Tuesday, November 9, 2021

                                        സൂസമ്മ ടീച്ചർ -ഇനി ഓർമകളിൽ മാത്രം ...

 

പുന്നക്കോട് ഹൈസ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ച സൂസമ്മ ടീച്ചർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എന്നെപോലെ അനേകം വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചർ, എല്ലാര്ക്കും വളരെ ഇഷ്ടമായിരുന്നു. ടീച്ചറിനെ ഓർത്തിരിക്കാൻ എനിക്ക് ഒരുപാടു കാര്യങ്ങൾ ഉണ്ട്. ടീച്ചറിന്റെ കുടുംബം ഞങ്ങളുടെ കുടുംബവുമായി ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അടുപ്പവും ഒരേ നാട്ടുകാരും പള്ളിക്കാരും ഒക്കെയാണ്. എന്നിരുന്നാലും , ടീച്ചറിനെ എന്റെ പ്രിയപ്പെട്ട വ്യക്തിയാക്കിയത് എന്നെ മൂന്നു വര്ഷം പഠിപ്പിച്ചു എന്നുള്ളതാണ്.

 ടീച്ചറിനെ കുറിച്ചുള്ള ചില ഓർമ്മകൾ ഇവിടെ കുറിക്കട്ടെ.

 എട്ടാം ക്ലാസ്സിലെ സാമൂഹിക പാഠം ക്ലാസിലാണ് ഞാൻ ആദ്യമായി ടീച്ചറിനെ പരിചയപ്പെടുന്നത്. തന്റെ സഹ പ്രവർത്തകന്റെ മകൻ എന്ന നിലയിലും കുടുംബങ്ങൾ തമ്മിലുള്ള പരിചയവും കാരണം ടീച്ചറിന് എന്നെ വലിയ കാര്യമായിരുന്നു.  പഠിപ്പിക്കുന്ന ഭാഗങ്ങൾ എനിക്ക് മനസ്സിലായോ എന്ന് ഉറപ്പു വരുത്തുന്നതിൽ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ടീച്ചർ ഹിസ്റ്ററിയും ജോഗ്രഫിയും ആണ് പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ ടീച്ചറിന്റെ ഒരു monotonous voice കൊറച്ചു ബോറിങ് ആയി തോന്നിയെങ്കിലും പതിയെ പതിയെ ഞാൻ ഒരു പ്രത്യേക തലത്തിൽ അലിഞ്ഞു ചേർന്ന്. മാതൃ വാത്സല്യം കലർന്ന ഒരു പഠന രീതി ആയിരുന്നു ടീച്ചറിന്റേത്. കൗമാരക്കാരായ കുട്ടികളെ പഠിപ്പിക്കുമ്പോൾ ആർക്കും അല്പമൊക്കെ ദേഷ്യം വരുന്നത് പതിവാണല്ലോ. ടീച്ചർ ഒരിക്കലും ഞങ്ങളോട് കയർത്തു സംസാരിക്കുകയോ , അടിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എല്ലാം സ്നേഹത്തോടെ ഉപദേശം ആയിരുന്നു. ചില സമയങ്ങളിൽ കുസൃതികളായ ഞങ്ങളോട് അതെ നാണയത്തിൽ തിരിച്ചു  കൌണ്ടർ അടിക്കാൻ ഒരു പ്രത്യേക ചാതുര്യം ടീച്ചർ കാണിച്ചിരുന്നു. എന്നാൽ ഒന്നും അതിരു കടന്നു പറഞ്ഞിട്ടുമില്ല. ഒരിക്കൽ ചരക്കു ഗതാഗതം എന്ന വാക്ക് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും ചിരിച്ചു, പെൺപിള്ളേർ തലകുനിച്ചിരുന്നു . പക്ഷെ ടീച്ചറിന്റെ മറുപടി ശാന്ത ഗംഭീരമായിരുന്നു. എടാ നീയൊക്കെ കരുതുന്ന ചരക്കു അല്ല , ഇത് ഗുഡ്സ് (goods) ആണ് എന്ന് പറഞ്ഞു എല്ലാരുടേം വായടപ്പിച്ചു. പെൺപിള്ളേർ ആശ്വാസത്തോടെ തല ഉയർത്തുന്നത് കാണാമായിരുന്നു.

പിന്നെ ഒരിക്കൽ10th std ആണെന്ന് തോന്നുന്നു, ഒരു Geography പരീക്ഷയിൽ ഒരു ചോദ്യത്തിനുള്ള മാർക്ക് ടീച്ചർ മനഃപൂർവം വെട്ടിക്കുറച്ചു.അതേക്കുറിച്ചു ചോദിച്ചപ്പോൾ ടീച്ചർ പറയുവാ, അത് നീ പഠിച്ചു എഴുതിയതാണോ എന്ന് എനിക്ക് സംശയം തോന്നി അത് കൊണ്ട് മാർക്ക് കൊറച്ചു എന്ന്. ശെരിക്കും അത് സത്യമായിരുന്നു, ഞാൻ അൽപ സ്വല്പം കയ്യീന്നിട്ടു, അവിടേം ഇവിടേം ഒക്കെ നോക്കി താല്പര്യമില്ലാതെ എഴുതിയ ഒരു ഉത്തരം ആയിരുന്നു .ഒരു നല്ല അധ്യാപകന് മാത്രം കഴിയുന്നതാണ് , തന്റെ വിദ്യാർത്ഥികളുടെ ഉത്തരം കണ്ടു അത് അവൻ പഠിച്ചു സ്വന്തമായി എഴുതിയതാണോ എന്ന് അറിയാനുള്ള കഴിവ്..പിന്നെ ഒരിക്കലും അങ്ങനെ ഒരു കുതന്ത്രം ഞാൻ പയറ്റിയി ട്ടില്ല. പിന്നെ ഒരു ദിവസം ഒരു കുട്ടിയെ രൂക്ഷമായി നോക്കുന്നത് കണ്ടു,   കുട്ടിക്ക് മാത്രം അതെന്താണെന്നു മനസിലായി , ബാക്കിയുള്ള ആര്ക്കും അത് മനസിലായതുമില്ല. ടീച്ചർ അങ്ങനെ ആയിരുന്നു. കൃത്യമായി ആശയ വിനിമയം ചെയ്യാനുള്ള കഴിവ്.

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ടീച്ചറിനെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. അസുഖങ്ങൾ വല്ലാതെ ശരീരത്തെ അലട്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരു കാല് മുറിച്ചു കളയേണ്ടി വന്നെങ്കിലും, ടീച്ചറിന്റെ ഊർജസ്വലതയെ ഒട്ടും തളർത്തിയില്ല. ക്ഷീണിച്ച ശാരീരിക അവസ്ഥയിലും ടീച്ചർ എന്നോട് കൊറേ നേരം സംസാരിച്ചിരുന്നു. പഴയ കഥകളും കൂട്ടുകാരെയും ഒക്കെ ടീച്ചർ ഓർത്തെടുത്തു. വളരെ സന്തോഷമായി ഞങ്ങൾക്ക് രണ്ടുപേർക്കും.

 ഇനിയും നാട്ടിൽ വരാമെന്ന ഉറപ്പോടെയാണ് ഞാൻ അന്ന് അവിടെ നിന്നിറങ്ങിയത് , ഇനി ഉറപ്പു പാലിക്കേണ്ടി വരില്ലലോ എന്നോർക്കുമ്പോൾ അറിയാതെ മനസിന്റെ കോണിൽ ഒരു നൊമ്പരം വിങ്ങി നില്കുന്നു. എന്റെ പ്രിയപ്പെട്ട സൂസമ്മ ടീച്ചർ , നിങ്ങൾ ഒരു നല്ല അധ്യാപികയും അതിനേക്കാൾ നല്ല ഒരു മാതാവും കുടുംബിനിയും ഒക്കെ ആയി, നല്ല പോർ പൊരുതി, ജീവന്റെ നിത്യ കീരീടം പ്രാപിക്കാൻ പ്രാപ്തയായിരിക്കുന്നു. ടീച്ചറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, അതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

