Wednesday, July 21, 2021

ക്ഷണികമാമീ നശ്വര ജീവിതം

  ചാച്ചന്റെ കുറിപ്പുകൾ-1                                        


------------------------------------------------------------------------------------------------------

എന്തായീശ്രമമെത്ര താളുഴറിനി ശാരീരവി ജ്ഞാനമേ

എന്താശിപ്പത്‌ രാസഭോതിക ശാസ്ത്രങ്ങളെ നിങ്ങളും ...

ഈ വരികൾ ഏതു കവിയുടെ ആണെന്ന് വിശദികരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .മലയാള ഭാഷയിൽ സാമാന്യ ജ്ഞാനം ഉള്ള ആർക്കും പെട്ടെന്ന് മനസിലാകും ഇതൊരു കുമാരൻ ആശാൻ കവിത ആണെന്ന്. അതെ , അദ്ദേഹത്തിന്റെ 'പ്രരോദനം' എന്ന കവിതയിലെ രണ്ടു വരികൾ ആണ് . ഈ കവിത എഴുതുന്നതിന്റെ പശ്ചാത്തലവും എഴുത്തുകാരന്റെ ചില വ്യക്തിപരമായ സാഹചര്യങ്ങളും , തന്റെ മനോവിചാരങ്ങളുമായി താരതമ്യം ചെയ്തു നോക്കുകയാണ് ഈ ലഖു കുറിപ്പിലൂടെ .

 

കവി വളരെ ബഹുമാനിക്കുകയും ഗുരു തുല്യനായി ആദരിക്കുകയും ചെയ്തിരുന്ന എ .ആർ . രാജ രാജ വർമ്മ ആന്തരിച്ചപ്പോൾ , തന്റെ മനസ്സിൽ ഘനീഭവിച്ചു കിടന്നിരുന്ന ദുഃഖം കവിതയായി പെയ്തൊഴിഞ്ഞതാണ് 'പ്രരോദനം'. കരച്ചിൽ  എന്നാണ് ഈ വാക്കിന്റെ അർഥം. തന്റെ വിവിധ രചനകളാൽ മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ അതുല്യ രചയിതാവിന്റെ വേർപാടിൽ, പ്രകൃതി പോലും അതിവർഷത്തിലൂടെ അതിന്റെ സങ്കടം പ്രകടിപ്പിച്ചൂ എന്നാണ് കവിയുടെ നിരീക്ഷണം. കവിയുടെ തന്നെ നളിനി എന്ന കണ്ട കാവ്യത്തിന് അവതാരിക എഴുതിയത് രാജ രാജ വർമ്മ ആയിരുന്നു. സവർണ മേധാവിത്തം അതിന്റെ സകല പ്രതാപവും കാണിച്ചിരുന്ന അക്കാലത്തു, ആശാനേ പോലുള്ള പ്രതിഭകൾക്ക് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. അപ്പോഴാണ്, നളിനിയുടെ അവതരികയിലൂടെ എ .ആർ ആ പ്രതിഭക്കു അർഹിക്കുന്ന ആദരവ് നേടിക്കൊടുത്തത്. അതിന്റ് ശേഷം ആശാൻ എ  ആറിനെ ഗുരു തുല്യനായി കരുതി വന്നു. അപ്പോൾ അദ്ദേഹത്തിന്റെ വിയോഗം എങ്ങനെ സഹിക്കും.

ഭാഷാശുദ്ധി , കാവ്യാ ഗുണങ്ങൾ ,അലങ്കാര പ്രയോഗങ്ങൾ , നൂതനാശയങ്ങൾ , സ്ത്രീ പുരുഷ ബന്ധത്തിന്റെ പവിത്രത, സൂക്ഷ്മ ഭാവങ്ങൾ എല്ലാം .ആർ  തിരിച്ചറിഞ്ഞു. .ആറിന്റെ അവതാരികയുമായി നളിനി വായന ലോകത്തു എത്തിയതോടെയാണ് ചെറു കവിതകളിലൂടെ മാത്രം അറിയപ്പെട്ട കുമാരനാശാൻ ഭാഷാ കവികളിൽ ഒന്നാം നിരയിലേക്കുയരാൻ തുടങ്ങിയത് .

രണ്ടു ചോദ്യങ്ങൾ ശാസ്ത്ര ലോകത്തോട് കവി ചോദിക്കുന്നു . ശരീര വിജ്ഞാന ശാഖയോടുള്ള ചോദ്യം.:മനുഷ്യ ജീവിതം സുഖകരം ആക്കുന്നതിനുള്ള ശ്രമം എവിടെ വരെയെന്നും ,അതിനു വേണ്ടി എത്ര നാളുകൾ ബദ്ധപ്പെടണം എന്നും. ഇതേ ചോദ്യമുന രാസ ഭൗതിക ശാസ്ത്ര വിഭാഗങ്ങളോടും നീട്ടുന്നു.

 

ഭാരതീയരുടെ സ്വന്തം ആയുർവേദത്തിലും വിദേശ ചികിത്സകളിലും പരാമർശിക്കപ്പെടുന്ന രോഗ നിവാരണ രീതികൾ ഏറെക്കുറെ അറിവുള്ള കവിയിൽ നിന്നും ചോദ്യങ്ങളുയരുന്നത് എന്തുകൊണ്ടായിരിക്കും ?

ഉത്തരവും കവി തന്നെ നൽകുന്നുണ്ട് .മരണം എന്ന പ്രതിഭാസം ആത്മീക ജീവിതം കാംക്ഷിക്കുന്നവർക്കുള്ള വിദ്യാലയമാണെന്നും മരണം നമ്മളെ പലതും പഠിപ്പിക്കും എന്നുമാണ് കവി ഉദ്ദേശിക്കുന്നതും പഠിപ്പിക്കുന്നതും .

രോഗനിവാരണ  മാർഗങ്ങൾ പലതാണ്. അത് പല ഘട്ടങ്ങളിലൂടെയാണ് ലക്ഷ്യത്തിലെത്തുന്നത്. ആദ്യഘട്ടം പരിശോധനകളും പിന്നെ അതിന്റെ വിശകലനങ്ങളും അതിലൂടെ എത്തുന്ന നിഗമനങ്ങളിലൂടെയുമാണ് രോഗനിർണയും അതിനു തക്കതായ ചികിത്സയും നൽകപ്പെടുന്നത് . സൗഖ്യം ഇതിന്റെയെല്ലാം അന്തിമം ആയ ഫലവും .

 

ഘട്ടങ്ങളിലെല്ലാം മനുഷ്യന്റെ കഴിവുകൾക്കതീതമായ ഒരദൃശ്യഘടകം പലപ്പോഴും പലർക്കും അനുഭവപ്പെടാറുണ്ട് . പലതരത്തിൽ ആയിരിക്കും അത് അനുഭവ വേദ്യം ആകുന്നതു. ഇത്തരത്തിലുള്ള അനുഭവങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നത് ശിഷ്ടായുസ്സു് ആശ്വാസകരം ആകാൻ സഹായിക്കും.മറ്റുള്ളവർക് ഒരു പ്രചോദനം ആകാനും സഹായിക്കും.

 

കഴിഞ്ഞ കാലങ്ങളിൽ പല തരത്തിലുള്ള രോഗ ബാധിതനായി പല ആശുപത്രികളിൽ കഴിയുമ്പോഴും, ഇത്തരത്തിലുള്ള ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.അത് പലപ്പോഴും പലരോടും ഞാൻ സൂചിപ്പിച്ചിട്ടും ഉണ്ട്. എന്നെ സ്നേഹിക്കുന്നവരുടെ ആഴമേറിയ കരുതലും പ്രാര്ഥനയോടൊപ്പം അദ്ഭുതകരമായ അദൃശ്യ കരം എന്നെ പിടിച്ചുയർത്തി. അനുഭവം എനിക്ക് എന്നും കരുതലും കോട്ടയും ആയി കൂടെ ഉണ്ടായിരിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള എന്റെ ചെറിയ അനുഭവങ്ങൾ നിങ്ങളുമായി പങ്കു വെയ്ക്കാൻ ഞാൻ ഇനിയും  താത്പര്യപ്പെടുന്നു.

 

നന്ദിപൂർവം ,

ബേബിkoottarazhikathu 

No comments: