ഇന്ന് ഞാൻ എഴുതുന്നത് ചില വീടുകളെ കുറിച്ചാണ് . എന്റെ എന്ന് പറയുമ്പോൾ. എന്റെ പേരിൽ ഉള്ള എന്നതല്ല... എന്റെ ജീവിതത്തിൽ അനിതര സാധാരണമായ സ്വാധീനം ചെലുത്തിയ, വളരെ ഇഷ്ടം തോന്നിയ വീടുകൾ, ഞാൻ കടന്നു പോയ വഴികളിൽ ഞാൻ താമസിച്ചതും സന്ദർശിച്ചതും ആയ വീടുകൾ.
ഒരു പുരുഷായുസ്സിന്നെ പണ്ടുള്ളവർ നിർവചിച്ചതു അവന്റെ ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
1 . ജോലി
2 .വിവാഹം
3 സഹോദരിമാരുടെ വിവാഹം നടത്തുക
4 പെണ്മക്കളുടെ വിവാഹം നടത്തുക
5 സ്വന്തമായി ഭവനം ഉണ്ടാക്കുക
ഇത്രയും കാര്യങ്ങൾ അടിസ്ഥാനപരമായി ഒരുവൻ നടത്തിയിട്ടുണ്ടെങ്കിൽ അവന് വാനപ്രസ്ഥത്തിലേക്കുള്ള യാത്ര മാത്രം ആണ് പിന്നെ അവശേഷിക്കുന്നത്. ഇന്നും പ്രസക്തമായ ഒരു കാര്യമല്ലേ. എല്ലാം എല്ലാര്ക്കും ചെയ്യാൻ പറ്റിയെന്നു വരില്ല . അതുപോലെ മേല്പറഞ്ഞ എല്ലാ കാര്യങ്ങളും അതെ ഓർഡറിൽ നടന്നില്ലെങ്കിൽ നിങ്ങൾ മോക്ഷം പ്രാപിക്കില്ല എന്നും പറയില്ല . സ്വാഭാവികമായി അങ്ങനെ നടന്നാൽ , പിന്നെ അധികമായി ഒന്നും സാധാരണ ഗതിയിൽ ചെയ്യനില്ല. (ലോകം മാറ്റി മറിക്കുന്നവരെയല്ലെ ഞാൻ ഉദ്ദേശിച്ചത് കേട്ടോ) ...
എന്റെ കുടുംബത്തിലേക്ക് നോക്കിയാൽ , അപ്പച്ചൻ പൂർണ്ണ അർത്ഥത്തിൽ ഒരു വീട് വെച്ചില്ല , പക്ഷെ ആഗ്രഹിചു , അതിനായി ഭൂമി വാങ്ങി, ഒരു കെട്ടിടം പണിഞ്ഞു , ശെരിക്കും ഉള്ള വീട് പണിയുന്നതിന് മുന്നേ അപ്പച്ചന്റെ സാമ്പത്തികം തകർന്നു. പിന്നെ മക്കളുടെ നേതൃത്വത്തിൽ ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുഖ്യ കാർമികത്വം വഹിക്കുക എന്ന ചുമതല മാത്രമേ അപ്പച്ചനുണ്ടായുള്ളൂ . 1943 ൽ പണി തുടങ്ങിയ ആ പാതി വീട് , പിന്നീട് ഇപ്പൊ കാണുന്ന തരത്തിൽ എത്തുന്നതിനു മുന്നേ പല പ്രാവശ്യം കൂട്ടിച്ചേർക്കലുകൾ, പ്രത്യേകിച്ച് വീട്ടിൽ കല്യാണങ്ങൾ നടക്കുമ്പോൾ. അങ്ങനെ അവിടെ താമസിച്ചവരോടോപ്പോം വളർന്ന വീടായിരുന്നു എന്റെ തറവാട് വീട്. അതിന്റെ കൂര ഭാഗം അന്ന് ഉണ്ടാക്കിയ പോലെ ഇന്നും നില നിർത്തിയിരിക്കുന്നു. എന്റെ ബാല്യകാലത്തിൽ ആ വീട് ഒരു സ്കൂൾ പോലെ ആണ് എനിക്ക് തോന്നിയത്. കിഴക്കു നിന്ന് പടിഞ്ഞാറു വരെ നീളത്തിൽ ഒരു ഹാൾ , നടുക്ക് കൂടെ ഒരു വഴി, ഇരു വശത്തും ചെറിയ മുറികൾ. പിന്നെ പിറകു വശത്തു നീളത്തിൽ അറപ്പുര , മുൻവശത്തെ നീണ്ട വരാന്ത .. ആ വരാന്തയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇരുന്നു നിര ങ്ങുന്ന ചാച്ചി, ചാച്ചൻ, തിരുമേനി ... മൗനമായിരുന്നു അപ്പച്ചൻ, അടുക്കളയിൽ നിന്ന് വരാന്ത വരെ എത്തി നോക്കിയിട്ടു എന്തൊക്കെയോ ആത്മഗതങ്ങൾ പറഞ്ഞു തിരിച്ചു നടക്കുന്ന അമ്മച്ചി , കലപില കലപില പറഞ്ഞു ഓടി നടക്കുന്ന ഞങ്ങൾ 6 പിള്ളേർ (5 വയസു മുതൽ 14 വയസുവരെ പ്രായമുള്ളവർ )ഇതൊക്കെ അന്നത്തെ സ്ഥിരം കാഴ്ചകൾ ആയിരുന്നു ഞങ്ങളുടെ വീട്ടിൽ ... തൊട്ട് മുകളിലത്തെ ഭാഗത്തിൽ ചാച്ചൻ വീട് വെച്ചിരുന്നു , 80 കളിൽ ..
ഇങ്ങനയൊക്കെ ഒരു പാകമാകാത്ത പരുവത്തിൽ കിടന്ന ഞങ്ങളുടെ വീട് വീണ്ടും ഒന്ന് പരുവപ്പെടുത്താൻ ചാച്ചിക്കു കഴിഞ്ഞത് അപ്പച്ഛന്റേം അമ്മച്ചീടേം മരണത്തിനു ശേഷം 96 -99 കാലഘട്ടത്തിൽ ആണ്. എന്റെ കൗമാര ഘട്ടത്തിന്റെ അവസാന, ആയപ്പോഴാണ് ചാച്ചിക്കു ആ വീട് ഒന്ന് തീർക്കാൻ കഴിഞ്ഞത്. അതിനു ശേഷം കഴിഞ്ഞ വർഷങ്ങളിൽ മുഖം മിനുക്കുകൾ , സൗകര്യങ്ങൾ കൂട്ടൽ തുടങ്ങിയവ അല്ലാതെ വേറെ ഒരു മരാമത്തു പണികളും അവിടെ നടന്നിട്ടില്ല. എന്ന് വെച്ചാൽ 43 -ഇൽ പണിഞ്ഞ വീടിനു ഒരു പൂർണത വന്നപ്പോഴേക്കും 50 വര്ഷം എടുത്തു എന്ന് സാരം.
ഇനി ചാച്ചന്റെ വീട്ടിലേക്കു വരാം. ഇന്ന് സ്ഥിര വരുമാനം ഉള്ള ആൾക്കാർക്ക് ഒരു വീട് വെക്കുക എന്നത് വലിയ പ്രയാസം ഉള്ള കാര്യം അല്ല. പക്ഷെ അന്ന് ചിട്ടി , പണയം, PF , പിന്നെ കൈ വായ്പ , ഇവയല്ലാതെ വേറെ ഒരു വഴിയുമില്ല വീട് വെക്കാൻ. അത് കൊണ്ട് തന്നെ അതിനു അതിന്റേതായ സമയവും കുറവുകളും ഉണ്ടാവും. അങ്ങനെ വെച്ച വീടാണ് ചാച്ചന്റെ വീട്. അവര് 6 പേരുള്ള വലിയ കുടുംബത്തിന് കൊറേ പരിമിതിയായിരുന്നു ആ വീട്ടിൽ .അതുപോലെ കാറ്റിന്റെ യും വെളിച്ചത്തിന്റെയും ദിശ ശെരിയായ രീതിയിൽ അല്ല എന്ന് പല പ്രാവശ്യം തോന്നിയിട്ടുണ്ട്. ഏതായാലും എല്ലാ പരിമിതികളെയും മറികടന്നു ചാച്ചനും മറ്റേമ്മയും അവരുടെ കുടുംബം ഭംഗിയായി മുന്നോട്ടു നീക്കി. പഠനം, ജോലി, വിവാഹം തുടങ്ങിയ എല്ലാ പ്രധാന കാര്യങ്ങളും ആ വീട്ടിൽ നടന്നു. ചാച്ചനും മറ്റേമ്മയും ആയുസ്സിന്റെ നല്ലൊരു ഭാഗവും അവിടെ ചിലവഴിച്ചു കഴിഞ്ഞു..പക്ഷെ ചാച്ചൻ വീടിന്റെ പൂര്ണതയില്ലായ്മയിൽ ഖിന്നനായിരുന്നു എന്ന് തോന്നുന്നു. പല വട്ടം ആ തോന്നൽ വല്ലാണ്ടെ അലട്ടിയതായി തോന്നുന്നു. തത്കാലം ചാച്ചൻ അവിടെ നിൽക്കട്ടെ , എന്റെ കാര്യത്തിലേക്കു വരാം.
അപ്പച്ചനും ചാച്ചിക്കും ലഭിക്കാതെ പോയ ആ വീട് വെക്കൽ ഭാഗ്യം എനിക്ക് ഉണ്ടായി. ഞാൻ ഇപ്പൊ എന്റെ കഴിഞ്ഞ 25 വർഷത്തെ പ്രവാസ ജീവിതത്തിൽ 10 -15 വീടുകളിൽ താമസിക്കുകയോ വാങ്ങുകയോ വിൽക്കുകയോ നിര്മിക്കുകയോ ചെയ്തിട്ടുണ്ട് . അതിൽ ഏറ്റവും നല്ലത് (ചെങ്കുളത്തെ വീട് കഴിഞ്ഞാൽ ) എന്ന് എനിക്ക് തോന്നിയ വീട്ടിൽ ആണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. എന്നാൽ അത് ഞാൻ നിർമ്മിച്ച വീടല്ല താനും..എന്ത് കൊണ്ട് അത് നല്ലതു ആയി ? ഒരു വീട് എന്ന നിലയിൽ അതിനു ഒരു പൂർണത അനുഭവപ്പെടുന്നു എന്നുള്ളതാണ് കാരണം. ബാംഗ്ലൂരിൽ ഞാൻ പണികഴിപ്പിച്ച വീടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. വളരെ അധികം പോസിറ്റീവ് എനർജി തരുന്നതാണ്. എങ്കിലും മനസ്സിൽ ഒരു പൂർണ തൃപ്തി എവിടെയോ തോന്നുന്നില്ല . കൊറെയൊക്കെ വീട് നിൽക്കുന്ന ചുറ്റുപാടുകൾ മൂലം ആകാം. പിന്നെ അവിടെ എനിക്ക് അധിക കാലം താമസിക്കാൻ കഴിഞ്ഞില്ല . വീടിന്റെ സൗകര്യങ്ങളും അതിന്റെ ഒരു ശരീര ഭാഷയും എന്നെ സംബന്ധിച്ച് സന്തോഷം നൽകുന്നുണ്ടെങ്കിലും. ആ വീട് എന്നെ ഇപ്പൊ മോഹിപ്പിക്കുന്നില്ല . എന്റെ സായംകാലം അതിൽ ചെലവഴിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നില്ല . എന്നെ സംബന്ധിച്ച് വീട്, കുടുംബത്തിലേക്ക് പരിണാമം ചെയ്യപ്പെടുന്ന ഒരു പ്രക്രിയയിൽ (transformation of house to home) ആണ് അത് ഒരു പൂർണതയിൽ എത്തുന്നത്. അവിടെ നമ്മൾ കൂടുതൽ കാലം കഴിയാൻ ആഗ്രഹിക്കും . മനസിനും ശരീരത്തിനും അത് നൽകുന്ന ഊർജം ചെറുതല്ല . വെറും നശ്വരമായ ഒരു കെട്ടിടം ആണെങ്കിലും അത് നമ്മളെ മാടി വിളിക്കും. ഞാൻ ബാംഗ്ലൂരിൽ ആദ്യം താമസിച്ച ഒരു മൂന്നു മുറി ഫ്ലാറ്റും എനിക്ക് സന്തോഷം തരുന്ന ഒരു സ്ഥലം ആയിരുന്നു. ഒരു പാട് പരിമിതികൾക്കിടയിൽ ഞങ്ങൾ 6 -7 പേര് വരെ ഒതുങ്ങി ജീവിച്ചിരുന്ന സ്ഥലം.എന്റെ ജീവിതത്തിലെ ഒരു പാട് നിർണായക ചുവടുകൾക്കു വേദിയായ സ്ഥലം ആണ് ആ ഫ്ലാറ്റ് . അപ്പോൾ പറഞ്ഞു വന്നത്, ഒരു വീട്ടിൽ കൂടുതൽ കാലം ജീവിച്ചു എന്നത് കൊണ്ട് മാത്രം അവിടെ പൂർണതയുള്ള , ആത്മസന്തോഷം തരുന്ന ഒന്നായി ആ കെട്ടിടം മാറുന്നില്ല .മറിച്ചു നമ്മൾ കടന്നു പോകുന്ന വഴികളിൽ നമ്മുടെ വാസ സ്ഥലം ഒരു പ്രത്യേക ഘട്ടത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ ചെലപ്പോൾ അതൊരു പൂർണതയുള്ള ഭവനം ആയി മാറും . നമ്മുടെ ചുറ്റുപാടുകളും അരികെ താമസിക്കുന്നവരും പിന്നെ ആ ഭവനത്തിനുള്ളിൽ താമസിക്കുന്നവരുടെ മനോഭാവവും ഒരു പക്ഷെ അതിൽ നിർണായക ഘടകങ്ങൾ ആയേക്കാം ..
ചാച്ചന്റെ വീട്ടിലേക്കു തിരിച്ചു വരാം. എന്റെ കുട്ടികാലത്തെ play ground ആയിരുന്നു മേലെ വീട്ടിന്റെ അതിരിനോട് ചേർന്ന ഭാഗം. അവിടെ പോയി, അപ്പുറത്തെ വീട്ടിലെ ഷാജിയോടോപ്പോം ക്രിക്കറ്റ് കളിക്കുക ആയിരുന്നു കൊറേ വർഷങ്ങൾ എന്റെ വിനോദം ... പാവം മറ്റേമ്മയും ചാച്ചനും എന്റെ ക്രിക്കറ്റ് കളി കാരണം പൊറുതി മുട്ടിയിട്ടുണ്ടാവണം , പക്ഷെ എനിക്കതൊന്നും പ്രശ്നമല്ലല്ലോ ..ഏതായാലും 10 കഴിഞ്ഞതോടെ കളി കഴിഞ്ഞു. മിക്കവാറും വാരാന്ത്യങ്ങളിൽ ഞാനോ , ബിന്ദുവോ , ഞങ്ങൾ രണ്ടുപേരുമോ അവിടെ പോയി അവിടുത്തെ ഞെരുങ്ങി കഴിയുന്ന മൂന്നു മുറികളും കയ്യേറുമായിരുന്നു. മറ്റേമ്മ തരുന്ന ചോറും ഉണ്ട് , പ്രസാദച്ചന്റെ കൂടെ കത്തി വെച്ച് , പൊടിമോൻഅച്ചായന്റെ കൂടെ വഴക്കുണ്ടാക്കി , സുജച്ചേച്ചിയുടെ കൂടെ പ്ലാവില കിരീടം ഉണ്ടാക്കി ജീവിച്ചിരുന്ന ഒരു ബാല്യം ഞാൻ ഇന്ന് ഒരു ഗൃഹാതുരത്വത്തോടെയും ചെറു ചിരിയുടെയും ഓർക്കാൻ ആഗ്രഹിക്കുന്ന വീടോർമ്മകൾ ആണ്. ഒരു വേനൽ അവധിക്കാലത്തും വീടുകൾ മത്സരിച്ചു ഉണ്ടാക്കിയ പൊടിമോനച്ചനും പ്രകാശ് അച്ചനും ഇന്നത്തെ അവരുടെ സാമൂഹിക സ്ഥിതികളുടെ നേർകാഴ്ച ആയിരുന്നു എന്ന് അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. പൊടിമോനാച്ച വളരെ സ്ട്രോങ്ങ് ആയി വീടുണ്ടാക്കിയപ്പോൾ അച്ചന്റെ വീട് മനോഹരം ആയിരുന്നു. പിൽക്കാലത്തു പൊടി, എഞ്ചിനീയർ ആയി, അച്ചന് പള്ളീൽ അച്ചനും ആയി. വല്ലാത്തൊരു കാവ്യ നീതി.. ഓണക്കാലത്തു , മേലെ വീട്ടിനു മുന്നിൽ ഉണ്ടായിരുന്ന പ്ലാവിൽ കെട്ടിയ ഊഞ്ഞാലിൽ രണ്ടു തരo ഊഞ്ഞാലിൽ തൂങ്ങിയ ബാല്യം . അങ്ങനെ എത്രയോ സന്തോഷകരവും മനോഹരവും ആയ ഓർമകളുടെ സമഞ്ജസ സമ്മേളനം ആയിരുന്നു ഞങ്ങൾക്കെല്ലാം മേലെ വീട്. ഞങ്ങളുടെ കസിൻസ് ഒക്കെ അവധിക്കാലത്തും വീട്ടിൽ വരുമ്പോൾ, രണ്ടു വീടുകളും ഉണരും . ഷിജു,കൊച്ചുമോൻ, ഷിബു, ഷീബ, അമ്പലത്തിങ്കലയിലെ അനിൽ, തേവലക്കരയിലെ ചേച്ചിമാർ , കൊട്ടാരക്കയിലെ പിള്ളേർ ഇവരൊക്കെ ചെങ്കുളത് വരുമ്പോൾ, മേലെ വീടും താഴെ വീടും ഒരുപോലെ ആക്റ്റീവ് ആകുമായിരുന്നു. തിരുമേനിയുടെ ഏറെക്കാലം ഉള്ള വിശ്രമ സങ്കേതം ആയി മേലെ വീട് മാറുന്ന കാഴ്ചയും (90-2008) കണ്ടു.
ഇങ്ങനെയൊക്കെയുള്ള ഈ വീട് , കഴിഞ്ഞ 8 -10 വർഷമായി ഒരു മൗനത്തിന്റെ വാല്മീകത്തിൽ ഒതുങ്ങിയ പോലെ ആയിരുന്നു , ഈ അടുത്ത കാലത്തു ചാച്ചൻ ആ നടുക്കുന്ന പ്രഖ്യാപനം നടത്തുന്ന വരെ.
ചാച്ചൻ കുറച്ചു നാല് ആശുപത്രിയിൽ ആയപ്പോൾ ഒന്ന് വിഷമിച്ചു, അത് കഴിഞ്ഞു വീട്ടിൽ തിരിച്ചു വന്നപ്പോൾ, ഇത്ര നാളായി അടക്കി വെച്ചിരുന്ന ആഗ്രഹം ഉറക്കെ പറഞ്ഞു. എനിക്ക് ഈ വീട് പോരാ . അതിൽ ഒരു പാട് കുറവുകൾ ഉണ്ട്. എന്റെ ശിഷ്ടകാലം ഈ വീട്ടിൽ ഇങ്ങനെ കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല ....
ആളുകളൊക്കെ വല്ലാണ്ടെ ഷോക്കായി ചാച്ചന്റെ വികാര നിർഭരമായ ഈ പ്രഖ്യാപനത്തിൽ . ഞാനും കൊറേ നേരം എടുത്തു ഒന്ന് നോർമൽ ആകാൻ. പക്ഷെ പിന്നീട് ഞാൻ അല്പം പിൻവാങ്ങി ഇരുന്നു ആലോചിച്ചപ്പോൾ , ചാച്ചൻ പറയുന്നതിലും കാര്യം ഉണ്ടല്ലോ എന്ന് തോന്നി . നിവൃത്തി ഇല്ലാതെ മാത്രം ഏറെ നാൾ കഴിഞ്ഞ വീട്, ഇപ്പോൾ തന്റെ ശാരീരിക ക്ഷീണ അവസ്ഥയിലും മുന്നോട്ടു നോക്കാനുള്ള ആർജവത്തോടെ ചാച്ചനും മറ്റേമ്മയും ചേർന്നെടുത്ത ആ തീരുമാനം. അത് വളരെ മനോഹരമായി നടത്തി കൊടുക്കുക എന്ന് മാത്രമേ മക്കൾക്കു ചെയ്യാനുള്ളൂ. ഏതായാലും ഒരു വീട് വെച്ച് എന്ന് കരുതി അവിടെ ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാകാൻ പോകുന്നില്ല . അപ്പോൾ പിന്നെ അവരുടെ സന്തോഷം, മനസമാധാനം , പൂർണത ഇതൊക്കെയല്ലേ പ്രധാനം. അതെ അതൊക്കെ മാത്രം ആണ് പ്രധാനം. വേണമെങ്കിൽ വിമർശിക്കാം, ഈ പൈസ പാവങ്ങൾക്ക് കൊടുത്തിരുന്നേൽ ഇത്ര ജീവിതം രക്ഷപെട്ടേനെ , അല്ലേൽ ആ പൈസ കൊണ്ട് വേൾഡ് ടൂർ പോകാമായിരുന്നില്ലേ , കൊച്ചു മക്കൾക്കു കൊടുക്കരുന്നില്ലേ, അങ്ങനെ ചെയ്യരുന്നില്ലേ, ഇങ്ങനെ ചെയാറുന്നില്ലേ അങ്ങനെ ഒരുപാട് വേണമെങ്കിൽ പറയാം പക്ഷെ ആത്യന്തികമായി നമുക്ക് നമ്മുടെ സന്തോഷവും പ്രധാനം അല്ലെ ? ആണ് , അപ്പോൾ ചാച്ചന്റെ ഈ തീരുമാനത്തിന് ഒരു നൂറു കയ്യടി കൊടുക്കാം. പിന്നെ ഈ പറഞ്ഞ പണം വിപണിയിൽ ഇറക്കിയത് കൊണ്ട് അവിടെ ഉണ്ടായ ഒരു ചലനവും നമ്മൾ കാണണം അല്ലെ. ഷണ്മുഖം മേസ്തിരിക്കും ഇതൊരു നിയോഗം ആണ്. പുള്ളിയുടെ അപ്പനും, ചേട്ടനും കൂടെ വെച്ച വീടിന്റെ കുറവുകൾ 45 വര്ഷങ്ങള്ക്കു ശേഷം പുള്ളിയും മകനും ചേർന്ന് നികത്തുന്ന കാലത്തിന്റെ മനോഹരമായ കാവ്യനീതി...
ഏതായാലും അവിടെ ഒരു മനോഹരമായ പുതിയ വീട് ഉയരുകയാണ് . നിങ്ങളെ പോലെ ഞാനും വളരെ ആകാക്ഷയോടെ പുതിയ വീട് കാണാൻ കാത്തിരിക്കുന്നു. ചാച്ചനും മറ്റേമ്മയും പുതിയ വീട്ടിലേക്കു എത്രയും പെട്ടെന്ന് താമസം മാറ്റി , അങ്ങനെ ചാച്ചന്റെ പുരുഷായുസ്സിന്റെ പൂർണതയിലേക്ക് നടന്നടുക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. വീടുകൾ കൂടുകൾ ആകട്ടെ, കൂടുമ്പോൾ ഇമ്പങ്ങളുണ്ടാകുന്ന കുടുംബങ്ങൾ ആകട്ടെ...അങ്ങനെ പുരുഷായുസ്സുകൾ കൂടുതൽ അർത്ഥപൂർണം ആകട്ടെ.. അല്ലേൽ അത് വേണ്ട.ഇപ്പോഴത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പരിധിയിൽ,പകരം കൊറച്ചൂടെ ലിംഗപരമല്ലാത്ത വാക്കുണ്ടോ . ഒരു മനുഷ്യായുസ്സ് എന്ന് പറഞ്ഞാലോ? , നമുക്ക് വീട് കാണാന് പോകാം , അപ്പൊ വരികയല്ലേ എല്ലാരും ...... നമ്മുടെ പുതിയ മേലെ വീട് കാണാൻ, കൂട്ടറഴികത്തു 'പുത്തൻ 'വീട്ടിലേക്കു...
ശുഭദിനം 🙏