സൂസമ്മ
ടീച്ചർ -ഇനി ഓർമകളിൽ മാത്രം
...
പുന്നക്കോട്
ഹൈസ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ച സൂസമ്മ ടീച്ചർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എന്നെപോലെ അനേകം വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചർ, എല്ലാര്ക്കും വളരെ ഇഷ്ടമായിരുന്നു. ടീച്ചറിനെ
ഓർത്തിരിക്കാൻ എനിക്ക് ഒരുപാടു കാര്യങ്ങൾ ഉണ്ട്. ടീച്ചറിന്റെ കുടുംബം ഞങ്ങളുടെ കുടുംബവുമായി ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള
അടുപ്പവും ഒരേ നാട്ടുകാരും പള്ളിക്കാരും
ഒക്കെയാണ്. എന്നിരുന്നാലും , ടീച്ചറിനെ എന്റെ പ്രിയപ്പെട്ട വ്യക്തിയാക്കിയത് എന്നെ മൂന്നു വര്ഷം പഠിപ്പിച്ചു എന്നുള്ളതാണ്.
ടീച്ചറിനെ
കുറിച്ചുള്ള ചില ഓർമ്മകൾ ഇവിടെ
കുറിക്കട്ടെ.
എട്ടാം
ക്ലാസ്സിലെ സാമൂഹിക പാഠം ക്ലാസിലാണ് ഞാൻ
ആദ്യമായി ടീച്ചറിനെ പരിചയപ്പെടുന്നത്. തന്റെ സഹ പ്രവർത്തകന്റെ മകൻ
എന്ന നിലയിലും കുടുംബങ്ങൾ തമ്മിലുള്ള പരിചയവും കാരണം ടീച്ചറിന് എന്നെ വലിയ കാര്യമായിരുന്നു. പഠിപ്പിക്കുന്ന
ഭാഗങ്ങൾ എനിക്ക് മനസ്സിലായോ എന്ന് ഉറപ്പു വരുത്തുന്നതിൽ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ടീച്ചർ ഹിസ്റ്ററിയും ജോഗ്രഫിയും ആണ് പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ ടീച്ചറിന്റെ
ഒരു monotonous voice കൊറച്ചു ബോറിങ് ആയി തോന്നിയെങ്കിലും പതിയെ
പതിയെ ഞാൻ ആ ഒരു
പ്രത്യേക തലത്തിൽ അലിഞ്ഞു ചേർന്ന്. മാതൃ വാത്സല്യം കലർന്ന
ഒരു പഠന രീതി ആയിരുന്നു
ടീച്ചറിന്റേത്. കൗമാരക്കാരായ കുട്ടികളെ പഠിപ്പിക്കുമ്പോൾ ആർക്കും അല്പമൊക്കെ ദേഷ്യം വരുന്നത് പതിവാണല്ലോ. ടീച്ചർ ഒരിക്കലും ഞങ്ങളോട് കയർത്തു സംസാരിക്കുകയോ , അടിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എല്ലാം സ്നേഹത്തോടെ ഉപദേശം ആയിരുന്നു. ചില സമയങ്ങളിൽ കുസൃതികളായ
ഞങ്ങളോട് അതെ നാണയത്തിൽ തിരിച്ചു കൌണ്ടർ
അടിക്കാൻ ഒരു പ്രത്യേക ചാതുര്യം
ടീച്ചർ കാണിച്ചിരുന്നു. എന്നാൽ ഒന്നും അതിരു കടന്നു പറഞ്ഞിട്ടുമില്ല. ഒരിക്കൽ ചരക്കു ഗതാഗതം എന്ന വാക്ക് പറഞ്ഞപ്പോൾ
ഞങ്ങൾ എല്ലാരും ചിരിച്ചു, പെൺപിള്ളേർ തലകുനിച്ചിരുന്നു . പക്ഷെ ടീച്ചറിന്റെ മറുപടി ശാന്ത ഗംഭീരമായിരുന്നു. എടാ നീയൊക്കെ കരുതുന്ന
ചരക്കു അല്ല , ഇത് ഗുഡ്സ് (goods) ആണ്
എന്ന് പറഞ്ഞു എല്ലാരുടേം വായടപ്പിച്ചു. പെൺപിള്ളേർ ആശ്വാസത്തോടെ തല ഉയർത്തുന്നത് കാണാമായിരുന്നു.
പിന്നെ
ഒരിക്കൽ10th std ആണെന്ന് തോന്നുന്നു, ഒരു Geography പരീക്ഷയിൽ ഒരു ചോദ്യത്തിനുള്ള മാർക്ക്
ടീച്ചർ മനഃപൂർവം വെട്ടിക്കുറച്ചു.അതേക്കുറിച്ചു ചോദിച്ചപ്പോൾ ടീച്ചർ പറയുവാ, അത് നീ പഠിച്ചു
എഴുതിയതാണോ എന്ന് എനിക്ക് സംശയം തോന്നി അത് കൊണ്ട് മാർക്ക്
കൊറച്ചു എന്ന്. ശെരിക്കും അത് സത്യമായിരുന്നു, ഞാൻ
അൽപ സ്വല്പം കയ്യീന്നിട്ടു, അവിടേം ഇവിടേം ഒക്കെ നോക്കി താല്പര്യമില്ലാതെ എഴുതിയ ഒരു ഉത്തരം ആയിരുന്നു
.ഒരു നല്ല അധ്യാപകന് മാത്രം
കഴിയുന്നതാണ് , തന്റെ വിദ്യാർത്ഥികളുടെ ഉത്തരം കണ്ടു അത് അവൻ പഠിച്ചു
സ്വന്തമായി എഴുതിയതാണോ എന്ന് അറിയാനുള്ള കഴിവ്..പിന്നെ ഒരിക്കലും അങ്ങനെ ഒരു കുതന്ത്രം ഞാൻ
പയറ്റിയി ട്ടില്ല. പിന്നെ ഒരു ദിവസം ഒരു
കുട്ടിയെ രൂക്ഷമായി നോക്കുന്നത് കണ്ടു, ആ കുട്ടിക്ക്
മാത്രം അതെന്താണെന്നു മനസിലായി , ബാക്കിയുള്ള ആര്ക്കും അത് മനസിലായതുമില്ല. ടീച്ചർ
അങ്ങനെ ആയിരുന്നു. കൃത്യമായി ആശയ വിനിമയം ചെയ്യാനുള്ള
കഴിവ്.
കഴിഞ്ഞ
തവണ നാട്ടിൽ പോയപ്പോൾ ടീച്ചറിനെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. അസുഖങ്ങൾ വല്ലാതെ ആ ശരീരത്തെ അലട്ടായിരുന്നു
എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരു
കാല് മുറിച്ചു കളയേണ്ടി വന്നെങ്കിലും, ടീച്ചറിന്റെ ഊർജസ്വലതയെ ഒട്ടും തളർത്തിയില്ല. ക്ഷീണിച്ച ശാരീരിക അവസ്ഥയിലും ടീച്ചർ എന്നോട് കൊറേ നേരം സംസാരിച്ചിരുന്നു.
പഴയ കഥകളും കൂട്ടുകാരെയും ഒക്കെ ടീച്ചർ ഓർത്തെടുത്തു. വളരെ സന്തോഷമായി ഞങ്ങൾക്ക്
രണ്ടുപേർക്കും.
ഇനിയും
നാട്ടിൽ വരാമെന്ന ഉറപ്പോടെയാണ് ഞാൻ അന്ന് അവിടെ
നിന്നിറങ്ങിയത് , ഇനി ആ ഉറപ്പു
പാലിക്കേണ്ടി വരില്ലലോ എന്നോർക്കുമ്പോൾ അറിയാതെ മനസിന്റെ കോണിൽ ഒരു നൊമ്പരം വിങ്ങി
നില്കുന്നു. എന്റെ പ്രിയപ്പെട്ട സൂസമ്മ ടീച്ചർ , നിങ്ങൾ ഒരു നല്ല അധ്യാപികയും
അതിനേക്കാൾ നല്ല ഒരു മാതാവും
കുടുംബിനിയും ഒക്കെ ആയി, നല്ല പോർ
പൊരുതി, ജീവന്റെ നിത്യ കീരീടം പ്രാപിക്കാൻ പ്രാപ്തയായിരിക്കുന്നു. ടീച്ചറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, അതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
സസ്നേഹം,
ബിജി
No comments:
Post a Comment