Saturday, August 17, 2024

എന്റെ വീടോർമ്മകൾ

                                      

ഇന്ന് ഞാൻ എഴുതുന്നത് ചില വീടുകളെ കുറിച്ചാണ് . എന്റെ എന്ന് പറയുമ്പോൾ. എന്റെ പേരിൽ ഉള്ള എന്നതല്ല... എന്റെ ജീവിതത്തിൽ അനിതര സാധാരണമായ സ്വാധീനം ചെലുത്തിയ, വളരെ ഇഷ്ടം തോന്നിയ വീടുകൾ, ഞാൻ കടന്നു പോയ വഴികളിൽ ഞാൻ താമസിച്ചതും സന്ദർശിച്ചതും ആയ വീടുകൾ.

ഒരു പുരുഷായുസ്സിന്നെ പണ്ടുള്ളവർ നിർവചിച്ചതു അവന്റെ ജീവിതത്തിൽ നടക്കുന്ന  ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
1 . ജോലി 
2 .വിവാഹം 
3 സഹോദരിമാരുടെ  വിവാഹം നടത്തുക 
4 പെണ്മക്കളുടെ വിവാഹം നടത്തുക 
5 സ്വന്തമായി ഭവനം ഉണ്ടാക്കുക 

ഇത്രയും കാര്യങ്ങൾ അടിസ്ഥാനപരമായി ഒരുവൻ നടത്തിയിട്ടുണ്ടെങ്കിൽ അവന്  വാനപ്രസ്ഥത്തിലേക്കുള്ള യാത്ര മാത്രം ആണ് പിന്നെ അവശേഷിക്കുന്നത്.  ഇന്നും  പ്രസക്തമായ ഒരു കാര്യമല്ലേ. എല്ലാം എല്ലാര്ക്കും ചെയ്യാൻ പറ്റിയെന്നു വരില്ല . അതുപോലെ മേല്പറഞ്ഞ എല്ലാ കാര്യങ്ങളും അതെ ഓർഡറിൽ നടന്നില്ലെങ്കിൽ നിങ്ങൾ മോക്ഷം പ്രാപിക്കില്ല എന്നും പറയില്ല . സ്വാഭാവികമായി അങ്ങനെ നടന്നാൽ , പിന്നെ അധികമായി ഒന്നും  സാധാരണ ഗതിയിൽ ചെയ്യനില്ല.  (ലോകം മാറ്റി മറിക്കുന്നവരെയല്ലെ ഞാൻ ഉദ്ദേശിച്ചത് കേട്ടോ) ...
എന്റെ കുടുംബത്തിലേക്ക് നോക്കിയാൽ ,  അപ്പച്ചൻ പൂർണ്ണ അർത്ഥത്തിൽ ഒരു വീട് വെച്ചില്ല , പക്ഷെ ആഗ്രഹിചു , അതിനായി ഭൂമി വാങ്ങി, ഒരു കെട്ടിടം പണിഞ്ഞു , ശെരിക്കും ഉള്ള വീട് പണിയുന്നതിന് മുന്നേ അപ്പച്ചന്റെ സാമ്പത്തികം  തകർന്നു. പിന്നെ മക്കളുടെ നേതൃത്വത്തിൽ ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുഖ്യ കാർമികത്വം വഹിക്കുക എന്ന ചുമതല മാത്രമേ അപ്പച്ചനുണ്ടായുള്ളൂ . 1943 ൽ പണി തുടങ്ങിയ ആ പാതി വീട്  , പിന്നീട് ഇപ്പൊ കാണുന്ന തരത്തിൽ എത്തുന്നതിനു മുന്നേ പല പ്രാവശ്യം കൂട്ടിച്ചേർക്കലുകൾ, പ്രത്യേകിച്ച് വീട്ടിൽ കല്യാണങ്ങൾ നടക്കുമ്പോൾ. അങ്ങനെ അവിടെ താമസിച്ചവരോടോപ്പോം വളർന്ന വീടായിരുന്നു എന്റെ തറവാട് വീട്. അതിന്റെ കൂര ഭാഗം അന്ന് ഉണ്ടാക്കിയ പോലെ ഇന്നും നില നിർത്തിയിരിക്കുന്നു. എന്റെ ബാല്യകാലത്തിൽ ആ വീട് ഒരു സ്കൂൾ പോലെ ആണ് എനിക്ക് തോന്നിയത്. കിഴക്കു നിന്ന് പടിഞ്ഞാറു വരെ നീളത്തിൽ ഒരു ഹാൾ , നടുക്ക് കൂടെ ഒരു വഴി, ഇരു വശത്തും ചെറിയ മുറികൾ. പിന്നെ പിറകു വശത്തു നീളത്തിൽ അറപ്പുര , മുൻവശത്തെ നീണ്ട വരാന്ത .. ആ വരാന്തയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇരുന്നു നിര ങ്ങുന്ന ചാച്ചി, ചാച്ചൻ, തിരുമേനി ... മൗനമായിരുന്നു അപ്പച്ചൻ, അടുക്കളയിൽ നിന്ന് വരാന്ത വരെ എത്തി നോക്കിയിട്ടു എന്തൊക്കെയോ ആത്മഗതങ്ങൾ പറഞ്ഞു തിരിച്ചു നടക്കുന്ന അമ്മച്ചി , കലപില കലപില പറഞ്ഞു ഓടി നടക്കുന്ന ഞങ്ങൾ 6 പിള്ളേർ (5 വയസു മുതൽ 14 വയസുവരെ പ്രായമുള്ളവർ )ഇതൊക്കെ അന്നത്തെ സ്ഥിരം കാഴ്ചകൾ ആയിരുന്നു ഞങ്ങളുടെ വീട്ടിൽ ... തൊട്ട് മുകളിലത്തെ ഭാഗത്തിൽ ചാച്ചൻ വീട് വെച്ചിരുന്നു , 80 കളിൽ .. 

ഇങ്ങനയൊക്കെ ഒരു പാകമാകാത്ത പരുവത്തിൽ കിടന്ന ഞങ്ങളുടെ വീട് വീണ്ടും ഒന്ന് പരുവപ്പെടുത്താൻ ചാച്ചിക്കു കഴിഞ്ഞത് അപ്പച്ഛന്റേം അമ്മച്ചീടേം മരണത്തിനു ശേഷം 96 -99 കാലഘട്ടത്തിൽ ആണ്.  എന്റെ കൗമാര ഘട്ടത്തിന്റെ അവസാന, ആയപ്പോഴാണ് ചാച്ചിക്കു ആ വീട് ഒന്ന് തീർക്കാൻ കഴിഞ്ഞത്. അതിനു ശേഷം കഴിഞ്ഞ  വർഷങ്ങളിൽ മുഖം മിനുക്കുകൾ , സൗകര്യങ്ങൾ കൂട്ടൽ തുടങ്ങിയവ അല്ലാതെ വേറെ ഒരു മരാമത്തു പണികളും അവിടെ നടന്നിട്ടില്ല. എന്ന് വെച്ചാൽ 43 -ഇൽ പണിഞ്ഞ വീടിനു ഒരു പൂർണത വന്നപ്പോഴേക്കും 50 വര്ഷം എടുത്തു എന്ന് സാരം.

ഇനി ചാച്ചന്റെ വീട്ടിലേക്കു വരാം. ഇന്ന്  സ്ഥിര വരുമാനം ഉള്ള ആൾക്കാർക്ക്   ഒരു വീട് വെക്കുക എന്നത് വലിയ പ്രയാസം ഉള്ള കാര്യം അല്ല. പക്ഷെ അന്ന് ചിട്ടി , പണയം, PF , പിന്നെ കൈ വായ്പ , ഇവയല്ലാതെ വേറെ ഒരു വഴിയുമില്ല വീട് വെക്കാൻ. അത് കൊണ്ട് തന്നെ അതിനു അതിന്റേതായ സമയവും കുറവുകളും ഉണ്ടാവും. അങ്ങനെ വെച്ച വീടാണ് ചാച്ചന്റെ വീട്. അവര് 6 പേരുള്ള വലിയ കുടുംബത്തിന് കൊറേ പരിമിതിയായിരുന്നു ആ വീട്ടിൽ .അതുപോലെ കാറ്റിന്റെ യും വെളിച്ചത്തിന്റെയും ദിശ ശെരിയായ രീതിയിൽ അല്ല എന്ന്  പല പ്രാവശ്യം തോന്നിയിട്ടുണ്ട്.  ഏതായാലും എല്ലാ പരിമിതികളെയും മറികടന്നു ചാച്ചനും മറ്റേമ്മയും അവരുടെ കുടുംബം ഭംഗിയായി മുന്നോട്ടു നീക്കി.   പഠനം, ജോലി, വിവാഹം തുടങ്ങിയ എല്ലാ പ്രധാന കാര്യങ്ങളും ആ വീട്ടിൽ നടന്നു. ചാച്ചനും മറ്റേമ്മയും ആയുസ്സിന്റെ നല്ലൊരു ഭാഗവും അവിടെ ചിലവഴിച്ചു കഴിഞ്ഞു..പക്ഷെ  ചാച്ചൻ വീടിന്റെ പൂര്ണതയില്ലായ്മയിൽ ഖിന്നനായിരുന്നു എന്ന് തോന്നുന്നു. പല വട്ടം ആ തോന്നൽ വല്ലാണ്ടെ അലട്ടിയതായി തോന്നുന്നു. തത്കാലം ചാച്ചൻ അവിടെ നിൽക്കട്ടെ , എന്റെ കാര്യത്തിലേക്കു വരാം.


അപ്പച്ചനും ചാച്ചിക്കും  ലഭിക്കാതെ പോയ ആ വീട് വെക്കൽ ഭാഗ്യം എനിക്ക് ഉണ്ടായി. ഞാൻ ഇപ്പൊ എന്റെ കഴിഞ്ഞ 25 വർഷത്തെ പ്രവാസ ജീവിതത്തിൽ 10 -15 വീടുകളിൽ താമസിക്കുകയോ വാങ്ങുകയോ വിൽക്കുകയോ നിര്മിക്കുകയോ ചെയ്തിട്ടുണ്ട് . അതിൽ ഏറ്റവും നല്ലത് (ചെങ്കുളത്തെ വീട് കഴിഞ്ഞാൽ ) എന്ന് എനിക്ക് തോന്നിയ വീട്ടിൽ ആണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. എന്നാൽ അത് ഞാൻ നിർമ്മിച്ച വീടല്ല താനും..എന്ത് കൊണ്ട് അത് നല്ലതു ആയി ?  ഒരു വീട് എന്ന നിലയിൽ അതിനു ഒരു പൂർണത അനുഭവപ്പെടുന്നു എന്നുള്ളതാണ് കാരണം. ബാംഗ്ലൂരിൽ ഞാൻ പണികഴിപ്പിച്ച വീടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. വളരെ അധികം പോസിറ്റീവ് എനർജി തരുന്നതാണ്. എങ്കിലും മനസ്സിൽ ഒരു പൂർണ തൃപ്തി എവിടെയോ തോന്നുന്നില്ല . കൊറെയൊക്കെ വീട് നിൽക്കുന്ന ചുറ്റുപാടുകൾ മൂലം ആകാം. പിന്നെ അവിടെ എനിക്ക് അധിക കാലം താമസിക്കാൻ കഴിഞ്ഞില്ല .  വീടിന്റെ സൗകര്യങ്ങളും അതിന്റെ ഒരു ശരീര ഭാഷയും എന്നെ സംബന്ധിച്ച് സന്തോഷം നൽകുന്നുണ്ടെങ്കിലും. ആ വീട് എന്നെ ഇപ്പൊ മോഹിപ്പിക്കുന്നില്ല . എന്റെ സായംകാലം അതിൽ ചെലവഴിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നില്ല . എന്നെ സംബന്ധിച്ച് വീട്, കുടുംബത്തിലേക്ക് പരിണാമം ചെയ്യപ്പെടുന്ന ഒരു പ്രക്രിയയിൽ (transformation of house to home) ആണ് അത് ഒരു പൂർണതയിൽ എത്തുന്നത്. അവിടെ നമ്മൾ കൂടുതൽ കാലം കഴിയാൻ ആഗ്രഹിക്കും . മനസിനും ശരീരത്തിനും അത് നൽകുന്ന ഊർജം ചെറുതല്ല . വെറും നശ്വരമായ ഒരു കെട്ടിടം ആണെങ്കിലും അത് നമ്മളെ മാടി വിളിക്കും. ഞാൻ ബാംഗ്ലൂരിൽ ആദ്യം താമസിച്ച ഒരു മൂന്നു മുറി ഫ്ലാറ്റും എനിക്ക് സന്തോഷം തരുന്ന ഒരു സ്ഥലം ആയിരുന്നു. ഒരു പാട് പരിമിതികൾക്കിടയിൽ ഞങ്ങൾ 6 -7 പേര് വരെ ഒതുങ്ങി ജീവിച്ചിരുന്ന സ്ഥലം.എന്റെ ജീവിതത്തിലെ ഒരു പാട് നിർണായക ചുവടുകൾക്കു വേദിയായ സ്ഥലം ആണ് ആ ഫ്ലാറ്റ് . അപ്പോൾ പറഞ്ഞു വന്നത്, ഒരു വീട്ടിൽ കൂടുതൽ കാലം ജീവിച്ചു എന്നത് കൊണ്ട് മാത്രം അവിടെ പൂർണതയുള്ള , ആത്മസന്തോഷം തരുന്ന ഒന്നായി ആ കെട്ടിടം മാറുന്നില്ല .മറിച്ചു നമ്മൾ കടന്നു പോകുന്ന വഴികളിൽ നമ്മുടെ വാസ സ്ഥലം ഒരു പ്രത്യേക ഘട്ടത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ ചെലപ്പോൾ അതൊരു പൂർണതയുള്ള ഭവനം ആയി മാറും . നമ്മുടെ ചുറ്റുപാടുകളും അരികെ താമസിക്കുന്നവരും പിന്നെ ആ ഭവനത്തിനുള്ളിൽ താമസിക്കുന്നവരുടെ മനോഭാവവും ഒരു പക്ഷെ അതിൽ നിർണായക ഘടകങ്ങൾ ആയേക്കാം .. 

ചാച്ചന്റെ വീട്ടിലേക്കു തിരിച്ചു വരാം. എന്റെ കുട്ടികാലത്തെ play ground ആയിരുന്നു മേലെ വീട്ടിന്റെ അതിരിനോട് ചേർന്ന ഭാഗം. അവിടെ പോയി, അപ്പുറത്തെ വീട്ടിലെ ഷാജിയോടോപ്പോം ക്രിക്കറ്റ് കളിക്കുക ആയിരുന്നു കൊറേ വർഷങ്ങൾ എന്റെ വിനോദം ... പാവം മറ്റേമ്മയും ചാച്ചനും എന്റെ ക്രിക്കറ്റ് കളി കാരണം പൊറുതി മുട്ടിയിട്ടുണ്ടാവണം , പക്ഷെ എനിക്കതൊന്നും പ്രശ്നമല്ലല്ലോ ..ഏതായാലും 10 കഴിഞ്ഞതോടെ കളി കഴിഞ്ഞു. മിക്കവാറും വാരാന്ത്യങ്ങളിൽ ഞാനോ , ബിന്ദുവോ , ഞങ്ങൾ രണ്ടുപേരുമോ അവിടെ പോയി അവിടുത്തെ ഞെരുങ്ങി കഴിയുന്ന മൂന്നു മുറികളും കയ്യേറുമായിരുന്നു. മറ്റേമ്മ തരുന്ന ചോറും ഉണ്ട് , പ്രസാദച്ചന്റെ കൂടെ കത്തി വെച്ച് , പൊടിമോൻഅച്ചായന്റെ കൂടെ വഴക്കുണ്ടാക്കി , സുജച്ചേച്ചിയുടെ കൂടെ പ്ലാവില കിരീടം ഉണ്ടാക്കി ജീവിച്ചിരുന്ന ഒരു ബാല്യം  ഞാൻ ഇന്ന് ഒരു ഗൃഹാതുരത്വത്തോടെയും ചെറു ചിരിയുടെയും ഓർക്കാൻ ആഗ്രഹിക്കുന്ന വീടോർമ്മകൾ ആണ്. ഒരു വേനൽ അവധിക്കാലത്തും വീടുകൾ മത്സരിച്ചു ഉണ്ടാക്കിയ പൊടിമോനച്ചനും പ്രകാശ് അച്ചനും ഇന്നത്തെ അവരുടെ സാമൂഹിക സ്ഥിതികളുടെ നേർകാഴ്ച ആയിരുന്നു എന്ന് അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. പൊടിമോനാച്ച വളരെ സ്ട്രോങ്ങ് ആയി വീടുണ്ടാക്കിയപ്പോൾ അച്ചന്റെ വീട് മനോഹരം ആയിരുന്നു. പിൽക്കാലത്തു പൊടി, എഞ്ചിനീയർ ആയി, അച്ചന് പള്ളീൽ അച്ചനും ആയി. വല്ലാത്തൊരു കാവ്യ നീതി.. ഓണക്കാലത്തു , മേലെ വീട്ടിനു മുന്നിൽ ഉണ്ടായിരുന്ന പ്ലാവിൽ കെട്ടിയ  ഊഞ്ഞാലിൽ രണ്ടു തരo ഊഞ്ഞാലിൽ തൂങ്ങിയ ബാല്യം . അങ്ങനെ എത്രയോ സന്തോഷകരവും മനോഹരവും ആയ ഓർമകളുടെ സമഞ്ജസ സമ്മേളനം ആയിരുന്നു ഞങ്ങൾക്കെല്ലാം മേലെ വീട്. ഞങ്ങളുടെ കസിൻസ് ഒക്കെ അവധിക്കാലത്തും വീട്ടിൽ വരുമ്പോൾ, രണ്ടു വീടുകളും ഉണരും . ഷിജു,കൊച്ചുമോൻ, ഷിബു, ഷീബ, അമ്പലത്തിങ്കലയിലെ അനിൽ, തേവലക്കരയിലെ ചേച്ചിമാർ , കൊട്ടാരക്കയിലെ പിള്ളേർ ഇവരൊക്കെ ചെങ്കുളത് വരുമ്പോൾ, മേലെ വീടും താഴെ വീടും ഒരുപോലെ ആക്റ്റീവ് ആകുമായിരുന്നു.  തിരുമേനിയുടെ ഏറെക്കാലം ഉള്ള വിശ്രമ സങ്കേതം ആയി മേലെ വീട് മാറുന്ന കാഴ്ചയും  (90-2008) കണ്ടു. 

ഇങ്ങനെയൊക്കെയുള്ള ഈ വീട് , കഴിഞ്ഞ 8 -10 വർഷമായി ഒരു മൗനത്തിന്റെ വാല്മീകത്തിൽ ഒതുങ്ങിയ പോലെ ആയിരുന്നു , ഈ അടുത്ത കാലത്തു ചാച്ചൻ ആ നടുക്കുന്ന പ്രഖ്യാപനം നടത്തുന്ന വരെ.

ചാച്ചൻ കുറച്ചു നാല് ആശുപത്രിയിൽ ആയപ്പോൾ ഒന്ന് വിഷമിച്ചു, അത് കഴിഞ്ഞു വീട്ടിൽ തിരിച്ചു വന്നപ്പോൾ, ഇത്ര നാളായി അടക്കി വെച്ചിരുന്ന ആഗ്രഹം ഉറക്കെ പറഞ്ഞു. എനിക്ക് ഈ വീട് പോരാ . അതിൽ ഒരു പാട് കുറവുകൾ ഉണ്ട്. എന്റെ ശിഷ്ടകാലം ഈ വീട്ടിൽ ഇങ്ങനെ കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല ....
 ആളുകളൊക്കെ വല്ലാണ്ടെ ഷോക്കായി ചാച്ചന്റെ വികാര നിർഭരമായ ഈ പ്രഖ്യാപനത്തിൽ . ഞാനും കൊറേ നേരം എടുത്തു ഒന്ന് നോർമൽ ആകാൻ. പക്ഷെ പിന്നീട് ഞാൻ അല്പം പിൻവാങ്ങി ഇരുന്നു ആലോചിച്ചപ്പോൾ , ചാച്ചൻ പറയുന്നതിലും കാര്യം ഉണ്ടല്ലോ എന്ന് തോന്നി . നിവൃത്തി ഇല്ലാതെ മാത്രം ഏറെ നാൾ കഴിഞ്ഞ വീട്, ഇപ്പോൾ തന്റെ ശാരീരിക ക്ഷീണ അവസ്ഥയിലും മുന്നോട്ടു നോക്കാനുള്ള ആർജവത്തോടെ ചാച്ചനും മറ്റേമ്മയും ചേർന്നെടുത്ത ആ തീരുമാനം. അത് വളരെ മനോഹരമായി നടത്തി കൊടുക്കുക എന്ന് മാത്രമേ മക്കൾക്കു ചെയ്യാനുള്ളൂ. ഏതായാലും ഒരു വീട് വെച്ച് എന്ന് കരുതി അവിടെ ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാകാൻ പോകുന്നില്ല  . അപ്പോൾ പിന്നെ അവരുടെ സന്തോഷം, മനസമാധാനം , പൂർണത ഇതൊക്കെയല്ലേ പ്രധാനം. അതെ അതൊക്കെ മാത്രം ആണ് പ്രധാനം. വേണമെങ്കിൽ  വിമർശിക്കാം, ഈ പൈസ പാവങ്ങൾക്ക് കൊടുത്തിരുന്നേൽ ഇത്ര ജീവിതം രക്ഷപെട്ടേനെ , അല്ലേൽ ആ പൈസ കൊണ്ട് വേൾഡ് ടൂർ പോകാമായിരുന്നില്ലേ , കൊച്ചു മക്കൾക്കു കൊടുക്കരുന്നില്ലേ, അങ്ങനെ ചെയ്യരുന്നില്ലേ, ഇങ്ങനെ ചെയാറുന്നില്ലേ അങ്ങനെ ഒരുപാട്  വേണമെങ്കിൽ പറയാം പക്ഷെ ആത്യന്തികമായി നമുക്ക് നമ്മുടെ സന്തോഷവും പ്രധാനം അല്ലെ ? ആണ് , അപ്പോൾ ചാച്ചന്റെ ഈ തീരുമാനത്തിന് ഒരു നൂറു കയ്യടി കൊടുക്കാം. പിന്നെ ഈ പറഞ്ഞ പണം വിപണിയിൽ ഇറക്കിയത് കൊണ്ട് അവിടെ ഉണ്ടായ ഒരു ചലനവും നമ്മൾ കാണണം അല്ലെ. ഷണ്മുഖം മേസ്തിരിക്കും ഇതൊരു നിയോഗം ആണ്. പുള്ളിയുടെ അപ്പനും, ചേട്ടനും കൂടെ വെച്ച വീടിന്റെ കുറവുകൾ 45 വര്ഷങ്ങള്ക്കു ശേഷം പുള്ളിയും മകനും ചേർന്ന് നികത്തുന്ന കാലത്തിന്റെ മനോഹരമായ കാവ്യനീതി...

ഏതായാലും അവിടെ ഒരു മനോഹരമായ പുതിയ വീട് ഉയരുകയാണ് . നിങ്ങളെ പോലെ ഞാനും വളരെ ആകാക്ഷയോടെ പുതിയ വീട് കാണാൻ കാത്തിരിക്കുന്നു. ചാച്ചനും മറ്റേമ്മയും പുതിയ  വീട്ടിലേക്കു എത്രയും പെട്ടെന്ന് താമസം മാറ്റി , അങ്ങനെ ചാച്ചന്റെ പുരുഷായുസ്സിന്റെ പൂർണതയിലേക്ക് നടന്നടുക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. വീടുകൾ കൂടുകൾ ആകട്ടെ, കൂടുമ്പോൾ ഇമ്പങ്ങളുണ്ടാകുന്ന കുടുംബങ്ങൾ ആകട്ടെ...അങ്ങനെ പുരുഷായുസ്സുകൾ കൂടുതൽ അർത്ഥപൂർണം ആകട്ടെ.. അല്ലേൽ അത് വേണ്ട.ഇപ്പോഴത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പരിധിയിൽ,പകരം കൊറച്ചൂടെ ലിംഗപരമല്ലാത്ത  വാക്കുണ്ടോ . ഒരു മനുഷ്യായുസ്സ് എന്ന് പറഞ്ഞാലോ? , നമുക്ക് വീട് കാണാന് പോകാം , അപ്പൊ വരികയല്ലേ എല്ലാരും ...... നമ്മുടെ പുതിയ മേലെ വീട് കാണാൻ,  കൂട്ടറഴികത്തു 'പുത്തൻ 'വീട്ടിലേക്കു...
ശുഭദിനം 🙏

Monday, April 11, 2022

                                                    നിലാവെളിച്ചം ..

ഇന്ന് ചാച്ചി 78 ന്റെ നിറവിലേക് കടക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും പഠിപ്പിച്ച വിദ്യാർത്ഥികളും എല്ലാം ആശംസകൾ നേരാൻ രാവിലെ മുതൽ whatsapppil ക്യൂവിലാണ്. ചാച്ചി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇതൊക്കെ കാണുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

പക്ഷെ ഞാൻ ഇന്ന് എഴുതുവാൻ ആഗ്രഹിക്കുന്നത്, എന്റെ പ്രിയപ്പെട്ട ചാച്ചനെ കുറിച്ചാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു ചാച്ചന്റെ പിറന്നാൾ. ചാച്ചൻ 83 കഴിഞ്ഞു. ആയിരം പൂർണ ചന്ദ്രനെ കണ്ട പുണ്യം , എല്ലാർകുമോന്ന്നും അത്രെയെളുപ്പം നേടാവുന്നതല്ല ഇത്. അല്ലേലും ചാച്ചിയെക്കുറിച്ചു പറഞ്ഞാൽ ചാച്ചനെക്കുറിച്ചു പറയണം , തിരുമേനിയെക്കുറിച്ചും പറയണം. ഈ മൂന്നുപേരും , സഹോദരങ്ങളേക്കാളുപരി ഇഴപിരിയാത്ത സയാമീസ് ഇരട്ടകളെ പോലെയാണ്. മൂന്നു പേരുടെയും ജീവിത പന്ഥാവും ഉദ്ദേശ്യലക്ഷ്യങ്ങളും വ്യത്യാസം ഉണ്ടെങ്കിലും , അടിസ്ഥാനപരമായി, ഒരേ സാമൂഹിക അടിത്തറയാണ് മൂവർക്കും . കരുണ, കരുതൽ, സ്നേഹം ഇതൊക്കെയാണ് മൂവരേം മുന്നോട്ടു നയിച്ചിരുന്ന, നയിക്കുന്ന ജീവിത ഘടകം. അത് കൊണ്ട് തന്നെ , മൂവരും തമ്മിൽ കാതലായ സംഘര്ഷങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ കണ്ടിട്ടില്ല. ഒന്ന് ഒന്നിനോട് സമരസപ്പെട്ട് , മൂന്നു അരുവികൾ അലിഞ്ഞു ഒരു വലിയ പുഴയായി , അവരങ്ങനെ ഒഴുകുകയാണ്. മൂവരിൽ തിരുമേനി കാലയവനികയിൽ മറഞ്ഞെങ്കിലും , ആ ആശയങ്ങളും സ്നേഹവും കരുതലും, ഇന്നും പ്രസക്തമായി , നമ്മുടെ ഇടയിലൂടെ അനർഗ്ഗളമായി ഒഴുകുകയാണ്.

വീണ്ടും ചാച്ചനിലേക്കു വരാം. ചാച്ചനെക്കുറിച്ചുള്ള, എന്റെ ഓർമകൾ തെളിയുമ്പോൾ, ചാച്ചന് ഇന്നത്തെ എന്റെ പ്രായം ആണ്, ഏകദേശം, 40 വർഷങ്ങൾ പിറകോട്ടു പോയാൽ. അത് ഒരു കൗതുകകരമായ താരതമ്യ, ആണ്, അന്നത്തെ 43 കാരൻ ആയ ചാച്ചനും ഇന്നത്തെ 43 കാരൻ ആയ ഞാനും തമ്മിൽ ഒരു സാമ്യവും ഉണ്ടാവാൻ ഇടയില്ല. ജീവിത സാഹചര്യങ്ങളും,അനുഭവങ്ങളും , ഒരു സാമ്യവുമില്ല. എങ്കിലും ഒരു കാര്യത്തിൽ ഞാങ്ങ്ൾ ഒരേ ചിന്താഗതിക്കാരായിരിക്കും. ഒരു മധ്യവയസ്കന്റെ  ആകുലതകളും, ആശങ്കകളും , തന്റെ കുഞ്ഞുങ്ങളെ കുറിച്ചുള്ള വിചാരധാരയും ഏകദേശം ഒരേപോലെയായിരിക്കും 

ആ കാലത്തിലെ , അതായതു 80 കളിലെ ചാച്ചനെക്കുറിച്ചുള്ള ചില ഓർമകിൽ ഏറ്റവും തെളിമയുള്ളതു , ഇവർ മൂവരും (ചാച്ചൻ, ചാച്ചി, തിരുമേനി ) കൂടെയുള്ള സംഭാഷണങ്ങൾ ആണ്. അതിലെ കാര്യങ്ങൾ ഓർമയില്ല എങ്കിലും, മൂവരും കൂടെ എന്റെ തറവാട് വീടിന്റെ നീളൻ വരാന്തയിൽ ഇരുന്നു വൈകുന്നേരങ്ങളിൽ, പ്രാർത്ഥന കഴിഞ്ഞു അത്താഴം കഴിക്കുന്നതിനു മുൻപോ ശേഷമോ ഉള്ള സമയങ്ങളിൽ, അന്നത്തെ സകല സംഭവങ്ങളും, കണ്ട ആളുകളെയും, പറഞ്ഞ കാര്യങ്ങളും, അടുത്ത നാളത്തെ കാര്യങ്ങളും ഒക്കെ ചർച്ച ചെയ്യുന്ന ഒരു രസകരമായ പ്രക്രിയ ഇപ്പോഴും മനസ്സിൽ വരുന്നു. വരാന്തയുടെ ഒരറ്റത്ത് തുടങ്ങുന്ന ചർച്ച, അവസാനിക്കുമ്പോഴേക്കും അങ്ങേയറ്റത്തെ എത്തിയിട്ടുണ്ടാവും . അത് കേട്ടിരിക്കുന്നത് എനിക്ക് വലിയ രസമുള്ള ഒരു കാര്യമായിരുന്നു. അവർ ചർച്ച ചെയ്യുന്ന കാര്യങ്ങളുടെ ആഴവും പരപ്പും ഒന്നും പിടികിട്ടിയിട്ടില്ല എങ്കിലും.മിക്കവാറും ദിവസങ്ങളിൽ തിരുമേനി (അന്ന് വൈദികനായിരുന്നു), എവിടെയെങ്കിലും ഒക്കെ യാത്ര ചെയ്തു ക്ഷീണിച്ചു വരുന്ന വരവാണെങ്കിലും, സഹോദരങ്ങളുമായി ഉള്ള ഈ ചർച്ച, അവർക്കു മൂവർക്കും ഒരു ജീവ വായു പോലെ ആയിരുന്നു. അന്ന് അപ്പച്ചനും ഉണ്ടായിരുന്നെങ്കിലും ഒരു തന്ത്ര പരമായ അകലം അപ്പച്ചൻ മക്കളിൽ നിന്നും പാലിച്ചിരുന്നു.  സ്വന്തമായി അഭിപ്രായങ്ങളും സ്വത്വ ബോധവും അഹം ചിന്തകളും ഉള്ള മിക്കവാറും വീടുകളിൽ നടക്കുന്ന പോലെ ഒരു സംഘർഷമോ പിണക്കമോ അവർ മൂവരും തമ്മിൽ ഇല്ലായിരുന്നു. തിരുമേനിയുടെ പരിണിത പ്രജ്ഞതയും ചാച്ചന്റെ സ്വാധീന വലയവും ചാച്ചിയുടെ നിസ്സംഗതയും പലപ്പോഴും പരസ്പര പൂരകങ്ങളായിരുന്നു.അവിടെ സംഘര്ഷങ്ങള്ക്കു സാധ്യത കുറവായിരുന്നു. എങ്കിലും അപ്പച്ചന്റെ അവസാന സമയങ്ങളിൽ മൂവരും മൂന്നു തലങ്ങളിൽ ആയിരുന്നു. അമ്മച്ചിയും ഉണ്ടായിരുന്നു. അമ്മച്ചി എല്ലാത്തിനും മൂക സാക്ഷിയായി ഇവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുമായിരുന്നു . അമ്മച്ചിയുടെ അവസാന സമയത്തിൽ,പൊട്ടിക്കരയുന്ന ചാച്ചനെയും, നിർവികാരനായി നിൽക്കുന്ന ചാച്ചിയെയും , തന്റെ മാതാവിനെ സമാധാനമായി ദൈവ സന്നിധിയിലേക്ക് അയക്കുക എന്നത് തന്റെ കടമാണെന്നു കരുതിയ തിരുമേനിയും ചേർന്നുള്ള ഒരു ഫോട്ടോ ഫ്രെയിം എന്റെ കുരുന്നു മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു കാഴ്ച ആയിരുന്നു. ചാച്ചൻ എന്നും അങ്ങനെ ആണ്, മനസ്സിൽ ഒന്നും ഒളിപ്പിക്കാൻ ഇല്ലാത്ത , നിഷ്കളങ്കമായി പ്രതിഫലിപ്പിക്കുന്ന ഒരു വ്യക്തിത്വം. 

പിന്നെ ഉള്ള എന്റെ ഓർമ , എന്റെ മാതൃ ഭവനത്തിലേക്കുളള എന്റെ യാത്രക്ക് മുൻപും തിരിച്ചു വന്നതിനു ശേഷമുള്ള ഞങ്ങളുടെ സംഭാഷണങ്ങൾ ആയിരുന്നു.'അമ്പാനെ' എന്ന് വിളിച്ചു എന്റെ അടുത്ത് വന്നു , പോയിട്ട് തിരിച്ചു വരുന്ന വരെയുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയും. പിന്നെ അതെല്ലാം കാണുന്നവരോടെല്ലാം പറയുകേം ചെയ്യും. അന്ന് ഞാൻ വിചാരിച്ചിരുന്നു, ചാച്ചൻ ഇതെന്തു ഭാവിച്ചാണ്?

പക്ഷെ എനിക്കറിയാം, വാത്സല്യത്തിന്റെ നിറവിൽ, ഒരു കുഞ്ഞിന്റെ ക്രീയേറ്റീവ് ചിന്താഗതിയെ ഉല്ബോധിപ്പിക്കുവാൻ ഉള്ള ബോധപൂർവമായ ഒരു ശ്രമം ആയിരുന്നു അത്.നമ്മളെല്ലാം കുഞ്ഞുങ്ങളോട് സംസാരിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗം , ചാച്ചൻ വളരെ ആയാസരഹിതമായി ഉപയോഗിച്ച് എന്ന് മാത്രം. 

90കളിലെ എനിക്കറിയാവുന്ന ചാച്ചൻ  സംഘർഷ ഭരിതനായിരുന്നു.  മക്കളുടെ വിദ്യാഭ്യാസം,കുടുംബ ജീവിതം, അപ്പച്ചന്റെ അവസാന കാലം , തിരുമേനിയുടെ പ്രയാസങ്ങൾ , ഭാവിയിലേക്കുള്ള കാഴ്ചകൾ, ഇതൊക്കെയും ചാച്ചന്റെ ആരോഗ്യത്തിൽ സാരമായ ആഘാതങ്ങൾ ഉണ്ടാക്കി. തന്റെ കാലം കഴിഞ്ഞു എന്ന് കരുതിയ ചില ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും അദ്ദേഹം ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ ഉയർന്നു വന്നു. സാമൂഹികവും സഭാപരവും ആയ കാര്യങ്ങളിൽ കൂടുതലായി ഇടപഴകുന്ന സമയവും ആയിരുന്നു. സ്വന്തം ഇടവക പള്ളിയിലുണ്ടായ ചില സംഭവങ്ങളും ചാച്ചന്റെ ആത്മ സംഘർഷങ്ങളെ വല്ലാതെ സ്വാധീനിച്ചു.എന്റെ കൗമാര കാലം മുഴുവനും ഇതൊക്കെ കണ്ടാണ് ഞാൻ വളര്ന്നത്. പക്ഷെ ഇതൊക്കെയാണെങ്കിലും , ഇവർ മൂവരും ചേർന്നുള്ള ചർച്ചകളും ചാച്ചന്റെ പ്രോസാഹന ങ്ങളും അഭംഗുരം തുടർന്ന് കൊണ്ടേയിരുന്നു.  മറ്റുള്ളവരെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുവാൻ ചാച്ചന് അന്നും ഇന്നും വളരെ ഇഷ്ടമാണ്.

2000 ആണ്ടിന് ശേഷമുള്ള കഴിഞ്ഞ 22 വർഷങ്ങൾ ചാച്ചനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ, അവധിക്കാലത്തെ ചുരുങ്ങിയ സമയങ്ങളിലെ സംഭാഷണങളായി കുറഞ്ഞെങ്കിലും അനുഭവങ്ങളിൽ അത് യാതൊരു കുറവും ഉണ്ടാക്കിയില്ല. ചാച്ചിയുമായി എന്റെ സംഭാഷണങ്ങളിൽ മിക്കവാറും നല്ല പങ്കു ചാച്ചനും തിരുമേനിക്കുമായി ഞങ്ങൾ നീക്കിവെക്കാറുണ്ട്.അത്രയും ആഴത്തിലാണ് മൂവർക്കും ഞങ്ങൾ മക്കളിൽ ഉള്ള സ്വാധീനം .മറ്റു മക്കൾക്കും അങ്ങനെ ആണെന്നാണ് എനിക്ക് തോന്നുന്നത്. 

കഴിഞ്ഞ ഇരുപതു വർഷങ്ങൾ ചാച്ചനെ സംബന്ധിച്ചു വാനപ്രസ്ഥത്തിന്റെ ശാന്തതയിലേക്കുള്ള പ്രയാണമായിരുന്നു . തിരുമേനിയുടെ വേർപാടോടെ അതിനുള്ള ആക്കം അല്പം കൂടി എന്ന് വേണം പറയാൻ . ആത്മീകയുടെ ഒരു തലത്തിൽ തിന്നും ,തന്റെ നാടിനെകുറിച്ചും ,വീടിനെകുറിച്ചും, പിന്നെ തന്റെ എല്ലാം എല്ലാം ആയ മൂത്ത സഹോദരനെ കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ എഴുതി. എഴുത്തിന്റെ സൗരഭ്യത്തിൽ തന്റെ ശാരീരിക അവശതകളും മറ്റും മറന്നു. ഈയടുത്ത നാളിൽ, നാട്ടിൽ അവധിക്കു പോയപ്പോൾകുറച്ചു  സമയം ചെലവഴിക്കുവാൻ ഭാഗ്യം ലഭിച്ചു . ജീവിത സായാഹ്നത്തിന്റെ പാകതയും ശാന്തതയും വാക്കുകളിൽ നിറയുന്നുണ്ടായിരുന്നെങ്കിലും യാത്ര പറഞ്ഞു പോയ സമയത്തെ നിറഞ്ഞൊഴുകിയ കണ്ണുകൾ, എന്നെ 35  വര്ഷം പിറകോട്ടു കൊണ്ടുപോയി. സ്വന്തം മാതാവിനെ യാത്രയാക്കിയപ്പോൾ പൊട്ടിക്കരഞ്ഞുപോയ അതെ മധ്യവയസ്‌കൻ, സഹോദര പുത്രനായ,അല്ല, മകനായ എന്നെയും കെട്ടിപിടിച്ചു നിന്ന് കരഞ്ഞു. ചാച്ചൻ അങ്ങനെയാണ്, അന്നും ഇന്നും , എന്നും . 

ചാച്ചനെക്കുറിച്ചു ഓർക്കുമ്പോൾ, എന്റെ മനസ്സിൽ വരുന്നത്, രാമായണത്തിലെ ലക്ഷ്മണനെ ആണ്. 

ശ്രീ രാമന്റെ നിഴലായി  ജീവിതം മുഴുവനും, പിന്നീട് ഇളയ സഹോദരന് രാജ്യ ഭരണം കൊടുത്ത ശേഷം ശ്രീ രാമൻ വീണ്ടും നാട് വിട്ടപ്പോൾ, കൂടെ ലക്ഷ്മണനും .. അപ്പോൾ വിമര്ശനാത്മകരമായി ചിന്തിച്ചാൽ, ലക്ഷ്മണൻ ശ്രീരാമനൊപ്പമോ അതിനേക്കാളുമോ ബഹുമാനവും അംഗീകാരവും അർഹിച്ചിരുന്നു , തന്റെ കഴിവിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നിട്ടും പലപ്പോഴും ലക്ഷ്മണനെ അംഗീകരിക്കുവാൻ പലർക്കും കഴിഞ്ഞിരുന്നില്ല. പലർക്കും മനസ്സിലായിരുന്നില്ല, അദ്ദേഹം എന്ത് മാത്രം ആഴത്തിൽ പ്രവർത്തിച്ചിരുന്നു എന്ന്. ചിലപ്പോഴെങ്കിലും ,ചാച്ചനെ ഞാൻ ഒരു ലക്ഷ്മണൻ ആയി കണ്ടിരുന്നു.ആത്മാർത്ഥമായി വളരെ കഠിനമായി പ്രവർത്തിച്ച പല കാര്യങ്ങളിലും ചാച്ചന് അതിന്റെ യഥാർത്ഥ പ്രതിഫലമോ അംഗീകാരമോ ലഭിച്ചിരുന്നുല്ല . എങ്കിലും പ്രതിഫലേച്ഛ കൂടാതെ തന്റെ കർമ്മ മണ്ഡലത്തിൽ വിരാജിക്കുന്നതിൽ ആയിരുന്നു ചാച്ചൻ ഉത്സാഹം കണ്ടിരുന്നത്. അത് തന്നെയാണ് ഇപ്പോഴും ചാച്ചനെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകം.

83 വസന്തങ്ങളുടെ നിറവിൽ ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടതിന്റെ പുണ്യത്തിൽ , എന്റെ പ്രിയപ്പെട്ട ചാച്ചന് കൂടുതൽ കൂടുതൽ സന്തോഷകരമായ, ആത്മിക നിറവുള്ള ശാന്തമായ സായാഹ്നങ്ങൾ ആസ്വദിക്കുവാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഇനിയും കൂടുതൽ ആഴത്തിൽ എഴുതുവാനും , അതുവഴി മനുഷ്യ മനസുകളെ സ്വാധീനിക്കുവാനും, വരും തലമുറയ്ക്ക് പ്രചോദനം ആയി തീരുവാൻ കഴിവുള്ള  തെളിമയാർന്നതുമായ ചിന്തകൾ നൽകുവാനും കഴിയട്ടെ എന്നും ആശംസിക്കുന്നു .

അതോടൊപ്പം 77 നിറയൗവനത്തിൽ ഇപ്പോഴും തുളുമ്പി നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ചാച്ചിക്കും ജന്മദിനാശംസകളും ... ഇരുവരും ഞങ്ങളുടെ കുടുംബത്തിലെ നിലാവെളിച്ചമായി പ്രകാശിക്കട്ടെ 

പ്രാർത്ഥനകളോടെ 

ബിജി 

Wednesday, March 9, 2022

                                                   വേർപാടിന്റെ വേദന

ദിലീപിന്റെ വേർപാട് എന്നിലുണ്ടാക്കിയ ഞടുക്കം വളരെ വലുതായിരുന്നു. ഒന്നോർത്തു നോക്കൂ, രക്ത ബന്ധമോ മറ്റു പ്രത്യേകിച്ച് കടപ്പാടുകളോ ഇല്ലാതിരുന്ന ഒരു വ്യക്തി, അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃ പടവും മനുഷ്യ സ്നേഹവും കൊണ്ട് എന്നെപ്പോലുള്ള വെറും ഒരു സാധാരണക്കാരനിൽ വളരെ സ്വാധീനം ചെലുത്തുക , എനിക്ക്  പ്രത്യേക പരിഗണനകൾ, എന്റെ തുടക്ക കാലത്തിലെ career വളർച്ചക്ക് വേണ്ടുന്ന സംഭാവനകൾ നൽകുകഎന്നിട്ടു പെട്ടെന്നൊരു ദിവസം ലോകത്തിൽ നിന്ന് അപ്രത്യക്ഷനാവുക. ഇതായിരുന്നു ദിലീപ് .

 

ഏകദേശം 20 -21  വര്ഷങ്ങള്ക്കു മുൻപാണ്  ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ചെന്നൈയിൽ പഠിക്കുമ്പോൾ, അവൻ അന്ന് ABN AMRO എന്ന ബാങ്കിൽ സോഫ്റ്റ്വെയർ consultant ആയി വന്നു. ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയുടെ ABN Technical represenative ആയിരുന്നു . ഞങ്ങളുടെ കൂടെയുള്ള രാജീവിന്റെ നാട്ടുകാരൻ ആയതിനാൽ സ്വാഭാവികമായും രാജീവ്, Kunhahammad , എബ്രഹാം , ജസ്വന്ത് എന്നിവരോടോപ്പോം ആയിരുന്നു ദിലീപിന്റെ താമസം. വളരെ പെട്ടെന്ന് തന്നെ അവൻ ഞങ്ങളുടെ എല്ലാ കൂട്ടുകാരുടെയും കൂട്ടുകാരൻ ആയി. അതിൽ അവസാനത്തെ ആളായിരുന്നു ഞാൻ എന്ന് വേണേൽ പറയാം. വളരെ നല്ല ഇടപെടലുകൾ, നല്ല ജോലി , നല്ല ശമ്പളം, ഇതൊക്കെ ഞങ്ങളെ എല്ല്ലാരേം ആകർഷിച്ചു എന്ന് വേണേൽ പറയാം. പിന്നീട് മറ്റുള്ളവരെല്ലാം ഓരോ വഴിക്കായപ്പോൾ ഞാനും ദിലീപിനോടൊപ്പം താമസം തുടങ്ങി. ഇതിനിടെയിൽ ABN  AMRO ബാങ്ക് എനിക്ക് ജോലി തന്നപ്പോൾ, ദിലീപിന്റെ recomendation വളരെ സഹായകമായി. അന്നത്തെ ഞങ്ങളുടെ ബാങ്ക് ഹെഡ് Sainath രാധാകൃഷ്ണന്റെ ക്യാബിനിൽ എപ്പോൾ വേണമെങ്കിലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ദിലീപിനുണ്ടായിരുന്നു.

 

പിന്നീട് വിവാഹം കഴിഞ്ഞു അവൻ ബാംഗ്ലൂരിലേക്ക് മടങ്ങി പോയി. അവിടെ Iflex (ഇപ്പൊ Oracle ) കമ്പനിയിൽ നല്ല ജോലി വാങ്ങിയപ്പോൾ, ഞാൻ വീണ്ടും പിറകെ കൂടി. എനിക്കൊരു ജോലി അവിടെയും തരപ്പെടുത്താമോ എന്ന് ചോദിച്ചു. വളരെ സന്തോഷത്തോടെ അവിടെയും അവൻ എന്നെ recommend ചെയ്തുഞാൻ final ഇന്റർവ്യൂ പാസ്സായില്ല. പക്ഷെ അന്ന് കോയമ്പത്തൂർ ICICIyil ജോലി ചെയ്യുകയായിരുന്ന എന്നെ ബാംഗ്ലൂരിൽ എത്തിച്ചു അവന്റെ വീട്ടിൽ താമസിപ്പിച്ചു , ഭക്ഷണവും തന്നു ഇന്റർവ്യൂവിനു വേണ്ടി prepare ചെയ്യിക്കാൻ അവൻ കഷ്ടപെട്ടതോർത്താൽ , സ്വന്തക്കാര് പോലും എന്നോട് ഇത്രയും കരുണ കാണിച്ചട്ടില്ല. അവനു പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ഒരു കാര്യമായിരുന്നു താനും. തന്റെ ജീവിത യാത്രയിൽ എങ്ങോ പരിചയപ്പെട്ട ഒരു സാധാരണക്കാരന് പയ്യനോട് കാണിച്ച മനുഷ്യത്വവും സൗഹൃദവും ആണ് ദിലീപ് എന്ന വ്യക്തിയെ ഒരു അസാധാരണക്കാരൻ ആക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെ ഒരു ഉന്നത നിലവാരം പുലർത്തുവാൻ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിനേക്കാളും എടുത്തു പറയേണ്ടുന്ന കാര്യം, ദിലീപ് വഴി മാത്രം എന്നെ പരിചയമുണ്ടായിരുന്ന അവന്റെ ഭാര്യ  സുജിത എനിക്ക്  ദിലീപ് തന്ന അതെ സൗഹൃദവും പരിഗണകളും തന്നിരുന്നു എന്നുള്ളതാണ്. ഒരു വിഷമവും കൂടാതെ എനിക്ക് ഭക്ഷണം തരുന്നതിലും, താമസം ഒരുക്കുന്നതിലും സുജിതയും പങ്കാളി ആയി. രണ്ടു വര്ഷങ്ങള്ക്കു ശേഷം എനിക്ക് വീണ്ടും ഒരു ജോലി വാങ്ങി തരുന്നതിൽ നിർണായക പങ്കു വഹിച്ചു. അപ്പോഴും കോയമ്പത്തൂരിൽ നിന്ന് ബാംഗ്ലൂരിൽ വരുന്നതിനുള്ള എല്ലാ സഹായവും ചെയ്തു തരികയും ചെയ്തു.

എന്റെ career മെച്ചപ്പെടുത്താനും  ഇപ്പോഴുള്ള ഒരു തലത്തിലേക്ക് കൊണ്ട് വരുവാനും വളരെ അധികം സഹായിച്ച ഒരു ജോലി ആയിരുന്നു അത്. ശെരിയാണ് , ജോലി ചെയ്തതൊക്കെ ഞാനാണ്, പക്ഷെ അതിനുള്ള സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ദിലീപിന്റെ പങ്കു ഒരു കാലത്തിലും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ വീണ്ടും വീണ്ടും ആലോചിക്കുന്ന വിഷയം, ദിലീപിന് എന്നെകൊണ്ട് പ്രയ്തേകിച് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല, എങ്കിലും എന്നെ കരുതുന്നതിൽ (എന്നെ മാത്രമല്ല). എന്നെ പോലുള്ള ധാരാളം ആളുകൾക്ക് ഇതുപോലെ ഒരുപാട് പറയാൻ ഉണ്ടാകും.

 

പിന്നീട് സോഫ്റ്റ്വെയർ ജോലി ഉപേക്ഷിച്ചു റിയൽ എസ്റ്റേറ്റ്  ബിസിനെസ്സിലേക്കു ഇറങ്ങിയപ്പോഴും അവൻ എനിക്ക് വേണ്ടി ഒരു കൈ ഇട്ടിരുന്നു. എന്നെ സംബന്ധിച്ചു അത് വിജയമായില്ല എങ്കിലും, മേഖലയിൽ ദിലീപ് നേടിയെടുത്ത പുരോഗതി അസൂയാവഹം ആയിരുന്നു. ചില തിരിച്ചടികൾ അവിടെ ഉണ്ടായിരുന്നെങ്കിലും , തന്റെ കോർപ്പറേറ്റ് management expertise മുഴുവനും നന്നായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഞാൻ അത്ഭുദത്തോടെയും അല്പം ആദരവോടെയും ഒക്കെ ആണ് ദിലീപിന്റെ ജീവിത വഴികളൊക്കെയും കണ്ടു നിന്നതു. ഏതു മേഖലയിൽ പ്രവർത്തിച്ചാലും, താൻ ഒരു best  പ്രോഡക്റ്റ് ആണ് എന്ന് കൂടെയുള്ളവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നു. മാത്രമല്ല , തട്ടിപ്പുകൾ ഏറെ നടക്കുന്ന ഒരു മേഖലയായിട്ടു  കൂടി, അവിടെ നല്ല സുതാര്യതയും വിശ്വാസ്യതയും വേണമെന്ന് ദിലീപിന് നിർബന്ധമായിരുന്നു.

 

ഒരുപ്പാട്നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്നു. ചിലരൊക്കെ മാറിപോയിക്കാണും , പക്ഷെ കൂടെയുള്ളവർക്ക് എന്നും അവനൊരു ആത്മവിശ്വാസമായിരുന്നു . 2016 ഇന് ശേഷം എനിക്ക് അവനോടു കൂടുതൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വിളിക്കാനും കഴിഞ്ഞില്ല.

 

കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചകൾ ആയി ഞാൻ ഒന്ന് വിളിയ്ക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവന്റെ ഒരു ബന്ധു അരുണിനോട് ഞാൻ linkedIn മെസ്സേജ് വഴി ചോദിച്ചു , ഫോൺ നമ്പർ കൺഫേം ചെയ്തു. വിളിക്കാം എന്ന് പറഞ്ഞു. പിന്നെയും രണ്ടു-മൂന്ന് ദിനം കഴിഞ്ഞു. അപ്പോഴാണ് അരുൺ വീണ്ടും മെസ്സേജ് അയച്ചത്. ദിലീപ് ഐസിയുവിൽ ആയിരിക്കുന്നു. ഒന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പക്ഷെ എല്ലാം വിഫലമാക്കികൊണ്ടു ഇന്ന് രാവിലെ അവൻ പോയി. ഒരു വലിയ ക്യാൻവാസിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു മനോഹര ചിത്രം പോലെ.

 

മനുഷ്യ ജീവിതത്തിന്റെ ക്ഷണികതകളെ കുറിച്ചോർത്തു നമ്മളൊക്കെ വാചാലരാകും . പക്ഷെ നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവർക്കോ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ, അത് ഉൾക്കൊള്ളുവാൻ വളരെ പ്രയാസമായിരിക്കും.

 

പ്രിയപ്പെട്ട ദിലീപ്, നിങ്ങളൊരു സംഭവമായിരുന്നു. ജീവിച്ചിരുന്ന കാലത്തിൽ , വളരെ അർത്ഥവത്തായ കൊറച്ചു കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്കു കഴിഞ്ഞു. ഞാനുൾപ്പെടെ കൊറച്ചു പേരെയെങ്കിലും നിങ്ങൾക്കു സ്വാധീനിക്കുവാൻ കഴിഞ്ഞു . മനോഹരമായ സൗഹൃദ അനുഭവങ്ങൾ തന്നു.കാലം കാത്തുവെച്ച പേമാരികൾ പെയ്തൊഴിയുമ്പോൾ, നിങ്ങളുടെ ശാന്തമായ മുഖം നിത്യമായി ഉറങ്ങുവാൻ പോകുമ്പോൾ, പ്രിയപ്പെട്ട സ്നേഹിതാ, താങ്കളുടെ ആത്മാവിനു ശാന്തി നേരുവാൻ മാത്രമേ ബലഹീനനായ എനിക്കു കഴിയൂ. പ്രിയപ്പെട്ട കുടുംബo, പ്രത്യേകിച്ച് എന്റെ സഹോദരി സുജിത, സാഹചര്യം നേരിടാൻ ഉള്ള കരുത്തു ദൈവം തരട്ടെ എന്ന്  പ്രാർത്ഥിക്കുന്നു.

 

 

സസ്നേഹം

ബിജി  

Tuesday, November 9, 2021

                                        സൂസമ്മ ടീച്ചർ -ഇനി ഓർമകളിൽ മാത്രം ...

 

പുന്നക്കോട് ഹൈസ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ച സൂസമ്മ ടീച്ചർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എന്നെപോലെ അനേകം വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചർ, എല്ലാര്ക്കും വളരെ ഇഷ്ടമായിരുന്നു. ടീച്ചറിനെ ഓർത്തിരിക്കാൻ എനിക്ക് ഒരുപാടു കാര്യങ്ങൾ ഉണ്ട്. ടീച്ചറിന്റെ കുടുംബം ഞങ്ങളുടെ കുടുംബവുമായി ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അടുപ്പവും ഒരേ നാട്ടുകാരും പള്ളിക്കാരും ഒക്കെയാണ്. എന്നിരുന്നാലും , ടീച്ചറിനെ എന്റെ പ്രിയപ്പെട്ട വ്യക്തിയാക്കിയത് എന്നെ മൂന്നു വര്ഷം പഠിപ്പിച്ചു എന്നുള്ളതാണ്.

 ടീച്ചറിനെ കുറിച്ചുള്ള ചില ഓർമ്മകൾ ഇവിടെ കുറിക്കട്ടെ.

 എട്ടാം ക്ലാസ്സിലെ സാമൂഹിക പാഠം ക്ലാസിലാണ് ഞാൻ ആദ്യമായി ടീച്ചറിനെ പരിചയപ്പെടുന്നത്. തന്റെ സഹ പ്രവർത്തകന്റെ മകൻ എന്ന നിലയിലും കുടുംബങ്ങൾ തമ്മിലുള്ള പരിചയവും കാരണം ടീച്ചറിന് എന്നെ വലിയ കാര്യമായിരുന്നു.  പഠിപ്പിക്കുന്ന ഭാഗങ്ങൾ എനിക്ക് മനസ്സിലായോ എന്ന് ഉറപ്പു വരുത്തുന്നതിൽ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ടീച്ചർ ഹിസ്റ്ററിയും ജോഗ്രഫിയും ആണ് പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ ടീച്ചറിന്റെ ഒരു monotonous voice കൊറച്ചു ബോറിങ് ആയി തോന്നിയെങ്കിലും പതിയെ പതിയെ ഞാൻ ഒരു പ്രത്യേക തലത്തിൽ അലിഞ്ഞു ചേർന്ന്. മാതൃ വാത്സല്യം കലർന്ന ഒരു പഠന രീതി ആയിരുന്നു ടീച്ചറിന്റേത്. കൗമാരക്കാരായ കുട്ടികളെ പഠിപ്പിക്കുമ്പോൾ ആർക്കും അല്പമൊക്കെ ദേഷ്യം വരുന്നത് പതിവാണല്ലോ. ടീച്ചർ ഒരിക്കലും ഞങ്ങളോട് കയർത്തു സംസാരിക്കുകയോ , അടിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എല്ലാം സ്നേഹത്തോടെ ഉപദേശം ആയിരുന്നു. ചില സമയങ്ങളിൽ കുസൃതികളായ ഞങ്ങളോട് അതെ നാണയത്തിൽ തിരിച്ചു  കൌണ്ടർ അടിക്കാൻ ഒരു പ്രത്യേക ചാതുര്യം ടീച്ചർ കാണിച്ചിരുന്നു. എന്നാൽ ഒന്നും അതിരു കടന്നു പറഞ്ഞിട്ടുമില്ല. ഒരിക്കൽ ചരക്കു ഗതാഗതം എന്ന വാക്ക് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും ചിരിച്ചു, പെൺപിള്ളേർ തലകുനിച്ചിരുന്നു . പക്ഷെ ടീച്ചറിന്റെ മറുപടി ശാന്ത ഗംഭീരമായിരുന്നു. എടാ നീയൊക്കെ കരുതുന്ന ചരക്കു അല്ല , ഇത് ഗുഡ്സ് (goods) ആണ് എന്ന് പറഞ്ഞു എല്ലാരുടേം വായടപ്പിച്ചു. പെൺപിള്ളേർ ആശ്വാസത്തോടെ തല ഉയർത്തുന്നത് കാണാമായിരുന്നു.

പിന്നെ ഒരിക്കൽ10th std ആണെന്ന് തോന്നുന്നു, ഒരു Geography പരീക്ഷയിൽ ഒരു ചോദ്യത്തിനുള്ള മാർക്ക് ടീച്ചർ മനഃപൂർവം വെട്ടിക്കുറച്ചു.അതേക്കുറിച്ചു ചോദിച്ചപ്പോൾ ടീച്ചർ പറയുവാ, അത് നീ പഠിച്ചു എഴുതിയതാണോ എന്ന് എനിക്ക് സംശയം തോന്നി അത് കൊണ്ട് മാർക്ക് കൊറച്ചു എന്ന്. ശെരിക്കും അത് സത്യമായിരുന്നു, ഞാൻ അൽപ സ്വല്പം കയ്യീന്നിട്ടു, അവിടേം ഇവിടേം ഒക്കെ നോക്കി താല്പര്യമില്ലാതെ എഴുതിയ ഒരു ഉത്തരം ആയിരുന്നു .ഒരു നല്ല അധ്യാപകന് മാത്രം കഴിയുന്നതാണ് , തന്റെ വിദ്യാർത്ഥികളുടെ ഉത്തരം കണ്ടു അത് അവൻ പഠിച്ചു സ്വന്തമായി എഴുതിയതാണോ എന്ന് അറിയാനുള്ള കഴിവ്..പിന്നെ ഒരിക്കലും അങ്ങനെ ഒരു കുതന്ത്രം ഞാൻ പയറ്റിയി ട്ടില്ല. പിന്നെ ഒരു ദിവസം ഒരു കുട്ടിയെ രൂക്ഷമായി നോക്കുന്നത് കണ്ടു,   കുട്ടിക്ക് മാത്രം അതെന്താണെന്നു മനസിലായി , ബാക്കിയുള്ള ആര്ക്കും അത് മനസിലായതുമില്ല. ടീച്ചർ അങ്ങനെ ആയിരുന്നു. കൃത്യമായി ആശയ വിനിമയം ചെയ്യാനുള്ള കഴിവ്.

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ടീച്ചറിനെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. അസുഖങ്ങൾ വല്ലാതെ ശരീരത്തെ അലട്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരു കാല് മുറിച്ചു കളയേണ്ടി വന്നെങ്കിലും, ടീച്ചറിന്റെ ഊർജസ്വലതയെ ഒട്ടും തളർത്തിയില്ല. ക്ഷീണിച്ച ശാരീരിക അവസ്ഥയിലും ടീച്ചർ എന്നോട് കൊറേ നേരം സംസാരിച്ചിരുന്നു. പഴയ കഥകളും കൂട്ടുകാരെയും ഒക്കെ ടീച്ചർ ഓർത്തെടുത്തു. വളരെ സന്തോഷമായി ഞങ്ങൾക്ക് രണ്ടുപേർക്കും.

 ഇനിയും നാട്ടിൽ വരാമെന്ന ഉറപ്പോടെയാണ് ഞാൻ അന്ന് അവിടെ നിന്നിറങ്ങിയത് , ഇനി ഉറപ്പു പാലിക്കേണ്ടി വരില്ലലോ എന്നോർക്കുമ്പോൾ അറിയാതെ മനസിന്റെ കോണിൽ ഒരു നൊമ്പരം വിങ്ങി നില്കുന്നു. എന്റെ പ്രിയപ്പെട്ട സൂസമ്മ ടീച്ചർ , നിങ്ങൾ ഒരു നല്ല അധ്യാപികയും അതിനേക്കാൾ നല്ല ഒരു മാതാവും കുടുംബിനിയും ഒക്കെ ആയി, നല്ല പോർ പൊരുതി, ജീവന്റെ നിത്യ കീരീടം പ്രാപിക്കാൻ പ്രാപ്തയായിരിക്കുന്നു. ടീച്ചറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു, അതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

 സസ്നേഹം,

ബിജി  

Wednesday, July 21, 2021

ക്ഷണികമാമീ നശ്വര ജീവിതം

  ചാച്ചന്റെ കുറിപ്പുകൾ-1                                        


------------------------------------------------------------------------------------------------------

എന്തായീശ്രമമെത്ര താളുഴറിനി ശാരീരവി ജ്ഞാനമേ

എന്താശിപ്പത്‌ രാസഭോതിക ശാസ്ത്രങ്ങളെ നിങ്ങളും ...

ഈ വരികൾ ഏതു കവിയുടെ ആണെന്ന് വിശദികരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .മലയാള ഭാഷയിൽ സാമാന്യ ജ്ഞാനം ഉള്ള ആർക്കും പെട്ടെന്ന് മനസിലാകും ഇതൊരു കുമാരൻ ആശാൻ കവിത ആണെന്ന്. അതെ , അദ്ദേഹത്തിന്റെ 'പ്രരോദനം' എന്ന കവിതയിലെ രണ്ടു വരികൾ ആണ് . ഈ കവിത എഴുതുന്നതിന്റെ പശ്ചാത്തലവും എഴുത്തുകാരന്റെ ചില വ്യക്തിപരമായ സാഹചര്യങ്ങളും , തന്റെ മനോവിചാരങ്ങളുമായി താരതമ്യം ചെയ്തു നോക്കുകയാണ് ഈ ലഖു കുറിപ്പിലൂടെ .

 

കവി വളരെ ബഹുമാനിക്കുകയും ഗുരു തുല്യനായി ആദരിക്കുകയും ചെയ്തിരുന്ന എ .ആർ . രാജ രാജ വർമ്മ ആന്തരിച്ചപ്പോൾ , തന്റെ മനസ്സിൽ ഘനീഭവിച്ചു കിടന്നിരുന്ന ദുഃഖം കവിതയായി പെയ്തൊഴിഞ്ഞതാണ് 'പ്രരോദനം'. കരച്ചിൽ  എന്നാണ് ഈ വാക്കിന്റെ അർഥം. തന്റെ വിവിധ രചനകളാൽ മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ അതുല്യ രചയിതാവിന്റെ വേർപാടിൽ, പ്രകൃതി പോലും അതിവർഷത്തിലൂടെ അതിന്റെ സങ്കടം പ്രകടിപ്പിച്ചൂ എന്നാണ് കവിയുടെ നിരീക്ഷണം. കവിയുടെ തന്നെ നളിനി എന്ന കണ്ട കാവ്യത്തിന് അവതാരിക എഴുതിയത് രാജ രാജ വർമ്മ ആയിരുന്നു. സവർണ മേധാവിത്തം അതിന്റെ സകല പ്രതാപവും കാണിച്ചിരുന്ന അക്കാലത്തു, ആശാനേ പോലുള്ള പ്രതിഭകൾക്ക് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. അപ്പോഴാണ്, നളിനിയുടെ അവതരികയിലൂടെ എ .ആർ ആ പ്രതിഭക്കു അർഹിക്കുന്ന ആദരവ് നേടിക്കൊടുത്തത്. അതിന്റ് ശേഷം ആശാൻ എ  ആറിനെ ഗുരു തുല്യനായി കരുതി വന്നു. അപ്പോൾ അദ്ദേഹത്തിന്റെ വിയോഗം എങ്ങനെ സഹിക്കും.

ഭാഷാശുദ്ധി , കാവ്യാ ഗുണങ്ങൾ ,അലങ്കാര പ്രയോഗങ്ങൾ , നൂതനാശയങ്ങൾ , സ്ത്രീ പുരുഷ ബന്ധത്തിന്റെ പവിത്രത, സൂക്ഷ്മ ഭാവങ്ങൾ എല്ലാം .ആർ  തിരിച്ചറിഞ്ഞു. .ആറിന്റെ അവതാരികയുമായി നളിനി വായന ലോകത്തു എത്തിയതോടെയാണ് ചെറു കവിതകളിലൂടെ മാത്രം അറിയപ്പെട്ട കുമാരനാശാൻ ഭാഷാ കവികളിൽ ഒന്നാം നിരയിലേക്കുയരാൻ തുടങ്ങിയത് .

രണ്ടു ചോദ്യങ്ങൾ ശാസ്ത്ര ലോകത്തോട് കവി ചോദിക്കുന്നു . ശരീര വിജ്ഞാന ശാഖയോടുള്ള ചോദ്യം.:മനുഷ്യ ജീവിതം സുഖകരം ആക്കുന്നതിനുള്ള ശ്രമം എവിടെ വരെയെന്നും ,അതിനു വേണ്ടി എത്ര നാളുകൾ ബദ്ധപ്പെടണം എന്നും. ഇതേ ചോദ്യമുന രാസ ഭൗതിക ശാസ്ത്ര വിഭാഗങ്ങളോടും നീട്ടുന്നു.

 

ഭാരതീയരുടെ സ്വന്തം ആയുർവേദത്തിലും വിദേശ ചികിത്സകളിലും പരാമർശിക്കപ്പെടുന്ന രോഗ നിവാരണ രീതികൾ ഏറെക്കുറെ അറിവുള്ള കവിയിൽ നിന്നും ചോദ്യങ്ങളുയരുന്നത് എന്തുകൊണ്ടായിരിക്കും ?

ഉത്തരവും കവി തന്നെ നൽകുന്നുണ്ട് .മരണം എന്ന പ്രതിഭാസം ആത്മീക ജീവിതം കാംക്ഷിക്കുന്നവർക്കുള്ള വിദ്യാലയമാണെന്നും മരണം നമ്മളെ പലതും പഠിപ്പിക്കും എന്നുമാണ് കവി ഉദ്ദേശിക്കുന്നതും പഠിപ്പിക്കുന്നതും .

രോഗനിവാരണ  മാർഗങ്ങൾ പലതാണ്. അത് പല ഘട്ടങ്ങളിലൂടെയാണ് ലക്ഷ്യത്തിലെത്തുന്നത്. ആദ്യഘട്ടം പരിശോധനകളും പിന്നെ അതിന്റെ വിശകലനങ്ങളും അതിലൂടെ എത്തുന്ന നിഗമനങ്ങളിലൂടെയുമാണ് രോഗനിർണയും അതിനു തക്കതായ ചികിത്സയും നൽകപ്പെടുന്നത് . സൗഖ്യം ഇതിന്റെയെല്ലാം അന്തിമം ആയ ഫലവും .

 

ഘട്ടങ്ങളിലെല്ലാം മനുഷ്യന്റെ കഴിവുകൾക്കതീതമായ ഒരദൃശ്യഘടകം പലപ്പോഴും പലർക്കും അനുഭവപ്പെടാറുണ്ട് . പലതരത്തിൽ ആയിരിക്കും അത് അനുഭവ വേദ്യം ആകുന്നതു. ഇത്തരത്തിലുള്ള അനുഭവങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നത് ശിഷ്ടായുസ്സു് ആശ്വാസകരം ആകാൻ സഹായിക്കും.മറ്റുള്ളവർക് ഒരു പ്രചോദനം ആകാനും സഹായിക്കും.

 

കഴിഞ്ഞ കാലങ്ങളിൽ പല തരത്തിലുള്ള രോഗ ബാധിതനായി പല ആശുപത്രികളിൽ കഴിയുമ്പോഴും, ഇത്തരത്തിലുള്ള ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.അത് പലപ്പോഴും പലരോടും ഞാൻ സൂചിപ്പിച്ചിട്ടും ഉണ്ട്. എന്നെ സ്നേഹിക്കുന്നവരുടെ ആഴമേറിയ കരുതലും പ്രാര്ഥനയോടൊപ്പം അദ്ഭുതകരമായ അദൃശ്യ കരം എന്നെ പിടിച്ചുയർത്തി. അനുഭവം എനിക്ക് എന്നും കരുതലും കോട്ടയും ആയി കൂടെ ഉണ്ടായിരിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള എന്റെ ചെറിയ അനുഭവങ്ങൾ നിങ്ങളുമായി പങ്കു വെയ്ക്കാൻ ഞാൻ ഇനിയും  താത്പര്യപ്പെടുന്നു.

 

നന്ദിപൂർവം ,

ബേബിkoottarazhikathu