകയിൽ ഉണ്ടായ ഉണർവും, പല പട്ടക്കാരുടെ ഉദയവും ഒക്കെ. സ്ഥാനമാനങ്ങളേക്കാൾ സവിശേഷമായ ആത്മീയ തീക്ഷ്ണതയേയാണ് മാനവ വളർച്ചക്ക് ഉതകുന്നത് എന്ന് അച്ചൻ പറയാതെ പറഞ്ഞു . ഇതൊക്കെ കേൾക്കുമ്പോൾ വിചാരിക്കും അച്ഛൻ ഒരു പാരമ്പര്യ വാദിയും മൂരാച്ചിയും ഒക്കെ ആയിരുന്നു എന്ന് ! ഒരിക്കലും അല്ല. കുർബാന മനോഹരം ആക്കാൻ നല്ല ഒരു ക്വയർ ഉണ്ടാക്കാൻ അച്ചൻ സെമിനാരിയിൽ നിന്ന് ഒരു  ശെമ്മാശനെ കൊണ്ട് വന്നു . കറുകയിൽ അച്ഛനെയും ടി ജി അലക്സാണ്ടർ അച്ചനെ പോലെയും ഉള്ള നല്ല പ്രാസംഗികർ വന്നു പ്രസംഗിച്ചു. തീക്ഷ്ണമായ ആത്മീയ ബോധത്തിൽ നിന്നൂന്നിയുള്ള പുരോഗമന വാദം ആയിരുന്നു അച്ചൻ മുന്നോട്ടു വെച്ചത്..

കുമ്പസാരത്തിന്റെ പ്രസക്തിയും വിശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്ന കാലത്തിൽ അച്ചൻ അതിനെ കണ്ടത് സത്യമായ പാപ മോചനത്തിന്റെ ഉപാധിയായി ആണ്. കുമ്പസാരത്തിനെ ലാഘവത്തോടു കാണുന്ന ചിലരോട് കലഹിക്കാനും അച്ചന് മടിയുണ്ടായില്ല. ഒരിക്കൽ  ഒരു സന്ദർഭത്തിൽ വിഷമവും ദേഷ്യവും വന്നു  മദ്ബഹയിൽ കയറി പോയത് ഓർക്കുന്നു. പക്ഷെ പിന്നീട് ഞങ്ങൾ അറിഞ്ഞത് ത്രോണോസിൽ മുട്ടുമ്മേൽ നിന്ന് കണ്ണീരോടെ ജനത്തിന് വേണ്ടി ക്ഷമ ചോദിക്കുന്ന ഒരു പുരോഹിതനെയാണ് . വിശുദ്ധ കൂദാശകളെ നിസ്സാരവത്കരിക്കുന്ന ഒരു പ്രവർത്തിയും അച്ചനു സഹിക്കാൻ പറ്റുമായിരുന്നില്ല. പ്രത്യേകിച്ച് വിശുദ്ധ കുർബാന..
ഒരുതവണ വെക്കേഷൻ ബൈബിൾ സ്കൂളിന്റെ സമാപനത്തിൽ അച്ചന് കുർബാനക്കിടക്കു അസുഖം വന്നു വേറെ അച്ചനെ അറേഞ്ച് ചെയ്യേണ്ടി വന്നു. പക്ഷെ ആശുപത്രി കിടക്കയിലും സങ്കടത്തോടെ അച്ചൻ ഓർത്തതു  താൻ മൂലം മുടങ്ങി പോയ വിശുദ്ധ കുർബാനയെ കുറിച്ചായിരുന്നു. ഒരു ആയിരം പ്രാവശ്യം എങ്കിലും പുരോഹിതൻ മനസ്സിൽ ദൈവത്തോട് ക്ഷമ ഇരന്നു കാണണം.

വിശുദ്ധ വേദപുസ്തകം കർത്താവിന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത് താഴ്മയുടെയും എളിമയുടേം നേത്രത്വ ശൈലിയാണ് . മുമ്പന്മാരാവാൻ താല്പര്യമുള്ളവർ പിന്നിൽ നിൽക്കട്ടെ എന്നും മുൻപിൽ ഇടിച്ചു നിൽക്കുന്നവർ പിന്തള്ളപ്പെടും എന്നും നമ്മെ ഉദാഹരണ സഹിതം ഓർമിപ്പിക്കുന്നു. വന്ദ്യ ഈപ്പൻ അച്ചൻ ഞങ്ങൾക്ക് അപ്രകാരം താഴ്മയുടെ നേത്രത്വം ആയിരുന്നു.
ചെങ്കുളത്തു രൂപം കൊണ്ട മനോരമയുടെ ബാലജന സഖ്യം  ഉദ്ഘാടന ദിവസം; കാലം ചെയ്ത കൊല്ലം മെത്രാപോലിത്ത എപ്പിഫനിയോസ് തിരുമേനി ഉദ്ഘാടനകനും , സ്റ്റേറ്റ് പ്ലാനിംഗ് കമ്മീഷൻ അംഗം ആയിരുന്ന ബഹുമാനപ്പെട്ട കൊച്ചുമ്മൻ സർ അധ്യക്ഷനും ആയിരുന്ന ഒരു സമ്മേളനം.  എല്ലാര്ക്കും വല്യ ഉത്സാഹം . ഞങ്ങളുടെ നാട്ടിൽ ബാല ജന സഖ്യം ആദ്യമായി വരുന്നു. ബഹുമാനപ്പെട്ട ഈപ്പൻ അച്ചനെയും ഞങ്ങൾ ക്ഷണിച്ചിരുന്നു. വേദിയിൽ സ്ഥാനം ഇല്ലാതിരിന്നട്ടും അച്ചൻ കൃത്യ സമയത്തു എത്തി . ഏറ്റവും അവസാനത്തെ വരിയിൽ ശാന്തമായിരുന്നു എല്ലാം വീക്ഷിച്ചു കൊണ്ടിരുന്നു. എന്തിനേറെ പറയുന്നു, തിരുമേനി വരാൻ വൈകിയതിനാൽ ഉദ്‌ഘാടനം ചെയ്യാൻ ഭാഗ്യം ഉണ്ടായത് ഈപ്പൻ അച്ചൻ ആണ് . അങ്ങനെ പിന്പിൽ ഇരുന്ന അച്ചൻ മുന്പനായി മാറി. അവിടെ ഉണ്ടായിരുന്നവർക്കാർക്കും അതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല , എന്തെന്നാൽ അത് ഞങ്ങളുടെ വിളക്കും വഴികാട്ടിയും ആയിരുന്ന ഈപ്പൻ അച്ചൻ ആയിരുന്നു .
വളരെ ശക്തമായ യുവജന പ്രസ്ഥാനം പള്ളിയിൽ ഉരുവായതു അച്ചന്റെ ശ്രമഫലമായിരുന്നു.മാത്രമല്ല അവരെ കര്മോല്സുകരാക്കാൻ അച്ചൻ പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു. ഞങ്ങൾക്ക് വേദപുസ്തകവും സഭ ചരിത്രവും കൂദാശ അവബോധവും ഉണ്ടാക്കുവാൻ എല്ലാ ശനിയാഴ്ചകളിലും പ്രത്യേകം ക്ലാസ് നടത്തുമായിരുന്നു. അല്പം തമാശയും കുസൃതികളും നിറഞ്ഞ ക്ലാസുകൾ ആയിരുന്നു. ഞങ്ങളുടെ കുസൃതി ചോദ്യങ്ങൾക്കു അച്ചൻ തമാശയും കാര്യവും നിറഞ്ഞ മറുപടികൾ തരുമായിരുന്നു.ക്രിസ്ത്യാനികൾ പ്രത്യേകിച്ച് ഓർത്തോഡോസ്കാർ മാത്രമേ ദൈവത്തിന്റെ കുഞ്ഞാടുകളും സ്വർഗ്ഗ രാജ്യത്തിന് അവകാശികളും ആകുമോ എന്ന ചോദ്യത്തിന്  മറുപടി വളരെ ആഴത്തിൽ ഉള്ളതായിരുന്നു. “എല്ലാ ജീവജാലങ്ങളും മനുഷ്യ കുലം  മുഴുവനും ദൈവത്തിന്റെ സൃഷ്ടികൾ ആണ്.ദൈവത്തെ അറിയുന്ന വഴി ആണ് വ്യത്യസ്തം . ആയതിനാൽ എല്ലാരേം സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും നമുക്ക് കഴിയണം” , വളരെ ലളിതമായ ഭാഷയിൽ സ്നേഹത്തോടെ അച്ചൻ അത് പറഞ്ഞു തരുമ്പോൾ ഞങ്ങൾ എല്ലാരുടെയും ഹൃദയങ്ങളെ അച്ചൻ പിടിച്ചെടുക്കുകയായിരുന്നു.
അച്ചന്റെ കൊച്ചമ്മയെക്കുറിച്ചു പറയാതെ അനുസ്മരണം പൂർത്തിയാവില്ല. അച്ചന്റെ നിഴലായി എന്നും ഇപ്പോഴും കൊച്ചമ്മയുണ്ടായിരുന്നു.ഈപ്പൻ അച്ചൻ ശാന്തമായി  ഒഴുകുന്ന പുഴയായിരുന്നെങ്കിൽ അതിന്റെ ഓരങ്ങളിൽ ഇളം കാറ്റിൽ വീശുന്ന ആറ്റു വഞ്ചിയായിരുന്നു കൊച്ചമ്മ.  എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവം. അച്ഛന്റെ സുഖ ദുഖങ്ങളിൽ, പ്രക്ഷുബ്ധതയുടെയും സന്തോഷങ്ങളുടെയും ഇടയിൽ പ്രത്യേക ഭാവങ്ങൾ ഇല്ലാതെ അച്ചനു താങ്ങായും തണലായും കൊച്ചമ്മ കൂടെ നിന്ന്. അച്ചന്റെ കരുത്തു മുഴുവനും കൊച്ചമ്മയായിരുന്നു.  ഇടവകക്കാരെ മുഴുവനും കൊച്ചമ്മക്കും അറിയാമായിരുന്നു.ഞങ്ങൾ കുഞ്ഞുങ്ങളെയും യുവജനങ്ങളെയും വല്യ കാര്യമായിരുന്നു . ശെരിക്കും കൊച്ചമ്മ ഞങ്ങൾക്കൊക്കെ ഒരു അമ്മച്ചിയായിരുന്നു. ശെരിക്കും ഒരു മാതൃക ദമ്പതികൾ !

ചെങ്കുളം പള്ളിയിൽ സേവനം അനുഷ്ടിച്ചതിനു ശേഷം ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്കു ശേഷവും ഈപ്പൻ അച്ചൻ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളെ പോലെ എനിക്കും ഉറപ്പാണ് ആചാര്യ ശ്രേഷ്ഠൻ നല്ല പോർ പൊരുതി ഓട്ടം തികച്ച ശേഷം ജീവന്റെ നിത്യ കിരീടം പ്രാപിക്കുവാൻ വേർതിരിക്കപ്പെട്ട കർത്താവിന്റെ അഭിഷിക്തന്മാരിലൊരുവനായിരിക്കുന്നു! ഇമ്പമുള്ള പറുദീസയിലേക്കു അച്ചൻ വിളിക്കപ്പെട്ടിരിക്കുന്നു !  മനമുരുകി പ്രാർത്ഥിച്ച ഒരു ദേശവും അതിലെ ജനതയും ഇന്ന് അച്ചനെ ഓർത്തു നൊമ്പരപ്പെടുകയും അതെ സമയം പ്രത്യാശയുടെ സംഗീതം അവരുടെ ചെവിയിൽ മുഴങ്ങുകയും ചെയ്യുന്നു. നമ്മുടെ ആരാധനാ രീതിയും സാമൂഹിക വ്യവസ്ഥിതിയും, പ്രത്യേകിച്ചു പുരോഹിത വർഗ്ഗവും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ഈപ്പൻ അച്ചൻ നൽകുന്ന സന്ദേശവും ചര്യയും നമ്മെ ഉത്സാഹഭരിതരും നിരാശയില്ലാത്തവരും ആക്കാൻ ഉതകുന്നതാണ്. ഇത്തരം ആളുകൾ എണ്ണത്തിൽ വളരെ കുറച്ചു മാത്രം ഉണ്ടെങ്കിൽ തന്നെയും.
കുന്തിരികത്തിന്റെ സുഗന്ധം കുറഞ്ഞപോലെ തോന്നുന്നു.ആത്മാവ് വേർപെട്ടു പോകുന്ന പ്രക്രിയ ആവണം. രാത്രിയിലെ ആഴങ്ങളിലേക്ക് ഞാൻ നോക്കിയിരുന്നു . അസ്ഥി തുളയ്ക്കുന്ന തണുപ്പ് അരിച്ചു കയറുന്നു. എഴുതുമ്പോൾ ഏറിയും കുറഞ്ഞും  ഇരുന്ന സുഗന്ധം എന്നിൽ നിന്ന് അകലേക്ക് പോകുന്ന പോലെ തോന്നി. ശരീരമാസകലം ഒരു തരിപ്പ് . അറിയാതെ മനസ്സിൽ പാടിപോയി ..."ആചാര്യേശ ..."
വന്ദ്യ ഈപ്പൻ അച്ചന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം അച്ചൻ ഭൂമിയിൽ പകർന്നു കൊടുത്ത ആത്മീയ വെളിച്ചം അതിന്റെ മുഴുവൻ തേജസ്സിലും, കെടാതെ കൊണ്ട് പോകാൻ നമുക്കെല്ലാർകും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.