ഇന്ന്, എൻ്റെ പ്രിയപ്പെട്ട അപ്പച്ചൻ - പുത്തൻവീട്ടിൽ എം Kurikesu , കാലയവനികയ്ക് പിന്നിൽ മറഞ്ഞിട്ടു 34 വർഷങ്ങൾ ആയി.. അപ്പച്ചൻ ഞങ്ങൾക്ക് ഒരു വ്യക്തി മാത്രമല്ല, ഒരു യുഗത്തിൻ്റെ അടയാളവും, നേടിയതും നേടാനുള്ളതും നേടാൻ കഴിയാത്തതുമായ സ്വപ്നങ്ങളുടെ ഓർമ്മപ്പെടുത്തലുമാണ്..
ആദ്യകാലങ്ങൾ
കൂട്ടരഴികത്തു മാത്തുണ്ണിയുടെ 8 മക്കളിൽ അഞ്ചാമനായി ജനനം , ബാല്യകാലം ചെങ്കുളം - മരക്കുളം പ്രദേശങ്ങളിൽ. എന്റെ പരിമിതമായ അറിവും ഓർമയും വെച്ച് , അപ്പച്ചൻ അന്നത്തെ 7 -ആം ക്ലാസ് വരെ പഠിക്കുകയും പിന്നെ അക്കൗണ്ടൻസി യുടെ ഒരു ഉപരിപഠനവും നടത്തിയതായി കേട്ടിട്ടുണ്ട്.പിൽക്കാലത്തു വ്യാപാരവും സഹകരണ ബാങ്കും നടത്തുമ്പോൾ ഈ ഫിനാൻഷ്യൽ ഹയർ സ്റ്റഡീസ് അദ്ദേഹത്തിനെ സഹായിച്ചിരുന്നു അത്രേ. അന്നത്തെ 1918-1920 കാലഘട്ടങ്ങളിലെ ഈ ഉപരിപഠനത്തിന് , ഇപ്പോഴത്തെ ഡിഗ്രിയുടെ വിലയുണ്ട് എന്ന് വേണമെങ്കിൽ പറയാം . തന്റെ ഇരുപതുകളുടെ ആദ്യ ഘട്ടത്തിൽ തന്നെ വിവാഹം കഴിഞ്ഞു കുടുംബസ്ഥനുമായി. മൂത്ത മകൻ (എപ്പിഫനിയോസ് തിരുമേനി ) ജനിക്കുമ്പോൾ. അപ്പച്ചന് പ്രായം വെറും 22 . എന്ന് വെച്ചാൽ അതിനു മുന്നേ സ്വന്തം കാലിൽ നിൽക്കാൻ അപ്പച്ചൻ പ്രാപ്തനായിരുന്നു എന്ന്... 22 വയസിൽ നമ്മളൊക്കെ പഠിക്കുകയോ PSC ടെസ്റ്റ് എഴുതുകയോ ഒക്കെ അല്ലെ ഇപ്പോഴൊക്കെ (അന്നത്തെ കാലഘട്ടത്തിൽ കേരളത്തിലെ ശരാശരി പുരുഷന്റെ ആയുസ്സു 22 വയസായിരുന്നു എന്നും നമ്മൾ കൂട്ടി വായിക്കണം )
പുത്തൻവീട്ടിൽ അച്ചായൻ എന്ന വ്യാപാരി
മൂത്ത സഹോദരനായ ശ്രീ.ഗീവർഗ്ഗീസിൻ്റെ കച്ചവടപാടവത്തിൽ പ്രചോദിതനായി സ്വന്തം വഴി കണ്ടെത്തിയ ധീരനായിരുന്നു അപ്പച്ചൻ . കേവലം പരമ്പരാഗത കൃഷിയിൽ ഒതുങ്ങാതെ, വ്യാപാരം, ചരക്ക് ശേഖരണം, വിൽപ്പന എന്നിങ്ങനെ പല സംരംഭങ്ങളിലും അദ്ദേഹം കൈവെച്ചു. ഒരു സംരംഭകൻ്റെ എല്ലാ ഊർജ്ജസ്വലതയും അപ്പച്ചനിലുണ്ടായിരുന്നു. നാട്ടുകാരുടെ പിന്തുണയോടെ ഒരു സഹകരണ സംഘം വിജയകരമായി നടത്തിക്കൊണ്ടുപോയത് അദ്ദേഹത്തിൻ്റെ സാമൂഹിക കാഴ്ചപ്പാടിന് തെളിവാണ്. അത് ഗ്രാമീണർക്ക് കൈമുതലായ ഒരു സമ്പാദ്യശീലവും, സുഗമമായ പ്രവർത്തന മൂലധനവും ഉറപ്പുവരുത്തി. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും നിസ്സീമമായ പിന്തുണയിൽ അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ അക്കാലത്തു (ഏകദേശം 1930-40 കാലങ്ങൾ ) വലിയ വിജയമായിരുന്നു എന്ന് കേട്ടിട്ടുണ്ട് .Chenkulam സമൂഹത്തിൽ അദ്ദേഹത്തിന് 'പുത്തൻവീട്ടിൽ അച്ചായൻ' എന്നൊരു സ്നേഹപ്പേരുണ്ടായിരുന്നു,വീട്ടുകാർക്ക് അത് പുത്തൻ വീട്ടിലെ ഉപ്പാനും . Chenkulam സെൻ്റ് ജോർജ്ജ് പള്ളി അതിൻ്റെ പ്രയാസമേറിയ കാലഘട്ടങ്ങളിൽ പണിതുയർത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളും, പൊതുവായ സഭാപ്രവർത്തനങ്ങളിലെ പങ്കാളിത്തവും എന്നും സമൂഹം ഓർക്കുന്നു.
എന്നാൽ, ചരിത്രത്തിൻ്റെ ഗതി വിഗതികൾ അദ്ദേഹത്തിൻ്റെ പല സ്വപ്ന പദ്ധതികൾക്കും വിലങ്ങുതടിയായി. രണ്ടാം ലോകമഹായുദ്ധവും അതിൻ്റെ അനന്തരഫലങ്ങളും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ, ആ സംരംഭകന് മുന്നോട്ട് പോകാനായില്ല. അക്കാലത്തെ അപ്പച്ചന്റെ ചില കുറിപ്പുകളിൽ നിന്നും യുദ്ധത്തെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളും, അത് മദ്രാസിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കു നീക്കങ്ങൾക്കുള്ള തടസ്സങ്ങളെക്കുറിച്ചും , അത് cash flow യിൽ വരുത്തുന്ന തുടർ ചലനങ്ങളെക്കുറിച്ചും എഴുതിയിരുന്നത് ഞാൻ പിന്നീട് വായിച്ചിട്ടുണ്ട് . സാമ്പത്തികമായി തകർന്നെങ്കിലും എല്ലാവരുമായി സ്നേഹത്തോടെയും സൗഹൃദത്തോടെയും കാര്യങ്ങൾ പറഞ്ഞു തീർത്ത്, പിന്തുണച്ച സഹോദരങ്ങൾക്കും പങ്കാളികൾക്കും മതിയായ പരിഹാരം ഉറപ്പാക്കി അദ്ദേഹം ആ രംഗത്തുനിന്ന് പിന്മാറി എന്നത് അപ്പച്ചന്റെ വ്യക്തിത്വത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.
പാതിയിൽ പൊലിഞ്ഞ സ്വപ്നം - പുത്തൻവീട്ടിൽ തറവാട്
പൂർണ്ണാർത്ഥത്തിൽ ഒരു വീട് പണിയണമെന്ന അപ്പച്ചൻ്റെ മോഹമാണ് 1943-ൽ ഭൂമി വാങ്ങുന്നതിലേക്കും പാതിവഴിയിൽ നിലച്ചുപോയ ആ കെട്ടിടത്തിലേക്കും നയിച്ചത്. സാമ്പത്തികം തകർന്നപ്പോൾ ആ സ്വപ്നം മുറിഞ്ഞുപോയി. പിന്നീട് മക്കളുടെ നേതൃത്വത്തിൽ, ബാക്കിയുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് മുഖ്യകാർമ്മികത്വം വഹിക്കുക എന്ന ചുമതല മാത്രമേ അപ്പച്ചന് ഉണ്ടായുള്ളൂ.