 സസ്നേഹം,

ബിജി  

Wednesday, July 21, 2021

ക്ഷണികമാമീ നശ്വര ജീവിതം

  ചാച്ചന്റെ കുറിപ്പുകൾ-1                                        


------------------------------------------------------------------------------------------------------

എന്തായീശ്രമമെത്ര താളുഴറിനി ശാരീരവി ജ്ഞാനമേ

എന്താശിപ്പത്‌ രാസഭോതിക ശാസ്ത്രങ്ങളെ നിങ്ങളും ...

ഈ വരികൾ ഏതു കവിയുടെ ആണെന്ന് വിശദികരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .മലയാള ഭാഷയിൽ സാമാന്യ ജ്ഞാനം ഉള്ള ആർക്കും പെട്ടെന്ന് മനസിലാകും ഇതൊരു കുമാരൻ ആശാൻ കവിത ആണെന്ന്. അതെ , അദ്ദേഹത്തിന്റെ 'പ്രരോദനം' എന്ന കവിതയിലെ രണ്ടു വരികൾ ആണ് . ഈ കവിത എഴുതുന്നതിന്റെ പശ്ചാത്തലവും എഴുത്തുകാരന്റെ ചില വ്യക്തിപരമായ സാഹചര്യങ്ങളും , തന്റെ മനോവിചാരങ്ങളുമായി താരതമ്യം ചെയ്തു നോക്കുകയാണ് ഈ ലഖു കുറിപ്പിലൂടെ .

 

കവി വളരെ ബഹുമാനിക്കുകയും ഗുരു തുല്യനായി ആദരിക്കുകയും ചെയ്തിരുന്ന എ .ആർ . രാജ രാജ വർമ്മ ആന്തരിച്ചപ്പോൾ , തന്റെ മനസ്സിൽ ഘനീഭവിച്ചു കിടന്നിരുന്ന ദുഃഖം കവിതയായി പെയ്തൊഴിഞ്ഞതാണ് 'പ്രരോദനം'. കരച്ചിൽ  എന്നാണ് ഈ വാക്കിന്റെ അർഥം. തന്റെ വിവിധ രചനകളാൽ മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ അതുല്യ രചയിതാവിന്റെ വേർപാടിൽ, പ്രകൃതി പോലും അതിവർഷത്തിലൂടെ അതിന്റെ സങ്കടം പ്രകടിപ്പിച്ചൂ എന്നാണ് കവിയുടെ നിരീക്ഷണം. കവിയുടെ തന്നെ നളിനി എന്ന കണ്ട കാവ്യത്തിന് അവതാരിക എഴുതിയത് രാജ രാജ വർമ്മ ആയിരുന്നു. സവർണ മേധാവിത്തം അതിന്റെ സകല പ്രതാപവും കാണിച്ചിരുന്ന അക്കാലത്തു, ആശാനേ പോലുള്ള പ്രതിഭകൾക്ക് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. അപ്പോഴാണ്, നളിനിയുടെ അവതരികയിലൂടെ എ .ആർ ആ പ്രതിഭക്കു അർഹിക്കുന്ന ആദരവ് നേടിക്കൊടുത്തത്. അതിന്റ് ശേഷം ആശാൻ എ  ആറിനെ ഗുരു തുല്യനായി കരുതി വന്നു. അപ്പോൾ അദ്ദേഹത്തിന്റെ വിയോഗം എങ്ങനെ സഹിക്കും.

ഭാഷാശുദ്ധി , കാവ്യാ ഗുണങ്ങൾ ,അലങ്കാര പ്രയോഗങ്ങൾ , നൂതനാശയങ്ങൾ , സ്ത്രീ പുരുഷ ബന്ധത്തിന്റെ പവിത്രത, സൂക്ഷ്മ ഭാവങ്ങൾ എല്ലാം .ആർ  തിരിച്ചറിഞ്ഞു. .ആറിന്റെ അവതാരികയുമായി നളിനി വായന ലോകത്തു എത്തിയതോടെയാണ് ചെറു കവിതകളിലൂടെ മാത്രം അറിയപ്പെട്ട കുമാരനാശാൻ ഭാഷാ കവികളിൽ ഒന്നാം നിരയിലേക്കുയരാൻ തുടങ്ങിയത് .

രണ്ടു ചോദ്യങ്ങൾ ശാസ്ത്ര ലോകത്തോട് കവി ചോദിക്കുന്നു . ശരീര വിജ്ഞാന ശാഖയോടുള്ള ചോദ്യം.:മനുഷ്യ ജീവിതം സുഖകരം ആക്കുന്നതിനുള്ള ശ്രമം എവിടെ വരെയെന്നും ,അതിനു വേണ്ടി എത്ര നാളുകൾ ബദ്ധപ്പെടണം എന്നും. ഇതേ ചോദ്യമുന രാസ ഭൗതിക ശാസ്ത്ര വിഭാഗങ്ങളോടും നീട്ടുന്നു.

 

ഭാരതീയരുടെ സ്വന്തം ആയുർവേദത്തിലും വിദേശ ചികിത്സകളിലും പരാമർശിക്കപ്പെടുന്ന രോഗ നിവാരണ രീതികൾ ഏറെക്കുറെ അറിവുള്ള കവിയിൽ നിന്നും ചോദ്യങ്ങളുയരുന്നത് എന്തുകൊണ്ടായിരിക്കും ?

ഉത്തരവും കവി തന്നെ നൽകുന്നുണ്ട് .മരണം എന്ന പ്രതിഭാസം ആത്മീക ജീവിതം കാംക്ഷിക്കുന്നവർക്കുള്ള വിദ്യാലയമാണെന്നും മരണം നമ്മളെ പലതും പഠിപ്പിക്കും എന്നുമാണ് കവി ഉദ്ദേശിക്കുന്നതും പഠിപ്പിക്കുന്നതും .

രോഗനിവാരണ  മാർഗങ്ങൾ പലതാണ്. അത് പല ഘട്ടങ്ങളിലൂടെയാണ് ലക്ഷ്യത്തിലെത്തുന്നത്. ആദ്യഘട്ടം പരിശോധനകളും പിന്നെ അതിന്റെ വിശകലനങ്ങളും അതിലൂടെ എത്തുന്ന നിഗമനങ്ങളിലൂടെയുമാണ് രോഗനിർണയും അതിനു തക്കതായ ചികിത്സയും നൽകപ്പെടുന്നത് . സൗഖ്യം ഇതിന്റെയെല്ലാം അന്തിമം ആയ ഫലവും .

 

ഘട്ടങ്ങളിലെല്ലാം മനുഷ്യന്റെ കഴിവുകൾക്കതീതമായ ഒരദൃശ്യഘടകം പലപ്പോഴും പലർക്കും അനുഭവപ്പെടാറുണ്ട് . പലതരത്തിൽ ആയിരിക്കും അത് അനുഭവ വേദ്യം ആകുന്നതു. ഇത്തരത്തിലുള്ള അനുഭവങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നത് ശിഷ്ടായുസ്സു് ആശ്വാസകരം ആകാൻ സഹായിക്കും.മറ്റുള്ളവർക് ഒരു പ്രചോദനം ആകാനും സഹായിക്കും.

 

കഴിഞ്ഞ കാലങ്ങളിൽ പല തരത്തിലുള്ള രോഗ ബാധിതനായി പല ആശുപത്രികളിൽ കഴിയുമ്പോഴും, ഇത്തരത്തിലുള്ള ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.അത് പലപ്പോഴും പലരോടും ഞാൻ സൂചിപ്പിച്ചിട്ടും ഉണ്ട്. എന്നെ സ്നേഹിക്കുന്നവരുടെ ആഴമേറിയ കരുതലും പ്രാര്ഥനയോടൊപ്പം അദ്ഭുതകരമായ അദൃശ്യ കരം എന്നെ പിടിച്ചുയർത്തി. അനുഭവം എനിക്ക് എന്നും കരുതലും കോട്ടയും ആയി കൂടെ ഉണ്ടായിരിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള എന്റെ ചെറിയ അനുഭവങ്ങൾ നിങ്ങളുമായി പങ്കു വെയ്ക്കാൻ ഞാൻ ഇനിയും  താത്പര്യപ്പെടുന്നു.

 

നന്ദിപൂർവം ,

ബേബിkoottarazhikathu 

Wednesday, June 30, 2021

ഹരിതാഭം

                                                                        

ഇക്കഴിഞ്ഞ നാളിൽ ചാച്ചി എനിക്ക് കൊറച്ചു ഫോട്ടോസ് അയച്ചു തന്നു. അല്ലേലും ചാച്ചിക്കു പണ്ടേ ഫോട്ടോ എടുക്കുന്നത് വളരെ താല്പര്യം ഉള്ള കാര്യം ആയിരുന്നല്ലോ . പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോസ് ഒക്കെ കാണാൻ ഇപ്പോഴും നല്ല മിഴിവാണു. ജീവനുള്ള വർത്തമാന കാലത്തോട്,  ഓർമകളുടെ കഴിഞ്ഞ കാലം കൊച്ചു വർത്തമാനം പറയുന്ന ചിത്രങ്ങൾ . ചാച്ചനും ചാച്ചിയും പണയിൽ നിൽക്കുന്ന, ചാച്ചന്റെ ചില പ്രത്യേക പോസിലുള്ള പടങ്ങൾ. വീണ്ടും  നോക്കുമ്പോൾ , അവ എന്നോട് ചില കഥകൾ  പറയുന്ന പോലെ തോന്നി. ഞാൻ എന്നെ ഒരു മുപ്പതു മുപ്പത്തഞ്ചു വര്ഷം പുറകിലേക്കു കൊണ്ട് പോയി. അന്നൊക്കെ തിങ്കൾ തൊട്ടു വെള്ളി വരെ 'സ്കൂൾ' ജീവിതവും ശനി മുഴുവനും 'പണ' ജീവിതവും, പിന്നെ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ, അതായതു ഞായറാഴ്ച മുഴുവനും 'പള്ളി' ജീവിതവും ആണ്. ഒരുവിധം ആളുകളുടെ എല്ലാം ജീവിത ചക്രങ്ങൾ ഇങ്ങനെ ആണ്. 'പണ' എന്ന് വെച്ചാൽ ചെറിയ തോട്ടങ്ങൾ , പ്രത്യേകിച്ച് തെങ്ങിൻ തോപ്പുകൾ. നാട്ടുഭാഷയാണ് . ഹോ അന്നൊന്നും ഈ പണ്ടാരം മഹാമാരി കോവിടൊന്നും വരാഞ്ഞത് നന്നായി.. മൊബൈൽ ഇല്ല, ഇന്റർനെറ്റ് ഇല്ല , പിന്നെ ആകെ ഒള്ളത് ടെലിവിഷനിൽ നമ്മുടെ സ്വന്തം ദൂരദർശൻ ആണ്. ഇപ്പൊ ഓർക്കുമ്പോൾ നല്ല ഗൃഹാതുരത്വം തോന്നും എങ്കിലും, സത്യത്തിൽ ദൂരദർശൻ വളരെ ബോറായിരുന്നു . കണ്ടു മടുത്ത പരസ്യങ്ങൾ, പേടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ള വാർത്ത വായന , പിന്നെ  ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങൾ. എന്റമ്മോ... ഇതിൽ നിന്നൊക്കെ ഒള്ള ഒരു മോചനം ആയിരുന്നു സത്യത്തിൽ ഞങ്ങളുടെ പണ ജീവിതം. അതെന്താണെന്ന് വെച്ചാൽ, ഞങ്ങളുടെ തെങ്ങും തോപ്പുകൾ ഇത്തിക്കര ആറിന്റെ ഇരു വശങ്ങളിലും ആണ്. അവിടെയാണ് ഒട്ടു മിക്കവാറും നാട്ടുകാരുടേം കുടുംബക്കാരുടേം ഒക്കെ തെങ്ങുംതോപ്പുകൾ. ആറിന്റെ ഇരു വശത്തും ഉള്ള ഫലഫൂയിഷ്ടമായ വിശാലമായ തോപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന തെങ്ങുകൾ. അങ്ങിങ്ങു ചെറിയ കപ്പ കൃഷിയും വാഴ കൃഷിയും ഒഴിച്ചാൽ മുഴുവനും തെങ്ങു തന്നെ. ഇന്ന് കൊറേ റബ്ബർ ഉണ്ട് . ഏതായാലും ഈ തോപ്പുകളിലേക്കുള്ള ഞങ്ങളുടെ യാത്രകൾ വളരെ രസകരം ആയിരുന്നു. ആറ്റിനക്കരെ ഉള്ള തോട്ടത്തിന്  അക്കര പണ എന്നും, ഇക്കരെ ഉള്ള തോപ്പിനെ പുളിമൂട്ടിൽ പണ എന്നും വിളിച്ചിരുന്നു.

