അന്ന് പെയ്ത തോരാമഴയ്ക്കൊടുവിലാണ് ഞാൻ അവളെ ആദ്യമായി നേരിൽ കണ്ടത്. അതുവരെ അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ ഒരാൾ പെട്ടെന്ന് മുന്നിൽ വന്നുനിൽക്കുമ്പോൾ മനസ്സിൽ എന്താണ് സംഭവിക്കുക? എന്റെ ഉള്ളിലൂടെ അനിർവചനീയമായ ഭാവങ്ങളുടെ ഒരു വലിയ വേലിയേറ്റം തന്നെ ആ നിമിഷം കടന്നുപോയി.
ഇവളോടാണോ... ഇത്രയും നാൾ ഞാൻ എന്റെ ഉള്ളിലെ ഏറ്റവും തീവ്രമായ വികാരങ്ങളും ചിന്തകളും പങ്കുവെച്ചിരുന്നത്? എനിക്ക് വിശ്വസിക്കാൻ കഴിയാത്തതുപോലെ തോന്നി.
"ഹലോ..."
മെല്ലെ കൈകൾ നീട്ടി അവളെന്നെ സ്പർശിച്ചപ്പോൾ, ആ സ്നിഗ്ധമായ വിരലുകൾ എന്റെ മനസ്സിൽ അവാച്യമായ ഏതോ ഒരു തന്ത്രിനാദം ഉണർത്തുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ആ സ്പർശനത്തിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു.
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. ഒരായിരം കടംകഥകൾ ഒളിച്ചുവെച്ച കണ്ണുകൾ. പക്ഷേ, ആ മിഴികളിൽ ഞാൻ തിരഞ്ഞത് മറ്റൊന്നായിരുന്നു. ആഴമേറിയ ചിന്തകളും, അതിലേറെ അഗാധമായ വിഷാദവും തളംകെട്ടി നിൽക്കുന്ന രണ്ട് മിഴിനീർത്തടാകങ്ങളായിരുന്നു അത്. എപ്പോൾ വേണമെങ്കിലും പെയ്തുതോൽക്കാൻ പാകത്തിന് വിങ്ങിനിൽക്കുന്ന, കാർമേഘപൂരിതമായ ഒരു ആകാശം ഞാൻ ആ കണ്ണുകളിൽ കണ്ടു.
അവൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ ചുറ്റും മണികിലുങ്ങുന്നതുപോലെ തോന്നിപ്പിച്ചു. വശ്യമായ ആ ശബ്ദത്തിലും പക്ഷേ, എനിക്ക് കേൾക്കാൻ കഴിഞ്ഞത് ആർദ്രതയും വിഷാദവും അല്പം വിരഹവും കലർന്ന ഒരു നിഗൂഢ മിശ്രണമായിരുന്നു. ആത്മാവിന്റെ ഏതോ കോണിൽ ഒളിപ്പിച്ചുവെച്ച വേദനകൾ ആ ചിരിയിലും വാക്കുകളിലും നിഴലിക്കുന്നുണ്ടായിരുന്നു.
കാലം കടന്നുപോയി... ഇന്ന് അവൾ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ്. ഹൃദയം കൊണ്ട് ഞങ്ങൾ ഇപ്പോഴും അത്രമേൽ അടുത്തുനിൽക്കുന്നു.
എന്റെ പ്രിയ സുഹൃത്തേ, നിനക്കായി ഞാൻ നന്മകളും പ്രാർത്ഥനകളും മാത്രം നേരുന്നു. ഈ ലോകത്ത് നീ എവിടെയാണെങ്കിലും, നിന്റെ ആകാശത്ത് സന്തോഷത്തിന്റെ സൂര്യൻ എപ്പോഴും ഉദിച്ചുനിൽക്കട്ടെ. നീ എപ്പോഴും നന്നായിരിക്കുമല്ലോ, അല്ലേ?