ഒരു സ്കൂൾ കെട്ടിടം പോലെ കിടന്നിരുന്ന ആ പാതി വീട്, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ നീണ്ട ഹാൾ, അതിലൂടെയുള്ള വഴി, വശങ്ങളിലുള്ള ചെറിയ മുറികൾ, പിന്നിലെ നീളമുള്ള അറപ്പുര, മുൻവശത്തെ വിശാലമായ വരാന്ത... അതായിരുന്നു ഞങ്ങളുടെ പുത്തൻ വീട്ടിൽ തറവാട് ! പിന്നീട് വീട്ടിൽ കല്യാണങ്ങൾ വരുമ്പോഴും മറ്റുമായി കൂട്ടിച്ചേർക്കലുകളിലൂടെ വളർന്നു. അതിൽ താമസിച്ചവരുടെ ജീവിതത്തോടൊപ്പം വളർന്ന വീടാണത്. അന്നത്തെ വീടിൻ്റെ മേൽക്കൂരയും അടിസ്ഥാനവും 82 വര്ഷങ്ങള്ക്കു ശേഷവും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നത് കാലത്തെ അതിജീവിച്ച ആ വലിയ ഓർമ്മയുടെ പ്രതീകമാണ്.
വീടിന്റെ ഭരണം മുഴുവൻ മക്കൾ ഏറ്റെടുത്തെങ്കിലും , കൃഷിയിലും വിളവെടുപ്പിലും പിന്നെ അതിന്റെ വിതരണവും ഉപയോഗത്തിലും അപ്പച്ചന് തന്റേതായ ചിട്ടകൾ ഉണ്ടായിരുന്നു . ഞങ്ങൾ കൊച്ചു മക്കളോട് കൃഷിയുടെ പ്രാധാന്യവും അത് തുടരുന്നതിന്റെ ആവശ്യകതയും ആവർത്തിച്ചു പറഞ്ഞിരുന്നു.വെട്ടിയ തേങ്ങയുടെയും കൊയ്ത നെല്ലിന്റെയും കണക്കിൽ അഭിമാനിച്ചിരുന്ന, സന്തോഷിച്ചിരുന്ന അപ്പച്ചൻ എന്റെ ഓർമയിൽ ഇന്നും ഒരു പൊൻതിളക്കമായി നിൽക്കുന്നുണ്ട്.
നിശ്ശബ്ദനായ അപ്പച്ചനും വരാന്തയിലെ സംഭാഷണങ്ങളും
ആ വരാന്തയായിരുന്നു ഞങ്ങളുടെ വീടിൻ്റെ ഹൃദയം. അതിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരങ്ങിയിരിക്കുന്ന ചാച്ചി, ചാച്ചൻ, തിരുമേനി... അവരുടെ മധ്യേ മൗനം പൂണ്ടിരുന്ന അപ്പച്ചൻ. അടുക്കളയിൽ നിന്ന് വരാന്തയിലേക്ക് എത്തിനോക്കി എന്തൊക്കെയോ ആത്മഗതങ്ങൾ പറഞ്ഞ് തിരികെ പോകുന്ന അമ്മച്ചി. പിന്നെ കളിച്ചും ചിരിച്ചും ഓടിനടക്കുന്ന ഞങ്ങൾ ആറ് പിള്ളേർ! ഇതൊക്കെയായിരുന്നു എൺപതുകളിലെ ഞങ്ങളുടെ വീട്ടിലെ സ്ഥിരം കാഴ്ചകൾ.
ആ കാലത്തെ ഏറ്റവും തെളിമയുള്ള ഓർമ്മ, ചാച്ചൻ, ചാച്ചി, തിരുമേനി എന്നിവർ ഒന്നിച്ചിരുന്നുള്ള സന്ധ്യാസമയത്തെ സംഭാഷണങ്ങളാണ്. പ്രാർത്ഥന കഴിഞ്ഞോ അത്താഴത്തിന് മുൻപോ ശേഷമോ ഉള്ള ആ കൂടലിന് അവർക്ക് ജീവവായുവിൻ്റെ സ്ഥാനമുണ്ടായിരുന്നു. അന്നത്തെ സകല സംഭവങ്ങളും, കണ്ടുമുട്ടിയ ആളുകളും, അടുത്ത ദിവസത്തെ കാര്യങ്ങളും അവർ ചർച്ച ചെയ്യുമ്പോൾ, സംഭാഷണം വരാന്തയുടെ ഒരറ്റത്ത് തുടങ്ങി മറ്റേ അറ്റത്ത് അവസാനിക്കും. കാര്യങ്ങളുടെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും, അത് കേട്ടിരിക്കുന്നത് എനിക്കൊരു വലിയ രസമായിരുന്നു.
അന്ന് വൈദികനായിരുന്ന തിരുമേനി യാത്രയുടെ ക്ഷീണമെല്ലാം മറന്ന് ഈ ചർച്ചകളിൽ പങ്കുചേരും. അവർ മൂവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളോ സംഘർഷങ്ങളോ ഉണ്ടായിരുന്നില്ല. തിരുമേനിയുടെ പക്വതയും, ചാച്ചൻ്റെ സ്വാധീന വലയവും, ചാച്ചിയുടെ നിസ്സംഗതയും പരസ്പരം പൂരകങ്ങളായി. എന്നാൽ, അപ്പച്ചൻ അപ്പോഴും മക്കളിൽ നിന്ന് ഒരു 'തന്ത്രപരമായ അകലം' പാലിച്ചിരുന്നു.
കുടുംബ കാരണവർ
തന്റെ മൂത്ത സഹോദരങ്ങളുടെ കാലശേഷം 70-80 കാലങ്ങളിൽ കുടുംബ കാരണവർ എന്ന ഒരു അലിഖിത പദവി അപ്പച്ചൻ വളരെ തന്മയത്തോടെയും സ്നേഹത്തോടെയും വഹിച്ചിരുന്നു . എന്റെ ഓർമയിൽ കുടുംബത്തിലും നാട്ടിലും ഉള്ളവരെല്ലാം അപ്പച്ചനോട് ബഹുമാനം കലർന്ന ഒരു സ്നേഹ പ്രകടനം ആയിരുന്നു ..അപ്പച്ചൻ കുടുംബക്കാരും നാട്ടുകാരും എന്ന് പറഞ്ഞാൽ പിന്നെ രണ്ടാമത് ഒരു ചിന്തയുമില്ല ..അവരുടെ കാര്യങ്ങൾ കഴിഞ്ഞേ പിന്നെ തിരിച്ചു വീട്ടിൽ കേറുകയുള്ളു . കട്ടച്ചൽ സ്കൂൾ , ചെങ്കുളം പള്ളി , നാട്ടിലെ വായനശാല ,തുടങ്ങി ഒരുപാട് സാമൂഹിക പരമായ ഇടപെടലുകൾ അപ്പച്ചൻ നടത്തിയിട്ടുണ്ട്. അതൊക്കെ അന്നത്തെ കാലഘട്ടങ്ങളുടെ ആവശ്യവും ആയിരുന്നു .ഇന്ന് ഇതുപോലെ ഉള്ള സാമൂഹിക ഇടപെടലുകൾ ഒക്കെ നടത്തണമെങ്കിൽ നൂറുവട്ടം ചിന്തിക്കണം .അപ്പച്ചൻ എല്ലാത്തിനും ഒരു പോസിറ്റീവ് impact ഉണ്ടാക്കാൻ മിടുക്കൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് .
അപ്പച്ചൻ എന്ന ക്ഷിപ്രകോപി ..
ഇനി അല്പം ദുര്ബലത പറയാം . അപ്പച്ചന് പെട്ടെന്ന് ദേഷ്യം വരും , അതുപോലെ അങ്ങ് പോവുകയും ചെയ്യും. അപ്പച്ചനെ ചെലര് ഭയത്തോടെ നോക്കിയിരുന്നതിനു ഇത് ഒരു കാരണം ആയിരുന്നുഎങ്കിലും തന്റെ ആ ദൗർബല്യം , സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ മാറ്റിയെടുക്കാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുമുണ്ട്.തമാശ എന്തെന്ന് വെച്ചാൽ, ഈ ക്ഷിപ്രകോപവും ക്ഷിപ്ര ശാന്തവും ആയ പെരുമാറ്റം Koottarazhikam കുടുംബത്തിന്റെ പൊതുവായ ജീനിലുള്ളതാണ് എന്നതാണ് .അപ്പോൾ അത് നമുക്ക് മറക്കാം .
അവസാന നാളുകൾ
ഏകദേശം 80 വയസിനടുത്തു ആയപ്പോഴാണ് മൂത്ത മകൻ തിരുമേനി ആയി തെരഞ്ഞെടുക്കപ്പെടുന്നത് . ജീവിത സായാഹ്നത്തിലെ ആ സന്തോഷം വാനപ്രസ്ഥത്തിന്റെ നിര്നിമേഷമായാണ് അപ്പച്ചൻ കൈകാര്യം ചെയ്തത്. 87 -ഇൽ തന്റെ പ്രിയ പത്നിയുടെ മരണത്തിനു ശേഷം അപ്പച്ചൻ അല്പം ക്ഷീണിതൻ ആയി . അതിനു ശേഷമുള്ള 4 വർഷങ്ങൾ രോഗങ്ങളും മരുന്നുകളും ഒക്കെ ആയി അപ്പച്ചൻ ഒരു മൽപ്പിടുത്തം ആയിരുന്നു . എന്റെ ഓർമയിൽ മരിക്കുന്നതിന് തലേ വര്ഷം വരെ മുടങ്ങാതെ പള്ളിയിൽ പോയി കുർബാന അനുഭവിച്ചു വരുമായിരുന്നു. അവസാനം Oct 13 ,1991 അപ്പച്ചൻ പോയി. അന്നൊരു ഞായർ , ഞങ്ങൾ എല്ലാം പള്ളിയിൽ ഈപ്പൻ അച്ഛന്റെ കുർബാന കൂടുന്നു . അപ്പച്ചൻ രാവിലെ പതിവുപോലെ കുളി കഴിഞ്ഞു പ്രാതൽ കഴിക്കാനെത്തി.അമ്മ കൊടുത്ത ഭക്ഷണം കഴിക്കുന്ന മുന്നേ തന്നെ ആ ശ്വാസം നിലച്ചു . ചാച്ചിയും അമ്മയും സാക്ഷികൾ ആയി. ഈപ്പൻ അച്ഛന്റെ പ്രസംഗ സമയത്താണ് അപ്പച്ചന്റെ മരണ വാർത്ത പള്ളിയിൽ വായിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ അവസാനം അങ്ങനെ...
അപ്പച്ചൻ്റെ ജീവിതം ഒരു പാഠമാണ്. വിജയങ്ങളുടെ, വെട്ടിപിടിക്കലുകളുടെ കൊടുമുടിയിൽ നിന്ന് കാലത്തിൻ്റെ അനിവാര്യമായ താഴ്വാരത്തിലേക്ക് ഇറങ്ങി വന്നപ്പോഴും, സ്നേഹബന്ധങ്ങൾ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ഒരു മനുഷ്യൻ്റെ കഥയാണത്. തന്റെ പല വലിയ സ്വപ്നങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും..
ഇന്ന് 34 വർഷങ്ങൾക്കിപ്പുറവും, അപ്പച്ചൻ്റെ നിശ്ശബ്ദമായ ആ നിറ സാന്നിധ്യവും, അദ്ദേഹം നെയ്തെടുത്ത കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഞങ്ങളുടെ വീടിൻ്റെ ഓരോ കോണിലും നിറഞ്ഞുനിൽക്കുന്നു. ദൈവത്തിനുള്ളത് എന്ന അർത്ഥമുള്ള 'കുറിയാക്കോസ്' എന്ന പേരിനെ അന്വര്ഥമാക്കിയ പ്രിയപ്പെട്ട അപ്പച്ചാ, അങ്ങ് എന്നും ഞങ്ങളുടെ ഓർമ്മകളിൽ ഒരു കെടാവിളക്കായി തിളങ്ങി നിൽക്കും, മലമേൽ പ്രകാശം പരത്തുന്ന ഒരു ഗോപുരമായി ...