അതെന്താണ് 'പുളിമൂട്ടിൽ' പണ? ആ ആർക്കറിയാം എന്തിനാണ് .എന്ന്, അതൊന്നും ചോദിക്കരുത് മാഷേ , എനിക്കറിയൂല്ല ...

അക്കര പണയിൽ എത്തണമെങ്കിൽ  വള്ളത്തിൽ പോകണം. ഇന്നിപ്പോൾ അവിടെ ഒരു ചെറിയ നടപ്പാലം വന്നിട്ടുണ്ട്  (സ്ഥലം എമ്മെല്ലേ വെട്ടിച്ചതാണെന്നു ശത്രുപക്ഷം പറയുന്നുണ്ടെങ്കിലും..). 2018 -ഇൽ എന്റെ രണ്ടാമത്തെ മകൾ Felita നന്നായി ആസ്വദിച്ചതാണ് ആ വള്ള യാത്ര . ഏതായാലും ഒരു തലമുറയുടെ സ്വപ്നങ്ങളും ജീവിതവും ഇഴപിരിഞ്ഞ യാത്രകളായിരുന്നു എന്റെ  കുട്ടികാലത്തെ  നന്നായി പരിപോഷിപ്പിച്ചിരുന്ന ആ വള്ളവും തെങ്ങിൻ തോപ്പിലേക്കുള്ള യാത്രകളും. എല്ലാ 60 ദിവസം കൂടുമ്പോഴും തേങ്ങാ വെട്ടാൻ പാകമാകുമ്പോൾ ഉമ്മന്നൂർക്കാരൻ  ജോൺ, (അപ്പച്ചന്റെ വലം  കയ്യായിരുന്നു) ഗോപാലനെയും നോഹയെയും പിന്നെ പേര് അറിയാത്ത ചില കാരിരുമ്പു പോലുള്ള തെങ്ങു കയറ്റം സ്പെഷ്യലിസ്റ്സ് ആൾകാരേം കൊണ്ട് വരും. ഇവരെ ഒക്കെ പേര് വിളിക്കുന്നത് കൊണ്ട് എനിക്ക് അവരെ ബഹുമാനം ഇല്ല എന്ന് കരുതരുത്. അപ്പന്റെ ഒക്കെ പ്രായം ഉള്ള ഇവരെ ഞാനും എന്റെ സഹോദരങ്ങളും ഒക്കെ മുതിർന്നവരായി തന്നെ ആണ് കണ്ടിരുന്നത്. പക്ഷെ പേര് വിളിച്ചു പഠിച്ചു  പോയി എന്ന് മാത്രം. അവരും ഞങ്ങളെ കുഞ്ഞുങ്ങളെപോലെ സ്നേഹിച്ചിരുന്നു . അപ്പച്ചനോടും ചാച്ചനോടും ഉള്ള സ്നേഹ ബഹുമാനങ്ങൾ ഞങ്ങൾക്ക് എല്ലാര്ക്കും അവർ തന്നിരുന്നു. അത് പോട്ടെ. തേങ്ങാ വെട്ടാൻ പോകുന്ന ദിവസം ഒരു ഉത്സവ പ്രതീതി ആയിരുന്നു വീട്ടിൽ. രാവിലെ പണിക്കാർ വരും. ഞങ്ങൾ എല്ലാം നേരെ പണയിൽ  പോകും , അവിടെ പണിക്കാർ തേങ്ങാ വെട്ടുമ്പോൾ ഞങ്ങൾ വലിയ കളികളിൽ മുഴുകുകയിരിക്കും; പാലം പണി , റോഡ് പണി, പിന്നെ വീട്ണ് പണി അങ്ങനെ അങ്ങനെ. എല്ലാം കഴിഞ്ഞു വൈകിട്ട് ആകുമ്പോഴേക്കും തേങ്ങാ എല്ലാം എന്നി തിട്ടപ്പെടുത്തി ലോറിയിൽ കയറ്റി കൊണ്ട് പോകും. ചെലപ്പോൾ തേങ്ങാ അവിടെ ഇട്ടു തന്നെ പൊതിക്കും. അന്ന് ഒരു പ്രാവശ്യം ഞങ്ങളുടെ തോട്ടത്തിൽ നിന്നും 1000 തേങ്ങാ കിട്ടിയ സംഭവം ഓർക്കുന്നു. കുടുംബത്തിൽ എല്ലാര്ക്കും, പ്രത്യേകിച്ച് അപ്പച്ചനും ചാച്ചനും വലിയ സന്തോഷം ആയിരുന്നു. എല്ലാരോടും അത് പറയാൻ അവർക്കു പ്രത്യേക അഭിമാനം ആയിരുന്നു. ചാച്ചിക്കു പിന്നെ നിസ്സംഗത സ്ഥായിയായ ഭാവം ആയതു കൊണ്ട് അതൊന്നും വല്യ കാര്യമാണ് എന്ന് എനിക്കു തോന്നിയില്ല. ഒന്നോര്ക്കുമ്പോൾ ശെരിയാണ്, സന്തോഷിക്കേണ്ട കാര്യങ്ങൾ സന്തോഷിക്കണം അല്ലേൽഇങ്ങനെ ജീവിക്കുന്നതിൽ എന്ത് അർഥം.?ഓർത്തു നോക്കിക്കേ, വര്ഷങ്ങളുടെ പ്രയത്നഫലം ആണ് തെങ്ങു നട്ടു വളർത്തി, വലുതാക്കി, നല്ല കായ ഫലം കിട്ടി അതിൽ  വളരെ നല്ല വിളവ് കിട്ടുന്നതൊക്കെ ... ഒരു കുഞ്ഞിനെ വളർത്തുന്ന പോലെ ഒരു അനുഭൂതി ആണ് ഒരു യഥാർത്ഥ കര്ഷകനുണ്ടാവുക. അതാണ് അപ്പച്ചനും ചാച്ചനും ഒക്കെ പ്രകടിപ്പിച്ചത്. വെറും പത്തു വയസുകാരനായ എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കാര്യങ്ങൾ ആയിരുന്നു അതൊക്കെ . റിട്ടയർ ചെയ്തു മുഴുവൻ സമയം കൃഷിയായപ്പോൾ ചാച്ചിയിലും ഞാൻ ഈ സന്തോഷ ഭാവം കണ്ടിട്ടുണ്ട്. അങ്ങനെ തോട്ടത്തിൽ നിന്ന് കിട്ടുന്ന തേങ്ങാ കൊണ്ട് വര്ഷം മുഴുവനും ചമ്മന്തി ഉണ്ടാക്കുക എന്നുള്ളത് ഞങ്ങളുടെ വീട്ടിലെ അമ്മമാരുടെ ഒരു സ്ഥിരം ഏർപ്പാടായിരുന്നു. അല്ലേലും കറങ്ങുന്ന ചക്രകസേരയിൽ ഇരുന്നു , ഇംഗ്ലണ്ടിലെ സുഖ ശീതളമായ കാലാവസ്ഥയിൽ ഇങ്ങനെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമയിൽ മുഴുകി ഇരിക്കാൻ എന്നെപ്പോലുള്ള മടിയന്മാർക് വളരെ എളുപ്പം ആണല്ലോ., പക്ഷെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച്, അത്യധ്വാനം  ചെയ്തു കൃഷിയും മറ്റു ചെറിയ ജോലികളും അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഒരു വലിയ കുടുംബം പോറ്റിയിരുന്ന ഒട്ടു മിക്കവാറും ആളുകൾക്കു ഇതൊക്ക്കെ അത്ര സുഖകരമായ ഓർമ്മകൾ ആയിരിക്കില്ല . അന്നത്തെ തേങ്ങാ ചമ്മന്തി ഇപ്പോൾ നല്ല നാടൻ രുചിയായി നാവിൽ ഊറി വരുന്നുണ്ട് . 

                                    ****************************************************

'മനുഷ്യാ , നിങ്ങൾ ഇങ്ങനെ നിങ്ങടെ വല്യപ്പൻ 1000 തേങ്ങാ വെട്ടിയതും ഓർത്തു ഇരുന്നോ, ഇവിടെ കുറച്ചു ചെടികൾ നിങ്ങൾ വെള്ളം ഒഴിക്കാത്തതു കൊണ്ട് ദേ കരിഞ്ഞുണങ്ങി നില്പുണ്ട് , ആദ്യം അതിനെ ഒന്ന് പച്ചപിടിപ്പിച്ചേച്ചു പഴയകാലം ഓർക്കാം ' , വാമഭാഗം വടക്കുഭാഗത്തെ കതകു വലിച്ചു തുറന്നു ഇറങ്ങിപ്പോയി.  ഞെട്ടി ഉണർന്ന ഞാൻ ഒന്ന് എത്തിനോക്കി , ശെരിയാണ് രണ്ടു ദിവസം ആയി വെള്ളം കിട്ടാതെ റോസയും മറ്റു പേരറിയാത്ത ഏതൊക്കെയോ ചെടികളും വാടിത്തോടങ്ങിയിരിക്കുന്നു. കൊറേ പച്ചക്കറികളും ഉണ്ട് കൂട്ടത്തിൽ. ഇന്നലെകളുടെ ഓർമ്മച്ചെപ്പുകൾ മെല്ലെ അടച്ചു വെച്ചിട്ടു, ഞാൻ പതിയെ എന്റെ ചെറിയ പൂന്തോട്ടത്തിലേക്കിറങ്ങി. ..

******

ഇന്നലെകൾ, ഇന്നിന്റെ മനോഹരമായ ഓർമ്മകൾ ആണ് . പക്ഷെ എന്റെ നാളെകൾ ഇതുപോലെ മനോഹരമായി ഇരിക്കണമെങ്കിൽ  ഇന്നുകള് ഞാൻ അധ്വാനിക്കണം . ഇല്ലേൽ  ഞാൻ എന്നെന്നും ഗതകാല സ്മരണകളുടെ വെറും തടവുകാരനായി മാറും. അതുകൊണ്ടു പോയകാലത്തിലെ സുവർണ നിമിഷങ്ങളെ അയവിറക്കി നാളെയിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്ന ജീവിതം സാക്ഷിയാക്കി, ചാച്ചന്റെ ചിത്രത്തിൽ നിന്നും എന്റെ ഇന്നുകളിലേക്കു ഞാൻ പതിയെ നടന്നു വന്നു. ഇനിയും കാലം കത്ത് വെച്ച മനോഹര നിമിഷങ്ങൾ അനുഭവവേദ്യം ആക്കുന്നതിനു വേണ്ടി.


സസ്നേഹം..

ബിജി