Sunday, September 6, 2020

 ബാബുച്ചായൻ,ഒരു കാലഘട്ടത്തിന്റെ ഓർമകളിലൂടെ ..


ഇത് ഞാൻ എന്റെ പ്രിയപ്പെട്ട ബാബുച്ചായനെ ഓർക്കുവാൻ വേണ്ടി എഴുതുന്ന കുറിപ്പാണു. ബാബുച്ചായൻ ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞു . കൊറച്ചു നാളുകളായി ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു പോകുവായിരുന്നു അദ്ദേഹം . തമ്പുരാൻ വിചാരിച്ചു കാണും , സമയമായി . വന്നോളൂ  എന്ന്. കൊറേ നല്ല ഓർമ്മകൾ എന്റെ മനസ്സിൽ തികട്ടി വരുന്നു, അതെഴുതാതെ എനിക്ക് ഇന്ന് ഒറക്കം വരില്ല. 

ബാബുച്ചായൻ എന്നെ സംബന്ധിച്ചിടത്തോളം അങ്കിൾ മാത്രമല്ലായിരുന്നു.ഒരു കാലഘട്ടത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ പ്രതിനിധി കൂടെ ആയിരുന്നു.  എന്റെ ബാല്യ കൗമാര കാലങ്ങളിലെ  രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ ഉരുത്തിരിഞ്ഞു വന്നത് അദ്ദേഹത്തിലൂടെയായിരുന്നു എന്ന് പറയാം . അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയം , അതിന്റെ സർവ ജീര്ണതകളും മാറ്റിവെച്ചാൽ കൂടെയും ,ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുവാൻ, ഒരു പ്രത്യേകമായ നവോന്മേഷം പകരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ കാലങ്ങളിൽ ഞാൻ അദ്ദേഹത്തെ കാണുമ്പോൾ, വളരെ തിരക്കാണ്, എന്തൊക്കെയോ ചെയ്തു തീർക്കുവാൻ വെമ്പൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യനെയാണ് അന്ന് ഞാൻ കണ്ടത്. പക്ഷെ അതിലുപരി, ഉത്സാഹവും ആർജവുമുള്ള ഒരു നേതൃത്വ പാടവം ഞാൻ അദ്ദേഹത്തിൽ കണ്ടു. ഒരു നേതാവിന് , പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നേതാവിന് അത്യാവശ്യം വേണ്ട ഗുണ ഗണങ്ങൾ ആണ് പ്രസംഗ പാടവം, സംഘാടന ശേഷി, അണികളെ പ്രചോദിപ്പിക്കൽ, ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. ഇതൊക്കെയും ഞാൻ അദ്ദേഹത്തിൽ വേണ്ടുവോളം കണ്ടു. എന്ത് പ്രശ്നങ്ങൾ വന്നാലും ഒരു ചെറു ചിരിയോടെ അവയൊക്കെ നേരിടുന്ന , ചുറുചുറുക്കോടെ കാര്യങ്ങൾക്കു വ്യക്തത വരുത്തുന്ന ബാബുച്ചായൻ , എന്റെ ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. അദ്ദേഹം വിചാരിച്ചാൽ എന്തും നടക്കും അല്ലെങ്കിൽ നടത്തും . അതായിരുന്നു ബാബുച്ചായന്റെ ബാങ്ക് ബാലൻസ്. അതായിരുന്നു അദ്ദേഹത്തിന്റെ ഇൻവെസ്റ്റ്മെന്റ് . അതുപോലെ ചുറ്റുമുള്ളവരിൽ കഴിവ് കണ്ടു പിടിക്കുവാനും കാര്യങ്ങൾ ചാതുര്യത്തോടെ അവതരിപ്പിക്കാനും ഉള്ള കഴിവും സവിശേഷം. 

ഞാൻ നേരിൽ കണ്ടിട്ടുള്ള ചില കാര്യങ്ങൾ ഇവിടെ കുറിക്കാം. എന്റെ അപ്പച്ചന്റെ മരണ സമയത്തു, കല്ലറ പണിയുന്നതുമായി  ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ വന്നപ്പോൾ, ( 90 കളാണ് , ഇന്റർനെറ്റ് , whatsapp ഒന്നുമില്ല) അദ്ധേഹത്തിന്റെ ചില ഇടപെടലുകളിൽ രായ്ക്കുരാമാനം പ്രശനങ്ങൾ വളരെ വേഗം പരിഹരിച്ചു.അങ്ങനെ എത്രയോ  പരിഹാരങ്ങൾ, കുടുംബത്തിലായാലും സമൂഹത്തിലായാലും .ഒരു വലിയ ഭക്തനായിരുന്നു. തന്റെ വിശ്വാസ സംഹിതകൾ സംരക്ഷിക്കുവാൻ , അത് തന്റെ സഭയിൽ  കലഹിച്ചാണെങ്കിലും അദ്ദേഹം മുന്നിട്ടു നിൽക്കുമായിരുന്നു. 

ഒരു പിതാവെന്ന നിലയിൽ തന്റെ മക്കളെ പ്രാപ്തിയുള്ളവരാക്കി വളർത്തി. ഞാനും ഷിബുവും ഏതാണ്ട് സമ പ്രായക്കാരാണ് . എന്നെക്കാളും ഒരു വയസോളം മൂപ്പുണ്ടു .എങ്കിലും ചെറുപ്പകാലങ്ങളിൽ ഞങ്ങൾ കസിൻസ് എല്ലാരും ഒത്തു കൂടുമ്പോൾ, ഷിബു മാത്രം എപ്പോഴും തിരക്കിലായിരുന്നു. വളരെ ചെറുപ്പത്തിലേ വീട്ടിലെ കാര്യങ്ങൾ നടത്താൻ ബാബുച്ചായൻ തള്ളി വിടുമായിരുന്നു. ഷിബു അത് അന്ന് ആസ്വദിച്ചോ എന്നറിയില്ല , പക്ഷെ ഞങ്ങളൊക്കെ മുറു മുറുക്കുമായിരുന്നു.ബാബുച്ചായൻ എന്ത് ഭാവിച്ചാണ്. .ഷിബു ചെറിയ കുട്ടിയല്ലേ, കളിയ്ക്കാൻ വിടുന്നതിനു പകരം ... പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, എന്ത് മാത്രം ദീർഘ വീക്ഷണത്തോടെ ആണ് ഷിബുവിനെ കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സഹായിച്ചത്. വളരെ മനോഹരമായി ഷിബു  ബാബുച്ചായന്റെ പ്രതീക്ഷകളെ കാത്തു സൂക്ഷിക്കുകേം ചെയ്തു. ഷീബച്ചേച്ചിയും കാര്യപ്രാപ്തിയിൽ ഷിബുവിനെക്കാളും ഒരു പാടി മുന്നിൽ നില്കും.ആളുകളോട് ഇടപെടുന്ന രീതിയിലും, കാര്യങ്ങൾ ചെയ്യുന്ന രീതിയിലും, രണ്ടുപേർക്കും ബാബുച്ചായന്റെ ആ കഴിവ് ധാരാളം കിട്ടിയിട്ടുണ്ട്. 

കുഞ്ഞമ്മാമ്മ  ബാബുച്ചായന്റെ ശക്തിയും ദുർബലതയും ആയിരുന്നു. അവർ തമ്മിൽ എന്തൊക്കെ വർത്തമാനം നടന്നാലും അങ്ങോട്ടും ഇങ്ങോട്ടും ഒരു ശക്തിയായി താങ്ങി നിർത്തുമായിരുന്നു. അതിഥികളെ സത്കരിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്ന ബാബുച്ചായനെ എപ്പോഴും താങ്ങി നിർത്തിയിരുന്നത് കുഞ്ഞമ്മാമ്മയുടെ സമയോചിത ഇടപെടലുകൾ ആണ്. താൻ ഇരിക്കുന്ന ഇടവും പറയേണ്ടുന്ന കാര്യങ്ങളും കുഞ്ഞമ്മാമ്മക്ക് വ്യക്തമായി അറിയാമായിരുന്നു. അത് അങ്ങനെ ആവണം എന്നു ബാബുച്ചായനും അറിയാമായിരുന്നു.വളരെ ചിട്ടയായി ബലപ്പെടുത്തി എടുത്ത ഒരു കുടുംബ ക്രമം. 

