മെട്രോ ട്രെയിനുകൾ എന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട് കൊറച്ചു വര്ഷങ്ങളായി. ലണ്ടൻ പോലുള്ള ഒരു വലിയ നഗരത്തിൽ എത്തിയ ശേഷം പ്രത്യേകിച്ചും. ദിവസവും ഓഫീസിൽ പോകുകയും തിരിക വരുകയും ചെയ്യുന്ന യാത്രകൾ ശെരിക്കും യാന്ത്രികമായി കടന്നു പോകുമെങ്കിലും ചില ദിവസങ്ങൾ വളരെ രസകരമായിരിക്കും . അത് ചില സാഹചര്യങ്ങളോ അല്ലെങ്കിൽ ചിലരുടെ ശരീര ഭാഷയോ പ്രതികരണങ്ങൾ മൂലമോ ആയിരിക്കും . അതെന്തായാലും മിക്കവാറും തമാശ കലർന്ന അത്തരം സാഹചര്യങ്ങൾ ശ്രദ്ധിക്കുവാൻ എനിക്ക് എന്നും ഒരു പ്രത്യേക താല്പര്യം ആയിരുന്നു. ഇനി കാര്യത്തിലേക്കു വരം.
അന്ന് ഒരു വൈകുന്നേരം ഞാൻ വീട്ടിലേക്കു വരുകയായിരുന്നു. സാമാന്യം നല്ല തിരക്കുള്ള ഒരു ട്രെയിൻ. സീറ്റ് കിട്ടിയ തക്കം നോക്കി ഞാൻ ചാടി ഇരുന്നു. പെട്ടെന്ന് ഒരു കുറിയ മനുഷ്യൻ ട്രെയിനിലേക്ക് ചാടി കയറി. നമ്മുടെ നാട്ടിലെ ചില പണിക്കരുടെ കയ്യിൽ ഉള്ളത് പോലെ ഒരു ചെറിയ സഞ്ചി കയ്യിലുണ്ട് . കണ്ടാൽ ഒരു ഈസ്റ്റേൺ യൂറോപ്യൻ ലൂക്കും ഉണ്ട് .ഏതായാലും ബ്രിട്ടീഷ് അല്ല, ഭാഷ കേട്ടാൽ അറിയാം. കയറി ഉടനെ കക്ഷി എല്ലാരോടും ക്ഷമ ചോദിച്ചു. വളരെ മാന്യമായ ക്ഷമാപണം. മലയാളത്തിലാക്കിയാൽ ഏതാണ്ടിതു പോലെ ഇരിക്കും. "അയ്യോ സാറന്മാരെ , നിങ്ങൾ എന്നോട് ക്ഷമിക്കണം. ഞാൻ എന്തേലും തെറ്റ് ചെയ്തെങ്കിൽ എന്നോട് ശെരിക്കും ക്ഷെമിക്കണം. എന്ത് പ്രശ്നം ഉണ്ടായാലും നമുക്കു പരിഹരിക്കാം , സഹകരിക്കണം കേട്ടോ സഹോദര, സഹോദരി. ..." ഇത്രയും ആയപ്പോൾ ഞാൻ പെട്ടെന്ന് അയാളെ ഒന്ന് പാളി നോക്കി . അയാൾ അത് കണ്ടു. എന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി ഊറി വന്നു .. ആള് നല്ല ഫിറ്റ് ആണ്..അത്രേയുള്ളു വേറെ പ്രശ്നം ഒന്നുമില്ല. അങ്ങേരു പറഞ്ഞത് പോലെ എല്ലാരും ശെരിക്കും സഹകരിച്ചു, ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് എന്നെ കണ്ട അങ്ങേരു ഓടി വന്നു എന്റടുത്തേക്കു . ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു , ഇരിക്കൂന്നോ സഹോദര. അയാൾ എനിക്ക് ഷേക്ക് ഹാൻഡ് തന്നിട്ട് അടുത്തിരുന്നു . ഏതോ കൂതറ കൊട്ടുവടിയുടെ നാറ്റം എന്റെ നാസാരന്ധ്രങ്ങിലേക്കു അടിച്ചു കയറി . എന്താണെന്നറിയില്ല അറിയാതെ എന്റെ മനസ്സ് കോളേജ് ഹോസ്റ്റലിലേക്കും വെള്ളിയാഴ്ച്ചകളിലെ അടിച്ചു പൊളികളിലേക്കും ഒന്നൂളിയിട്ടു പോയി.
പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ കഥാനായകന്റെ ഒരു ഡയലോഗ് ; ബ്രദർ , I like India , Mumbai favourite place . visited South India , Kerala beautiful place , മുറി ആംഗലേയത്തിൽ ഇത്രയും പറഞ്ഞ ശേഷമായിരുന്നു സൂപ്പർ പെർഫോമൻസ് . നല്ല സൊയമ്പൻ ഹിന്ദി ഡയലോഗ് , ഞാൻ ഒന്ന് ഞെട്ടി. തീർന്നില്ല. പിന്നെ മലയാളത്തിൽ എന്തൊക്കെയോ പുലമ്പാൻ തൊടങ്ങി . എല്ലാര്ക്കും നമസ്കാരം, എനിക്ക് ഇഷ്ടം ..അങ്ങനെ എന്തൊക്കെയോ . ആളുടെ പെർഫോമൻസ് കണ്ട ഞാൻ ഒന്ന് ശെരിക്കും ഞെട്ടിയെങ്കിലും അപ്പോഴും ഒരു ചെറിയ ചിരി എന്റെ ചുണ്ടിൽ ഒളിപ്പിച്ചു വെച്ചിരുന്നു . അല്ലെങ്കിൽ ചെലപ്പോൾ പുള്ളി ചൂടായാലൊ . അങ്ങനെ എനിക്കറങ്ങാനുള്ള സ്റ്റേഷൻ ആയി , പെട്ടെന്ന് അയാൾ എന്നോട് ചോദിച്ചു, ബ്രദർ , നിങ്ങൾ ഇന്ത്യൻ അല്ലെ , എവിടെയാണ് സ്ഥലം. ഞാൻ പതിയെ പറഞ്ഞു , നിങ്ങൾ മനോഹരമായ ഒരു സ്ഥലം എന്ന് പറഞ്ഞില്ലേ , അതാണ് എന്റെ സ്ഥലം. ഹോ ... പുള്ളിയുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ ഒന്ന് കാണേണ്ടതായിരുന്നു. ഉദയനാണ് താരം എന്ന സിനിമയിൽ ജഗതി ചേട്ടന്റെ നവരസങ്ങളെപ്പോലെ, ഭവാന്റെ മുഖദാവിൽ ഭാവങ്ങൾ ഇങ്ങനെ വിരിഞ്ഞു വന്നു. പെട്ടെന്ന് മുന്നോട്ടാഞ്ഞു എന്നെ കെട്ടിപിടിച്ചു , ഹോ ബ്രദർ , You from Kerala , I Love Kerala , I Love India ... ഞാൻ ചിരിച്ചു കൊണ്ട് കൈ വീശി പുറത്തേക്കിറങ്ങി. പെട്ടെന്ന് പുള്ളിയും ചാടിയിറങ്ങി എന്റെ പുറകെ വന്നു , പിന്നെയും എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ പതിയെ പുള്ളിയെ ഒഴിവാക്കി മുന്നോട്ടു വേഗത്തിൽ നടന്നു.
പെട്ടെന്ന് എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് പിറകിൽ നിന്ന് അയാൾ ഉച്ചത്തിൽ ഇങ്ങനെ പാടി ;
'ലജ്ജാവതിയെ , നിന്റെ കള്ള കടക്കണ്ണിൽ, ലജ്ജാവതിയെ..... ജാസി ഗിഫ്റ്റിന്റെ ഒരു തട്ടുപൊളിപ്പൻ ഗാനം . തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അതും പാടി അവിടെ ഡാൻസ് കളിക്കുന്നു . എന്നെ നോക്കിയിട്ടു ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു .. For you , My Dear Kerala Friend .... ചുറ്റും കൂടി നിന്നവർ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട് , ചിലരൊക്കെ എന്നെ നോക്കി വെറുതെ ചിരിക്കുന്നുമുണ്ട് . സൗഹൃദത്തിന്റെ ഉദാത്തഭാവം പോലെ ...ഞാൻ ഏതായാലും വീണ്ടും കൈ വീശി കാണിച്ചിട്ട് അവിടുന്ന് പതിയെ പുറത്തെ തെരക്കുകളിലേക്കു ഊളിയിട്ടു ... എന്റെ ചുണ്ടിലും ഒരു മൂളിപ്പാട്ട് വന്നു , ലജ്ജാവതിയെ.....
പതിനായിരക്കണക്കിന് അകലെയുള്ള എന്റെ ജന്മ നാട്ടിലേക്കും എന്റെ ചെറുപ്പകാലത്തിലേക്കും , അങ്ങനെ പോയകാലത്തിലെ ആ സുവർണ നാളുകളിലേക്ക് ഞാൻ വെറുതെ ഒരു ചെലവുമില്ലാതെ പോയിട്ട് വന്നു , ഏതോ നാട്ടിൽ നിന്ന് വന്ന ആ കുറിയ മനുഷ്യന് മനസാ നന്ദി പറഞ്ഞു കൊണ്ട് ഇന്നുകളിലെ ഉത്സാഹങ്ങളിലേക്കും നാളെയുടെ പ്രതീക്ഷകളിലേക്കും പതിയെ നടന്നകന്നു. എന്തൊക്കെയായാലും ; മ്മ്‌ടെ മലയാളത്തിന്റെ ഒരു റേഞ്ച് നോക്കണേ :).....