ഒത്തിരി നാളായി വിചാരിക്കുന്നു എന്തേലും കുത്തി കുറിക്കണം എന്ന്.. മനസ് മടുപ്പിച്ച ജോലിത്തിരക്കുകളിൽ മുഴുകി ഇരുന്നതിനാൽ ഇതുവരെയും ഒന്നും നടന്നില്ല..
ഇപ്പൊ പെട്ടെന്ന് നാട്ടിലേക്കൊന്നു പോകേണ്ടി വന്നു , പോയപ്പോൾ രണ്ടു ദിവസം എന്റെ സ്വന്തം നാട്ടിലൊന്നു കറങ്ങാനും പറ്റി . നിറയേ മനസ് കുളിർപ്പിച്ച കാഴ്ചകളുണ്ടായെങ്കിലും ഹൃദയ സ്പർശിയായ ഒന്നിനെക്കുറിച്ചു എഴുതാൻ തോന്നി. ഞാൻ പഠിച്ച SNVUPS സന്ദർശിക്കാൻ ഇടയായി. എന്റെ സുഹൃത്ത് നിഷ അവിടെ ഒരു ടീച്ചർ ആയതു കൊണ്ട് ധൈര്യമായി പോകാം. കൊറേ നാളുകളായി ഞാൻ വിചാരിക്കുന്നു , അവിടെ ഒന്ന് പോകണം എന്ന്. വേറെ ഒന്നും അല്ല , സ്കൂളിൽ കൊറേ നല്ല കാര്യങ്ങൾ നടക്കുന്നു , ഫേസ്ബുക്കിൽ കൊറേ ഫോട്ടോസ് വരുന്നു . ഒന്ന് പോയി കണ്ടാൽ കൊള്ളാം എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു .
പെട്ടെന്നുള്ള പോക്കായതിനാൽ ആകെ 2 ദിവസം `ആണ് എനിക്ക് നാട്ടിൽ പോകാൻ പറ്റിയത് . എങ്കിലും ഉള്ളിലെ ത്വര ഇങ്ങനെ എന്നെ തോണ്ടിക്കൊണ്ടേയിരുന്നു. അവസാനം ഞാൻ നിഷയെ വിളിച്ചു പറഞ്ഞു , ഞാൻ അവിടെ വരും ഉടനെ പോകും. ഞാനും എന്റെ പിതാവും അമ്മയും , പിന്നെ മകളും കൂടെ ആയിരുന്നു ആ യാത്ര . സ്കൂൾ അടുക്കുമ്പോഴേക്കും എന്റെ മനസ്സിൽ ഒരായിരം സ്മരണകൾ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു. 27 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി ഞാൻ ആ സ്കൂളിലേക്കു ചെല്ലുകയാണ് . എന്റെ ഓർമ്മകൾ അത്രയും വർഷങ്ങൾ പിന്നോട്ട് പോയി . ഇന്റർവെൽ സമയങ്ങളിലെ കിളിത്തട്ടു കളികൾ , കബഡി , ക്രിക്കറ്റ് കളികൾ .. പിന്നെ അടിപിടി കേസ് കെട്ടുകൾ .. ഉച്ചക്ക് വിശ്രമത്തിനു പോയിരുന്ന താഴെക്കാവ് ,അവിടുത്തെ മരങ്ങൾ ....അംഗനേ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ .... എന്ന പദ്യം , ഒരു വട്ടം കൂടിയായ മാവിൻ ചുവട്ടിൽ എന്നൊക്കെ ഒരു ONV സ്റ്റൈൽ മൂളിപ്പാട്ടും ചുണ്ടിൽ വിരിഞ്ഞു .. എന്റെയ ഞെളിപിരി കണ്ടപ്പോൾ അപ്പന് കാര്യം പിടി കിട്ടി .. ഇത് മറ്റേതാണ് .. മുഴുത്ത നൊസ്റ്റാൾജിയ ... ക്ലാസ്സ്‌മേറ്റ്സ് എന്ന പടം പിടിച്ച ലാൽ ജോസിന് ഉള്ളതായിരുന്നു അടുത്ത തെറി...
ഡാ മോനെ , നീ വിചാരിക്കുന്ന പോലെ പണ്ടത്തെ കിളിത്തട്ടു കളിച്ചു നടന്ന സ്കൂൾ അല്ലാട്ടോ ... അപ്പന്റെ ഈ വാക്കുകൾ എന്നെ ചിന്തയിൽ നിന്നും ഞെട്ടിയുണർത്തി. പെട്ടെന്ന് ഞാൻ കാര് വെട്ടിയൊഴിച്ചു നിർത്തി.. ഭാഗ്യം തെങ്ങുകൾക്കൊന്നും പറ്റിയില്ല . വണ്ടി നിർത്തി വലതു വശത്തേക്കു ഞാൻ പാളി നോക്കി.. നിജീഷിന്റെ വീട് , അങ്ങനെ തന്നെ ഉണ്ട് ...അവൻ അവിടെ ഉണ്ടോ ആവോ . ഗൾഫിലാണ് ജോലി എന്നറിയാം.
പതുക്കെ ഞങ്ങൾ സ്കൂളിലേക്കു കയറി. വലിയ ബോർഡ് , കമാനം എന്നെ നോക്ക്കി ഗാംഭീര്യത്തോടെ വിളിച്ചു.. 'കയറി വാടാ മക്കളെ '...
അയ്യോ ഇതാര് .... സാറേ എന്തൊണ്ട് വിശേഷം .. ഇതാരാ മോനല്ലേ.. പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്നൊരു വിളി.. ഞാൻ തല ഉയർത്തി നോക്കി , പരിചിത മുഖം , അതെ ചിരി.. ബാലണ്ണൻറെ ആരാണ് എന്ന് ചോദിക്കുന്നതിനു മുന്നേ മറുപടി വന്നു ..ഞാൻ ബാലണ്ണൻറെ മോളാണ് ... എനിക്ക് പെട്ടെന്നൊരു ചിരി പൊട്ടി.. വേറൊന്നും അല്ല .., ഈ ബാലണ്ണൻ ഞങ്ങൾക്കെല്ലാം അണ്ണൻ ആയിരുന്നു .. പുറമെ പരുക്കൻ ആയ , ഉള്ളിൽ നിറഞ്ഞ സ്നേഹം മാത്രം ഉള്ള .. ചെറിയ നിരുപദ്രവങ്ങളായ ശീലങ്ങൾ ഉള്ള ഞങ്ങടെ ബാലണ്ണൻ . അണ്ണൻ സ്കൂൾ മണി അടിക്കുന്നത് ഞങ്ങൾ സന്തോഷത്തോടെയും കൊറച്ചു ആരാധനയോടും നോക്കി നിന്നിരുന്നു.. ആ ബെൽ ഒന്നടിക്കണം എന്ന് ഞങ്ങളൊക്കെ എന്നും ആഗ്രഹിക്കുമായിരുന്നു.. അണ്ണൻ സമ്മതിച്ചിരുന്നില്ല എങ്കിലും..
ആ അണ്ണന്റെ മകൾ ബിന്ദു ചേച്ചി, അണ്ണനെക്കാളും ഉത്സാഹത്തോടു അതിനേക്കാളും ഉത്തരവാദിത്വത്തോടെ അവിടെ ജോലി ചെയ്യുന്നു . മനസ്സിൽ വളരെ സന്തോഷം തോന്നി. ചേച്ചി ഞങ്ങളെ ഏറ്റെടുത്തു .. വാ സാറെ .. നമുക്ക് സ്കൂൾ കാണാൻ പോകാം. ആദ്യമേ കണ്ടു , പണ്ട് കളിച്ചു തിമിർത്ത സ്കൂൾ ഗ്രൗണ്ട് . കൊറച്ചു കൂടെ വലുപ്പം തോന്നിയെങ്കിലും പ്രത്യേകിച്ച് മാറ്റമില്ല. പിന്നെ നോക്കിയത് കിണർ ആണ് ... കണ്ടില്ല ... കൊറേ ചെടികൾ , പച്ചക്കറികൾ തുടങ്ങിയവ കണ്ടു. പിന്നെ ഒരു സ്കൂൾ ബസ് , കല പില ചിലക്കുന്ന കുട്ടികുറുമ്പുകൾ . സ്കൂളിൽ പച്ചക്കറി കൃഷി ഉണ്ടത്രേ..
വലതു വശത്തു നീളൻ കെട്ടിടം , ഞാൻ എന്റെ 5A , 6A ക്ലാസ്സിലേക്ക് മുങ്ങാം കുഴിയിട്ടു .. ആ കെട്ടിടം അത്പോലെയുണ്ട് . പക്ഷെ നിറയെ നിറങ്ങൾ വാരി വിതറിയ ചിത്രങ്ങൾ വരച്ചിരിക്കുന്നു . ടൈൽ പാകിയ തറ . സിമന്റ് പൂശാത്ത , അരഭിത്തി മാത്രം ഉണ്ടായിരുന്ന , മഴ പെയ്താൽ ചോർന്നൊലിക്കുന്ന പഴയ കെട്ടിടം എന്റെ ഓർമയിലേക്ക് ഇരച്ചു കയറി . ഇടതുഭാഗത്തു കാണുന്ന കെട്ടിടം എന്റെ മനസ്സിൽ ചില കലാപരമായ ഓർമ്മകൾ ഉണർത്തി. അവിടെയാണ് ഞാൻ ഒരേദിവസം 3 നാടകത്തിൽ അഭിനയിച്ചത് . കംസനായും , കളക്ടർ ആയും പിച്ചക്കാരനായും ഞാൻ നിറഞ്ഞാടി]. മിമിക്രയും പ്രസംഗവും പദ്യ പാരായണവും നടത്തിയ സ്ഥലം. ഞാനൊന്നു നെടുവീർപ്പിട്ടു.. (അന്നത്തെ കൂവലുകൾ ഓർത്തിട്ടാവണം). സ്കൂൾ വരാന്ത കണ്ടപ്പോൾ പിന്നെയും ഓർമകളുടെ കഞ്ഞിയും പയറും , പിന്നെ എന്റെ ജീവിതത്തിലെ ഏക എലെക്ഷൻ ...ഞാൻ അസിസ്റ്റന്റ് സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടതും ആ വരാന്തയിൽ നിന്നായിരുന്നു..
ആ രണ്ടു കെട്ടിടങ്ങളും എന്റെ സ്കൂൾ ജീവിതത്തിന്റെ അഭേദ്യ ഘടകങ്ങൾ ആയിരുന്നു. ഒരായിരം സുഖമുള്ള , കണ്ണീരിന്റെ നനവും , സന്തോഷങ്ങളുടെ തിരതള്ളലും ഉള്ള ആ പഴയ സ്കൂൾ വരാന്ത .. എന്നെ മാടി വിളിച്ചു ...
'ഇപ്പോൾ ഇവിടെ ഒരു ലൈബ്രറി യും കമ്പ്യൂട്ടർ റൂം ഉണ്ട് . പിന്നെ സ്കൂൾ ഫങ്ക്ഷന് നടത്താൻ ഒരു നല്ല ആഡിറ്റോറിയം , ആശാൻ മണ്ഡപം ഉണ്ട് . ബിന്ദു ചേച്ചിയുടെ വാക്കുകൾ എന്നെ വീണ്ടുംചിന്തയിൽ നിന്നുണർത്തി.. (മഹാകവി കുമാരൻ ആശാന്റെ വീണ പൂവിൽ ഞാൻ വീണ്ടും മനമുടക്കി.. എങ്കിലും.)
ഹാ പുഷ്പമേ അധിക തുങ്ക പഥത്തിൽ ... നീട്ടിപ്പാടിയതു കരുണാകരൻ സർ ആയിരുന്നു.. അഞ്ചാം ക്‌ളാസ് കഴിഞ്ഞുള്ള മധ്യ വേനൽ അവധിക്കാലത്തിൽ , അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങടെ പ്രിയ കൂട്ടുകാരി , വീണക്കുള്ള അനുസ്മരണം ആയിരുന്നു അന്ന്.. സാറിന്റെ ശ്രുതി മധുരമായ ആ വാക്കുകൾ ഞങ്ങളെ ഈറനണിയിച്ചു . ആ പത്തു വയസുകാരി വീണ, എന്താണ് അവൾക്കു പറ്റിയത് ? വളരെ പ്രസരിപ്പും ചുറുചുറുക്കും ഉള്ള കുട്ടി . അധ്യാപകർക്കും കൂട്ടുകാർക്കും വളരെ പ്രിയപ്പെട്ടവൾ . പക്ഷെ അവൾ അസുഖം വന്നു മരിച്ചു പോയി . എന്താണ് മരണം എന്ന് വ്യക്തമായില്ല എങ്കിലും , എന്റെ അമ്മച്ചിയെപ്പോലെ അവളും സ്വർഗത്തിലേക്ക് പോയി എന്ന് മാത്രം ഞാനും കരുതി. ഒരു വേദനയായി വീണ ഇന്നും ഞങ്ങളുടെ മനസ്സിൽ തങ്ങി നില്കുന്നു, മരണം ...അതെങ്ങനെയായാലും രംഗബോധം തീരെയില്ലാത്ത കോമാളി തന്നെയാണ്..
'ഇതാണ് ഇന്ററാക്ടിവ് ക്ലാസ് റൂം '. ഇത്തവണ എന്നെ ഞെട്ടിച്ചത് നിഷ ആയിരുന്നു. എഡോ മണ്ട കുണാപ്പി , വായും പൊളിച്ചു നില്കാതെ ക്ലാസ് റൂം കയറി കാണെടോ .. ശെരിക്കും ഞാൻ വാ പൊളിച്ചു നില്കുവായിരുന്നു.. ബാംഗളൂർ വിബ്‌ജിയോർ സ്കൂളിൽ ഒന്നെര ലക്ഷം കൊടുത്തപ്പോഴാ എന്റെ മോൾക്ക് ഇത് പോലെ ഒരു ക്ലാസ് റൂം കിട്ടിയത്. പിന്നെ ഇങ്ങു ലണ്ടൻ സ്കൂളിൽ വന്നപ്പോഴും കണ്ടു, അതൊക്കെ എന്റെ മോൾക്ക് ഭാഗ്യം കൊണ്ട് കിട്ടി എന്നൊക്കെ വിചാരിച്ചിരുന്ന എന്റെ മൂഢ മനസിലേക്ക് ഒരു ആണി പോലെയാണ് നിഷയുടെ വാക്കുകൾ തറച്ചത്. ഇതൊക്കെ ഞങ്ങൾ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത്.. അവർക്കു ഫീസ് ഒന്നും കൊടുക്കേണ്ട . ഇപ്പൊ കൊറച്ചു govt ഗ്രാൻറ് ഉണ്ട് .. പക്ഷെ ഇതുണ്ടാക്കിയത് കൊറേ സ്‌പോൺസർഷിപ് കൊണ്ടും , പിന്നെ കൊറച്ചു ടീച്ചേഴ്സിന്റെ നല്ല അധ്വാനം കൊണ്ടും മാത്രം ആണത്രേ. ടീചെര്സ് ആൻഡ് നോൺ ടീചെര്സ് സ്റ്റാഫ് അവിടെ ഒറ്റക്കെട്ടായി വിചാരിച്ചതുകൊണ്ടു അവിടെ വളരെ ഉന്നത നിലവാരത്തിൽ സ്കൂൾ നടക്കുന്നു. കുട്ടികൾക്ക് ലൈബ്രറി, കമ്പ്യൂട്ടർ റൂം, പ്രൊജക്ടർ, പിന്നെ കുട്ടികളുടെ ലീഡർഷിപിൽ നടക്കുന്ന ഒരു റേഡിയോ നിലയം .. പോരെ പൂരം !!!
എന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു .. സാധാരണ നമ്മൾ പഠിച്ച സ്കൂളിൽ ചെല്ലുമ്പോൾ ഒന്ന് നെടുവീർപ്പിടും.. ഗതകാല സ്മരണകളുടെ തിരത്തള്ളലിൽ വീർപ്പുമുട്ടി നിൽക്കുന്ന പഴഞ്ചൻ കെട്ടിടങ്ങളും അതിനേക്കാൾ പഴഞ്ചനും മുരടിപ്പിക്കുന്ന ആൾക്കാരും ആവും അവിടെ കാണുക... ഇവിടെ നേരെ തിരിച്ചാണ് . സ്കൂളിനും പിള്ളേർക്കും പിന്നെ സ്റ്റാഫിനും അതൊക്കെ ഓർക്കാൻ സമയമില്ല .. അവിടെ നാൾക്കു നാൾ കൂടി വരുന്ന ഉത്സാഹം ആണ്. പുതിയ പരിപാടികൾ ആണ്. എങ്ങനെയും സ്കൂൾ ഉന്നതിയിൽ എത്തിക്കാൻ ഉള്ള ആവേശം ആണ്..നന്നായി വരട്ടെ.]
അരമണിക്കൂർ പോയതറിഞ്ഞില്ല .. യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരു മഴ പെയ്തൊഴിഞ്ഞ ശാന്തതയയിരുന്നു . സന്തോഷത്തിന്റെ വിങ്ങൽ ആയിരുന്നു. പഠിച്ച സ്കൂളിന്റെ ഇന്നത്തെ makeover കണ്ടിട്ട്. അവരുടെ ഉത്സാഹം കണ്ടിട്ട്. കുട്ടികളുടെ സന്തോഷം കണ്ടിട്ട്.. ഇതിനു പിന്നിൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന കരങ്ങളെ എത്ര അഭിനന്ദിച്ച്ചാലും മതിയാവില്ല . ഇങ്ങനെ നന്നായി പ്രവർത്തിക്കുന്ന അനേകം സ്കൂളുകൾ പ്രത്യേകിച്ച് പ്രൈവറ്റ് സ്ഥാപനങ്ങൾ ധാരാളം ഉണ്ട് . പക്ഷെ യാതൊരു ലാഭവും കിട്ടില്ല എന്നറിഞ്ഞിട്ടും , govt aid കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ഇങ്ങനെ മോഡേൺ outlook കൊണ്ട് വരുന്നത് വളരെ ചുരുക്കം ആണ് . അതും ഒരു ഗ്രാമീണ മേഖലയിൽ . അതെ , ഇന്ത്യയുടെ ആത്മാവ് ശെരിക്കും ഗ്രാമങ്ങളിൽ തന്നെയാണ് ...
എന്തുകൊണ്ടും അഭിനന്ദനാർഹം ...ഞാൻ ആ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്നു എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. എന്റെ എല്ലാ പിന്തുണയും എന്നാൽ കഴിയുന്ന വിധം ഞാൻ കൊടുക്കും എന്ന് മനസ്സിൽ പറഞ്ഞ ശേഷം അവിടെ നിന്ന് യാത്ര പറഞ്ഞു . വണ്ടി ആദ്യത്തെ വളവു തിരിഞ്ഞു നോക്കിയപ്പോൾ പ്രൗഢ ഗംഭീരമായ ആ കമാനം എന്നെ നോക്കി പറഞ്ഞു ....'ഇനിയും വരില്ലേ മോനെ ' ??? വരും , തീർച്ചയായും ...എനിക്ക് വീണ്ടും ഒരായിരം ഓർമകളെ താലോലിക്കാനുണ്ട് ' ....
#SNVUPS,Maruthamonpalli