കഴിഞ്ഞ വര്ഷം ഞാൻ  അദ്ദേഹത്തെ കാണുമ്പോൾ, ഒരു വല്ലാത്ത ശാന്തത ആ മുഖത്ത് കാണാൻ കഴിഞ്ഞു. കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് , ഇന്ന് കാണുന്ന സമാധാനത്തിലേക്കു കുടുംബ ജീവിതം മാറിയതിൽ  ഒരു സന്തോഷം ഉള്ള പോലെ എനിക്ക് തോന്നി. വളരെ അഭിമാനിയായ മനുഷ്യനായിരുന്നു . നല്ല പോർ പൊരുതി, ഞാൻ ഇത്ര മാത്രം ജീവിച്ചു, ഇനി എന്റെ അടുത്ത തലമുറ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകട്ടെ എന്ന ഒരു ഭാവം അദ്ദേഹത്തിൽ ഞാൻ കണ്ടു. 

രാഷ്ട്രീയത്തിൽ അദ്ദേഹം ഒന്നും ആയില്ല എന്ന് ഇന്നത്തെ കാലഘട്ടത്തിന്റെ അളവുകോൽ വെച്ച് നോക്കുമ്പോൾ ചെലപ്പോൾ തോന്നിയേക്കാം. ശരിയാണ് , അധികാര രാഷ്ട്രീയത്തിന്റെ ഏടുകളിൽ അദ്ദേഹത്തിന് പറയാൻ തൃക്കോവിൽവട്ടം പഞ്ചായത്ത്  പ്രസിഡന്റിന്റെ  അഞ്ചു വര്ഷം മാത്രമേയുള്ളു. അതിനു മുകളിലോട്ടു പോകാനുള്ള പൊളിറ്റിക്കൽ mileage ഇടക്കെപ്പോഴോ അദ്ദേഹത്തിന് നഷ്ടം വന്നു.ചെലപ്പോൾ അദ്ദേഹം വിശ്വാസം അർപ്പിച്ച നേതാക്കന്മാരുടെ  ഉയർച്ച താഴ്ചകൾ  അദ്ദേഹത്തെയും ബാധിച്ചു കാണും. എന്റെ ഊഹമാണ് , അതുകൊണ്ടു ഞാൻ അതിലേക്കു കടക്കുന്നില്ല. ഏതായാലും  അദ്ദേഹം സജീവ രാഷ്ട്രീയം മാറ്റി വെച്ചു . എങ്കിലും അദ്ദേഹം ഉണ്ടാക്കി എടുത്ത  രാഷ്ട്രീയ സാമൂഹിക സൽപ്പേര് കാലങ്ങളോളം നിലനിൽക്കും. ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്നു, അത് ഒരു സന്ദേശമായി നമ്മളിൽ കാലങ്ങളോളം നിലനിൽക്കും. 

ഇനിയും ഒരുപാട് എഴുതുവാനുള്ള ഓർമ്മകൾ അദ്ദേഹത്തെകുറിച്ചുണ്ടു. പക്ഷെ അതെന്റെ മനസ്സിൽ ഇരിക്കട്ടെ.വായിക്കുന്നവരുടെ,അനുവാചകരുടെ പക്ഷത്തിനു വിടുന്നു. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും, ഇത് വായിക്കുന്നവർക്കും അവാച്യമായ അനുഭവങ്ങളുടെ ഏടുകൾ  അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ഉണ്ടാകും എന്ന് എനിക്കുറപ്പാണ് .

നമ്മുടെ പ്രിയപ്പെട്ട ബാബുച്ചായന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, ഇമ്പങ്ങളുടെ പറുദീസയിലേക്കു അദ്ദേഹം എടുക്കപ്പെടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.വേദനകളില്ലാത്ത ലോകത്തിൽ ഒരു പ്രകാശ നക്ഷത്രമായി ബാബുച്ചായൻ തിളങ്ങി നിൽക്കട്ടെ എന്ന് ആഗ്രഹിക്കാം. അകലങ്ങളിൽ അടുപ്പം കൂടുന്നപോലെ ഉള്ള തോന്നൽ ശക്തമാണ്,അത് അങ്ങനെ തന്നെ നില നിൽക്കട്ടെ. എന്നും എപ്പോഴും .


നന്ദി.

ബിജി 

No comments: